അഗ്നിപഥ് പദ്ധതിക്കെതിരായ രാജ്യവ്യാപക പ്രതിഷേധം തുടര്‍ച്ചയായ മൂന്നാം ദിവസവും തുടരുന്നു.തെലങ്കാനയിലെ സെക്കന്തരാബാദില്‍ ഒരാള്‍ മരിച്ചുവെന്നും 15 പേര്‍ക്ക് പരിക്കേറ്റുവെന്നും എന്‍ഡിടിവി റിപ്പോര്‍ട്ടുചെയ്തു.രണ്ട് ട്രെയിനുകൾക്ക് സമരാനുകൂലികൾ തീയിട്ടു. ന്യൂഡൽഹി-ഭഗൽപൂർ വിക്രംശില എക്സ്പ്രസിനും ന്യൂഡൽഹി-ദർഭംഗ ബീഹാർ സമ്പർക്ക് ക്രാന്തി എക്സ്പ്രസുമാണ് പ്രതിഷേധക്കാർ അഗ്നിക്കിരയാക്കിയത്. ലഖിസരായ്, സമസ്തിപൂർ റെയിൽവേ സ്റ്റേഷനുകളിൽ വച്ചായിരുന്നു സംഭവം. പ്രതിഷേധക്കാർ സംസ്ഥാനത്തെ ഹൈവേകൾ തടയുകയും ചെയ്തു.റെയില്‍വെ ട്രാക്ക് ഉപരോധത്തെ തുടര്‍ന്ന് മൂന്ന് മണിക്കൂറോളം തീവണ്ടി ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. 350 ലേറെവരുന്ന പ്രതിഷേധക്കാരാണ് വെള്ളിയാഴ്ച രാവിലെ സെക്കന്തരാബാദ് റെയില്‍വെ സ്റ്റേഷനിലെത്തിയത്. ഇവരെ നിയന്ത്രിക്കാന്‍ ആവശ്യമായ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഈ സമയത്ത് സ്‌റ്റേഷനില്‍ ഉണ്ടായിരുന്നില്ല.അഗ്നിപഥ് പദ്ധതിക്കെതിരെ നടക്കുന്ന രാജ്യവ്യാപക പ്രതിഷേധം കത്തുകയാണ്.അതിനിടെ അഗ്നിപഥ് പ്രതിഷേധം ഇതുവരെ ഇരുനൂറ് ട്രെയിൻ സർവീസുകളെ ബാധിച്ചതായി ഇന്ത്യൻ റെയിൽവെ അറിയിച്ചിട്ടുണ്ട്. 35 ട്രെയിനുകള്‍ റദ്ദാക്കിയെന്നും 13 ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കിയെന്നും റെയിൽവെ അറിയിച്ചു. അക്രമം നടത്തുന്നതിൽ നിന്ന് പ്രതിഷേധക്കാർ വിട്ടുനിൽക്കണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി ആവശ്യപ്പെട്ടു. റെയിൽവേ വസ്തുവകകൾ നശിപ്പിക്കരുതെന്നും ട്രെയിനുകൾക്ക് നേരെ വ്യാപക ആക്രമണം നടക്കുന്ന സാഹചര്യത്തിൽ മന്ത്രി അഭ്യർത്ഥിച്ചു.അതേസമയം അഗ്നിപഥ് നിയമനം ഉടനെന്ന് കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെ. അടുത്ത രണ്ടുദിവസത്തിനുള്ളില്‍ വിജ്ഞാപനം പുറത്തിറങ്ങും. ഡിസംബറില്‍ പരിശീലനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘റിക്രൂട്ട്‌മെന്റ് നടപടികള്‍ ഉടന്‍ ആരംഭിക്കും. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ വിജ്ഞാപനം ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. പദ്ധതിക്കെതിരെ കാര്യങ്ങള്‍ അറിയാതെയാണ് യുവാക്കളുടെ പ്രതിഷേധം. യാഥാര്‍ഥ്യം തിരിച്ചറിഞ്ഞാല്‍ പദ്ധതിയില്‍ വിശ്വാസമുണ്ടാകുമെന്നും’- ജനറല്‍ മനോജ് പാണ്ഡെ കൂട്ടിച്ചേര്‍ത്തു
കോവിഡ് 19നെ തുടര്‍ന്ന് രണ്ടുവര്‍ഷത്തിലേറെയായി ആര്‍മി റിക്രൂട്ട്‌മെന്റ് നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. 2019-2020ന് ശേഷം കരസേനയില്‍ റിക്രൂട്ട്‌മെന്റ് നടന്നിട്ടില്ല.