ജനറൽ ബോഡി മീറ്റിംഗിലെ ദൃശ്യം പകർത്തിയ സംഭവത്തിൽ ഷമ്മി തിലകനോട് വിശദീകരണം തേടുമെന്ന് മലയാള സിനിമാ അഭിനേതക്കളുടെ സംഘടനയായ എഎംഎംഎ. ഇതിനായി പ്രത്യേക കമ്മറ്റിയെ രൂപീകരിച്ചതായി എഎംഎംഎ വൈസ് പ്രസിഡന്റ് മണിയൻപിള്ള രാജു പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച നടന്ന എഎംഎംഎയുടെ ജനറൽ ബോഡി യോഗത്തിനിടെ ഷമ്മി തിലകൻ കമ്മിറ്റിയിൽ നടക്കുന്ന ചർച്ചകൾ മൊബൈൽ ക്യാമെറയിൽ പകർത്തിയത് ഏറെ വിവാദമായിരുന്നു.സംഭവത്തിൽ ഷമ്മി തിലകനോട് വിശദീകരണം തേടാൻ അമ്മ എക്സിക്യൂട്ടീവിൽ തീരുമാനമായി
അതേസമയം മമ്മൂട്ടിയടക്കമുള്ള താരങ്ങൾ ഷമ്മിക്കെതിരേ നടപടിയെടുക്കരുതെന്ന അഭ്യർഥന നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ എഎംഎംഎ ജനറൽ ബോഡിയിൽ ഷമ്മി തിലകനെ താക്കീത് ചെയ്തിരുന്നു. എന്നാൽ നടനെതിരെ നടപടി ആവശ്യമാണെന്ന് താരങ്ങളിൽ ചിലർ ഉറച്ച് നിന്നു. തുടർന്നാണ് വിഷയം അടുത്ത അടുത്ത എക്സിക്യൂട്ടീവ് യോഗത്തിൽ ചർച്ച ചെയ്യാൻ ധാരണയായത്.
സ്ത്രീകളുടെ പ്രശ്ന പരിഹരിക്കുന്നതിന് വേണ്ടി ഇൻ്റേണൽ കമ്മിറ്റി സംഘടനയിൽ ഉണ്ടെന്ന് അമ്മ പ്രസിഡൻ്റ് മോഹൻ ലാൽ പറഞ്ഞു. ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഡബ്ള്യൂസിസി അംഗങ്ങൾ സംഘടനയിൽ ഇൻ്റേണൽ കമ്മിറ്റിയുടെ ആവശ്യകതയെ കുറിച്ച് സംസാരിക്കുകയും കമ്മിറ്റി വേണമെന്ന് സതി ദേവി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനു മറുപടിയായാണ് മോഹൻലാൽ ഇൻ്റേണൽ കമ്മിറ്റി ഉണ്ടെന്ന് അറിയിച്ചത്.