
കുന്ദമംഗലത്തിന്റെ സാംസ്കാരിക ചരിത്രത്തിന്റെ മുഖമുദ്രയാവാനൊരുങ്ങി ഓപ്പൺ സ്റ്റേജ്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പൊതു സ്റ്റേജാണ് ബ്ലോക്ക് പഞ്ചായത്തിൻ്റെ 80 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിക്കുന്നത്.
നഗരത്തിന്റെ ഹൃദയ ഭാഗത്തുള്ള ഓപ്പൺ സ്റ്റേജ് കൂടുതൽ പേരെ ആകർഷിക്കുന്ന തരത്തിൽ സമഗ്രമായ പരിഷ്കരിച്ചു മനോഹരമാക്കാനാണു ബ്ലോക്ക് പഞ്ചായത്തിൻ്റെ തീരുമാനം.ഓപ്പൺ സ്റ്റേജ് ആരംഭിക്കുന്നതോടെ ഇവന്റുകൾക്കായി ഉപയോഗപ്പെടുത്താം. ഓപ്പൺ സ്റ്റേജ് യാഥാർഥ്യം ആവുന്നതോടെ സാംസ്കാരിക കൂട്ടായ്മകൾക്കുവേണ്ടി നഗരത്തിൽ വരുന്ന ഏറ്റവും പുതുമയുള്ള സംവിധാനമായി മാറും.നിലവിലുള്ള സ്റ്റേജ് നവീകരിച്ച് ഡ്രസ്സിംഗ് റൂം,ശുചിമുറി, ആധുനിക രീതിയിലുള്ള സൗണ്ട് സിസ്റ്റം, ശീതീകരിച്ച സ്റ്റേക് എന്നിവ നിർമ്മിക്കും. കൂടാതെ സ്റ്റേജിന് മുൻവശത്ത് മേൽക്കൂരയും ഒരുക്കും.ഒരേ സമയം 500 പേർക്ക് ഇരിക്കാനുള്ള സൗകര്യമാണ് ലക്ഷ്യമിടുന്നത്.ഗ്രൗണ്ടിൻ്റെ ചുറ്റുഭാഗത്ത് ചെടികൾ നട്ടുപിടിപ്പിച്ച് മനോഹരമാക്കി ഇരിപ്പിടം സ്ഥാപിക്കാനും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അരിയിൽ അലവി പറഞ്ഞു. സ്റ്റേജ് വരുന്നതോടെ കുന്ദമംഗത്തെ ഒരു പ്രധാന പ്രശ്നത്തിനാണ് പരിഹാരമാകുന്നത്. പരിപാടികൾ സംഘടിപ്പിക്കാൻ സൗകര്യങ്ങളോടെയുള്ള സ്ഥലം ഇല്ലാത്തത് കൊണ്ട് പല പരിപാടികളും സമീപത്തെ സ്കൂളിൽ വെച്ചാണ് സംഘടിപ്പിക്കാറുള്ളത്. എത്രയും പെട്ടന്ന് പണി പൂർത്തീകരിച്ച് സ്റ്റേജ് ജനങ്ങൾക്കായി തുറന്നു കൊടുക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി.

