ആലിയ ഭട്ട് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ‘ഗംഗുഭായ് കത്തിയവാടി’യ്‌ക്കെതിരെ ഗംഗുഭായിയുടെ ദത്തുപുത്രൻ ബാബു റാവുജി ഷായും ചെറുമകൾ ഭാരതിയും രംഗത്തെത്തി. ചിത്രം തങ്ങളുടെ അമ്മയെ മോശമായി ചിത്രീകരിച്ചു എന്നാണ് കുടുംബത്തിന്റെ ആരോപണം.
”എന്റെ അമ്മയെ ഒരു അഭിസാരികയാക്കി ചിത്രീകരിച്ചു, ജനങ്ങൾ എന്റെ അമ്മയെക്കുറിച്ച് പറയാൻ പാടില്ലാത്ത കാര്യങ്ങൾ പറയുന്നു’ ആജ് തകിന് നല്‍കിയ അഭിമുഖത്തില്‍ ബാബു റാവുജി പറഞ്ഞു. ട്രെയ്‌ലർ റിലീസ് ചെയ്തത് മുതൽ കുടുംബം മുഴുവൻ ഞെട്ടലിലാണെന്ന് അഭിഭാഷകൻ നരേന്ദ്ര വ്യക്തമാക്കുന്നു. ‘ഗംഗുഭായിയെ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്ന രീതി തീർത്തും തെറ്റാണ്. ഒരു സാമൂഹ്യപ്രവര്‍ത്തകയെ ആണ് അഭിസാരികയായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇത് ഏതെങ്കിലും കുടുംബത്തിന് ഇഷ്ടപ്പെടുമോ?’ നരേന്ദ്ര ചോദിക്കുന്നു.
2021ല്‍ ബാബു റാവുജി ചിത്രത്തിനെതിരെ ഹരജി സമർപ്പിച്ചതിനെ തുടർന്ന് മുംബൈ കോടതി സംവിധായകൻ സഞ്ജയ് ലീല ബൻസാലി, ആലിയ ഭട്ട് എന്നിവർക്കെതിരെ സമൻസ് അയച്ചിരുന്നു. പിന്നീട് ബോംബെ ഹൈക്കോടതി സിനിമയ്‌ക്കെതിരേയുള്ളു ക്രിമിനൽ അപകീർത്തി നടപടികൾക്ക് ഇടക്കാല സ്റ്റേ നൽകുകയും ചെയ്തു.
ഹുസ്സൈന്‍ സൈദിയുടെ മാഫിയ ക്വീന്‍സ്സ് ഓഫ് മുംബൈ എന്ന പുസ്തകത്തിലെ ഒരു ഭാഗത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്ന ഗംഗുഭായ് കത്തിയവാടി ഫെബ്രുവരി 25നാണ് തിയേറ്ററുകളിലെത്തുന്നത്. പദ്മാവതിന് ശേഷം സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം നിർവഹിക്കുന്നത് ബന്‍സാലി പ്രൊഡക്ഷന്‍സും പെന്‍ ഇന്ത്യയും ചേര്‍ന്നാണ് സുദീപ് ചാറ്റര്‍ജിയാണ് ക്യാമറ ഗാനങ്ങള്‍ സഞ്ജയ് ലീലാ ബന്‍സാലി. ശന്തനു മഹേശ്വരി, വിജയ് റാസ്, ഹുമാ ഖുറേശി എന്നിവരും ചിത്രത്തിലുണ്ട്.