റോയിട്ടേഴ്സ് ഫോട്ടോജേണലിസ്റ്റും പുലിറ്റ്സര്‍ ജേതാവുമായ ഡാനിഷ് സിദ്ദിഖിയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി താലിബാൻ. ഡാനിഷ് സിദ്ദിഖി എങ്ങനെ കൊല്ലപ്പെട്ടെന്നു അറിയില്ലെന്നും ഏറ്റുമുട്ടലിനിടെ അദ്ദേഹം അവിടെ ഉണ്ടായിരുന്നതായി അറിയില്ലായിരുന്നുവെന്നും താലിബാൻ വക്താവ് പ്രതികരിച്ചു. താലിബാൻ ഭീകരരും അഫ്ഗാൻ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ കാണ്ഡഹാറിൽ വെച്ചാണ് കഴിഞ്ഞ ദിവസം ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത്.
യുദ്ധമേഖലയിലെത്തുന്ന എല്ലാ മാധ്യമപ്രവര്‍ത്തകരും തങ്ങളെ വിവരമറിയിക്കണമെന്നും അവരെ പ്രത്യേകം സംരക്ഷിക്കുമെന്നും താലിബാൻ വക്താവ് സബിയുള്ളാ മുജാഹിദ് അറിയിച്ചു. ആരുടെ വെടിവെയ്പ്പിലാണ് ഡനിഷ സിദ്ദിഖി കൊല്ലപ്പെട്ടതെന്ന് അറിയില്ലെന്നും അദ്ദേഹം സിഎൻഎൻ – ന്യൂസ് 18നോടു പ്രതികരിച്ചു. അദ്ദേഹത്തിൻ്റെ മരണത്തിൽ ദുഃഖമുണ്ടെന്നും യുദ്ധമേഖലയിലെത്തുന്ന പല മാധ്യമപ്രവര്‍ത്തകരും തങ്ങളെ വിവരമറിയിക്കാറില്ലെന്നും താലിബാൻ വ്യക്തമാക്കി.
അഫ്ഗാൻ സുരക്ഷാസേനയും താലിബാനും തമ്മിൽ നടക്കുന്ന സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനായി പ്രത്യേക അസൈൻമെൻ്റിൻ്റെ ഭാഗമായാണ് ഡാനിഷ് സിദ്ദിഖി (38) അഫ്ഗാനിസ്ഥാനിലെത്തിയത്. യുഎസ് സൈന്യം അഫ്ഗാനിൽ നിന്ന് പിന്മാറുന്ന സാഹചര്യത്തിൽ താലിബാൻ ശക്തിയാര്‍ജിക്കുകയാണ്. അഫ്ഗാൻ സൈന്യത്തിനൊപ്പമായിരുന്നു ഡാനിഷ് സിദ്ദിഖി സഞ്ചരിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാൻ അതിര്‍ത്തിയ്ക്ക് അടുത്തുവെച്ചു നടന്ന ഒരു ആക്രമണത്തിൽ അദ്ദേഹം കൊല്ലപ്പെട്ടതായി ടോളോ വാര്‍ത്താ ഏജൻസി സ്ഥിരീകരിക്കുകയായിരുന്നുസ്പിൻ ബോള്‍ഡാക്കിലെ പ്രധാന ചന്തയുടെ നിയന്ത്രണം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിനിടെയാണ് താലിബാൻ ആക്രമിച്ചതെന്നാണ് അഫ്ഗാൻ സേന പറയുന്നത്. ഡാനിഷ് സിദ്ദിഖിയ്ക്കു പുറമെ ഒരു മുതിര്‍ന്ന സൈനികോദ്യോഗസ്ഥനും താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അവര്‍ വ്യക്തമാക്കി.
The Humvee in which I was travelling with other special forces was also targeted by at least 3 RPG rounds and other weapons. I was lucky to be safe and capture the visual of one of the rockets hitting the armour plate overhead. pic.twitter.com/wipJmmtupp— Danish Siddiqui (@dansiddiqui) July 13, 2021
അതേസമയം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി കേന്ദ്ര സർക്കാർ. കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇതിന് വേണ്ട നീക്കങ്ങൾ ആരംഭിച്ചതായാണ് സൂചന.
റെഡ് ക്രോസ് അന്താരാഷ്ട്ര സമിതിക്ക് മൃതദേഹം താലിബാൻ കൈമാറിയതായാണ് വിവരം. രണ്ട് ദിവസത്തിനകം മൃതദേഹം ഇന്ത്യയിൽ എത്തിച്ചേക്കും. ഇതിനായുള്ള നടപടികൾ തുടങ്ങിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.