കോഴിക്കോട് : സംസ്ഥാനത്ത് പ്രൈവറ്റ് ബസ്സ് ജീവനക്കാരുടെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം. ജില്ലയിൽ നാളെ 50 ഓളം കേന്ദ്രങ്ങളിൽ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചതായി കോഴിക്കോട് ജില്ലാ ബസ്സ് സംരക്ഷണ സമിതി. ഇതിന്റെ ഭാഗമായി കുന്ദമംഗലം, കൊടുവള്ളി, താമരശ്ശേരി തുടങ്ങിയ മേഖലകളിൽ പ്രതീകാത്മകമായി ബസ്സ് കയറു കെട്ടി വലിച്ചു കൊണ്ടുള്ള സമരം സംഘടിപ്പിക്കാനും കൂട്ടായ്മ തീരുമാനത്തിൽ എത്തി.
നാളെ 10 മണി മുതൽ 11 മണി വരെയാണ് സാമൂഹിക അകലം പാലിച്ചു കൊണ്ടുള്ള പ്രതിഷേധം സംഘടിപ്പിക്കുക. പ്ലക്കാർഡുകളും മുദ്രവാക്യങ്ങളും ഉയർത്തി ജീവനക്കാർ സമര കേന്ദ്രങ്ങളിൽ പ്രതിഷേധം അറിയിക്കും. മുഴുവൻ യൂണിയനുകളിലെയും ആളുകളെ ഉൾക്കൊള്ളിച്ചുള്ള സംഘടനയാണ് ബസ്സ് സംരക്ഷണ കൂട്ടായ്മ. ചെയർമാൻ മൂസ ,വൈസ് ചെയർമാൻ ബിജു പൂതകണ്ടി, അഭിലാഷ് ചാലിൽ പുറായിൽ,പി ടി സി ഗഫൂർ എന്നിവർ സമരത്തിന് നേതൃത്വം നൽകും
നിലവിൽ ബസ്സ് ചാർജ് വർദ്ധനവ് പിൻവലിച്ച സാഹചര്യത്തിൽ 30 % ത്തിനു താഴെ മാത്രമാണ് സംസ്ഥാനത്ത് പ്രൈവറ്റ് ബസ്സുകൾ ഓടുന്നത്. നിർത്തിയിട്ടാൽ സംഭവിക്കുന്ന കേടുപാടുകൾ ഓർത്ത് ഓടുന്ന ചിലരും ഇക്കൂട്ടത്തിലുണ്ട്. റോഡ്, ഇന്ധന ടാക്സുകളിൽ സർക്കാർ ഇളവുകൾ പ്രഖ്യാപിക്കാത്തതും, തൊഴിലാളികൾക്ക് വേണ്ട സഹായം എത്തിക്കാത്തതിനാലും ഏറെ ദുരിതത്തിലാണ് ബസ്സ് തൊഴിലാളികൾ.
ദിവസേന ഇന്ധന വില വർധിപ്പിക്കുന്ന സാഹചര്യത്തിൽ, പ്രൈവറ്റ് ബസ്സുകൾ പുറത്തിറക്കാൻ കഴിയാതെ ദുരിതം അനുഭവിക്കുന്ന തൊഴിലാളികളെ ഇനിയും സർക്കാരുകൾ കണ്ടില്ലയെന്നു നടിച്ചാൽ പ്രൈവറ്റ് ബസ്സ് മേഖലയെ ഇല്ലായ്മ ചെയ്യുന്നതിലേക്ക് വഴിമാറും. ക്ഷേമ നിധി നൽകുന്നുണ്ടെങ്കിലും തൊഴിലാളികളിൽ ഭൂരിഭാഗവും ക്ഷേമനിധിയിൽ അംഗമല്ലാത്തവരാണ്. സംസ്ഥാനത്ത് സാമ്പത്തിക ബാധ്യത മൂലം രണ്ടു ബസ്സ് ജീവനക്കാർ ഇതിനോടകം ആത്മഹത്യാ ചെയ്തു അതിൽ ഒരാൾ കോഴിക്കോട് ജില്ലയിൽ നിന്നുമുള്ള വ്യക്തിയാണ്.