
2024 ഓടെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും ശുദ്ധജലം എത്തിക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായി വിഭാവനം ചെയ്തതാണ് ജൽ ജീവൻ മിഷൻ പദ്ധതി.
തിരുവമ്പാടി മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലും ജല ജീവൻ മിഷൻ വഴി ശുദ്ധജലം ലഭ്യമാക്കും.
ആദ്യഘട്ടത്തിൽ കൊടിയത്തൂർ,കാരശ്ശേരി, കൂടരഞ്ഞി,തിരുവമ്പാടി പഞ്ചായത്തുകളിലും രണ്ടാം ഘട്ടത്തിൽ കോടഞ്ചേരി,പുതുപ്പാടി പഞ്ചായത്തുകളിലുമാണ് പദ്ധതി നടപ്പിലാക്കുക. കാരശ്ശേരി പഞ്ചായത്തിലെ എള്ളങ്ങൾ എന്ന സ്ഥലത്ത് 40 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കിലേക്ക് കൂളിമാട് വാട്ടർ അതോറിറ്റിയുടെ അധീനതയിലുള്ള പമ്പിങ് സ്റ്റേഷനിൽനിന്നും ശുദ്ധീകരിച്ച ജലം എത്തിക്കുന്നതാണ് പദ്ധതി. ഇവിടെനിന്നും കാരശ്ശേരി കൊടിയത്തൂർ പഞ്ചായത്തിലേക്കും തിരുവമ്പാടി അൻസില ഭവൻ കുന്നിലേക്കും കൂടരഞ്ഞി ഗോൾഡൻ ഹിൽ കുന്നിലേക്കും ടാങ്ക് നിർമ്മിച്ച് വെള്ളം സംഭരിച്ച് അവിടെനിന്നും വിതരണശൃംഖല വഴി വെള്ളം എത്തിക്കുന്നതാണ് പദ്ധതി.
ആദ്യഘട്ട പദ്ധതിക്ക് 242.6 കോടി രൂപയുടെ അടങ്കൽ ആണ് അംഗീകരിച്ചിട്ടുള്ളത്. 50% കേന്ദ്രസർക്കാർ,20% ശതമാനം സംസ്ഥാന സർക്കാർ,15% തദ്ദേശഭരണസ്ഥാപനങ്ങൾ 10% ഗുണഭോക്തൃവിഹിതം എന്നിങ്ങനെയാണ് ഫണ്ട് വിഹിതം.അതുകൂടാതെ ടാങ്കുകൾക്ക് ആവശ്യമായ സ്ഥലവും തദ്ദേശസ്ഥാപനങ്ങൾ കണ്ടെത്തണം. രണ്ടാംഘട്ടമായി ചാത്തമംഗലം പഞ്ചായത്തിലെ തണ്ണിക്കോട് മലയിൽ സ്ഥാപിക്കുന്ന പ്രധാന ടാങ്കിൽ നിന്നും 9 പഞ്ചായത്തുകളിലേക്ക് ശുദ്ധീകരിച്ച വെള്ളം എത്തിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി. ഇതിൽ പുതുപ്പാടി പഞ്ചായത്തിലെ ചെറുപ്ലാട്,കോടഞ്ചേരി പഞ്ചായത്തിലെ തെയ്യപാറ എന്ന സ്ഥലങ്ങളിലാണ് ടാങ്കുകൾക്കായി സ്ഥലം കണ്ടെത്തിയിട്ടുള്ളത്.
ഇവിടെനിന്നും വിതരണം ചെയ്യാൻ പ്രയാസം നേരിടുന്ന സ്ഥലങ്ങളിൽ പ്രത്യേകം പദ്ധതികൾ ഉണ്ടാക്കി ജല വിതരണം നടത്തും. രണ്ടാംഘട്ട പദ്ധതിക്ക് 572 കോടി രൂപയുടെ അടങ്കൽ ആണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്.ടാങ്കിന് ആവശ്യമായ സ്ഥലം വേഗത്തിൽ ഏറ്റെടുക്കാനും പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പ്രത്യേകം അജണ്ട വച്ച് ചർച്ച ചെയ്യുന്നതിനും ഇന്നത്തെ യോഗത്തിൽ തീരുമാനിച്ചു.ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ച ഓൺലൈൻ യോഗത്തിൽ പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി, കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡണ്ട്മാർ,സെക്രട്ടറിമാർ,വാട്ടർ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.

