സിനിമ നിർമിക്കാൻ ആവശ്യമായ ഫണ്ടിന് വേണ്ടി വേറിട്ടൊരു ആശയവുമായി ഐ എഫ് എഫ് കെ നഗരിയിൽ ഫിലിം കളക്റ്റീവ് ബറാക്ക.പഴയതും പുതിയതുമായ സിനിമകളുടെ പോസ്റ്റർ വില്പന നടത്തി സിനിമ നിർമിക്കാനുള്ള പണം കണ്ടെത്തുകയാണ് കോഴിക്കോടിൽ നിന്നുള്ള യുവതീ യുവാക്കളുടെ കൂട്ടായ്മയായ ബറാക്ക. സിനിമയോടുള്ള ഇഷ്ടം കൊണ്ട് നിരവധി പേർ പോസ്റ്ററുകൾ അന്വേഷിച്ച് വരുന്നതായി സംഘാടകർ പറഞ്ഞു. തങ്ങളുടെ കൈയിൽ ഇല്ലാത്ത പോസ്റ്ററുകൾ പ്രിൻറ് ചെയ്ത് എത്തിച്ചുകൊടുക്കുമെന്നും അവർ പറഞ്ഞു.
സിനിമയെ പ്രണയിക്കുന്നവരുടെ കൂടായ്മയായ ബറാക്ക നിരവധി സിനിമകൾ നിർമിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ഷോർട്ട് ഫിലിം ഫെസ്റ്റിവെലിൽ ഇവരുടെ രാത്രിയിലും കണ്ണ് കാണുന്ന പെണ്ണുങ്ങൾ എന്ന ചിത്രം പ്രദർശിപ്പിച്ചിരുന്നു. നിലവിൽ ഇവരുടെ കാക്കത്തൊള്ളായിരം കമ്യൂണിസ്റ്റുകാർ എന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ജോലികൾ നടന്നു കൊണ്ടിരിക്കുകയാണ്.ഫലസ്തീൻ ജനതക്ക് വേണ്ടി പ്രതിഷേധിക്കാനിറങ്ങുന്ന ഒരു ഗ്രാമത്തിന്റെ കഥ പറയുന്ന ചിത്രമാണ് കാക്കത്തൊള്ളായിരം കമ്യൂണിസ്റ്റുകാർ. രഷ്ട്രീയം പറയുന്നത് മോശമാണെന്ന് കരുതുന്ന ഈ നൂറ്റാണ്ടിൽ രാഷ്ട്രീയം പറയേണ്ടത് അത്യാവശ്യമാണെന്ന് ഈ സിനിമയിലൂടെ കാണിക്കാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നതെന്നും ലോകത്ത് അടിച്ചമർത്തപ്പെട്ടവരുടെ കൂടെ നിൽക്കുന്ന കലയെയാണ് ഈ ചിത്രത്തിലൂടെ തങ്ങൾ കാണിക്കുന്നതെന്നും ഇതിന്റെ അണിയറ പ്രവർത്തകർ പറഞ്ഞു.