ഇന്തോനേഷ്യയിൽ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഇന്ന് വീണ്ടും കൂടിക്കാഴ്ച നടത്തി. തുടർന്ന് ഇരു നേതാക്കളും ചേർന്ന് പുതിയ യുകെ-ഇന്ത്യ യങ് പ്രൊഫഷണൽ സ്‌കീമിന് തുടക്കം കുറിച്ചു. ഇന്ത്യയിൽ നിന്നുള്ള ചെറുപ്പക്കാർക്ക് യുകെയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കാൻ ഉദ്ദേശിച്ചു കൊണ്ടുള്ള പദ്ധതിയാണിത്.
ഇത് അനുസരിച്ച്, 18 വയസ്സു മുതൽ 30 വയസ്സ് വരെ പ്രായമുള്ള ബിരുദധാരികളായ ഇന്ത്യൻ പൗരന്മാർക്ക് യുകെയിൽ രണ്ട് വർഷം വരെ ജോലി ചെയ്യാൻ അവസരം ലഭിക്കും. ഇതിനായി യുകെ പ്രതിവർഷം 3,000 ത്തോളം തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഇന്ന് യുകെ-ഇന്ത്യ യംഗ് പ്രൊഫഷണൽസ് സ്കീം യാഥാർഥ്യമാവുകയാണെന്നും ഇതിന്റെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ള യുവാക്കൾക്ക് രാജ്യത്ത് താമസിക്കാനും ജോലി ചെയ്യാനും ഓരോ വർഷവും 3,000 വിസ ലഭ്യമാക്കാൻ യുകെ പ്രധാനമന്ത്രി ഋഷി സുനക് അനുമതി നൽകിയതായും യുകെ പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ വർഷം അംഗീകരിച്ച യുകെ-ഇന്ത്യ മൈഗ്രേഷൻ ആന്റ് മൊബിലിറ്റി പങ്കാളിത്തത്തിന്റെ പ്രാധാന്യം ചൂണ്ടികാണിച്ചു കൊണ്ട് ഇത്തരമൊരു പദ്ധതിയിൽ നിന്ന് പ്രയോജനം നേടുന്ന ആദ്യത്തെ രാജ്യമാണ് ഇന്ത്യയെന്ന് ബ്രിട്ടീഷ് സർക്കാർ പറഞ്ഞു.
“ഇന്ത്യയുമായി നമുക്ക് ആഴത്തിലുള്ള സാംസ്കാരികവും ചരിത്രപരവുമായ ബന്ധത്തിന്റെ അവിശ്വസനീയമായ മൂല്യം എനിക്ക് നേരിട്ട് അറിയാം. നമ്മുടെ സമ്പദ്‌വ്യവസ്ഥകളെയും സമൂഹങ്ങളെയും കൂടുതൽ സമ്പന്നമാക്കുന്ന ഇന്ത്യയിലെ മിടുക്കരായ യുവാക്കൾക്ക് യുകെയിലെ ജീവിതം വാഗ്ദാനം ചെയ്യുന്നതെല്ലാം അനുഭവിക്കാൻ കൂടുതൽ അവസരം ലഭിക്കുമെന്നതിൽ ഞാൻ സന്തുഷ്ടനാണ് ”ഋഷി സുനക് പറഞ്ഞു.
ഇന്തോ-പസഫിക് മേഖലയിലെ മറ്റ് രാജ്യങ്ങളേക്കാൾ തങ്ങൾക്ക് ഇന്ത്യയുമായി കൂടുതൽ ബന്ധമുണ്ടെന്ന് ബ്രിട്ടീഷ് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. യുകെയിലെ മൊത്തം അന്താരാഷ്‌ട്ര വിദ്യാർത്ഥികളിൽ നാലിലൊന്ന് പേരും ഇന്ത്യയിൽ നിന്നുള്ളവരാണ്, യുകെയിലെ ഇന്ത്യൻ നിക്ഷേപം ശക്തമാണ്. യുകെയിലുടനീളം 95,000 ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഇതിലൂടെ കഴിഞ്ഞിട്ടുണെന്നും ഇതിൽ പറയുന്നു.
നിലവിൽ യുകെ ഇന്ത്യയുമായി ഒരു വ്യാപാര കരാറിൽ ഏർപ്പെടുന്നതിനുള്ള ചർച്ചകളിലാണെന്ന് യുകെ സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. കരാർ അംഗീകരിക്കപ്പെടുകയാണെങ്കിൽ ഒരു യൂറോപ്യൻ രാജ്യവുമായി ഇന്ത്യ നടത്തുന്ന ഇത്തരത്തിലുള്ള ആദ്യത്തെ ഇടപാടായിരിക്കും ഇതെന്നും യുകെ സർക്കാർ അറിയിച്ചു. ” കരാർ ഏകദേശം 24 ബില്യൺ പൗണ്ട് മൂല്യമുള്ളതാണ്. ഈ വ്യാപാര കരാറിലൂടെ യുകെയും ഇന്ത്യയും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്താൻ കഴിയും മാത്രമല്ല ഇന്ത്യയുടെ വളരുന്ന സമ്പദ്‌വ്യവസ്ഥ നൽകുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താൻ യുകെയ്ക്ക് അവസരം ലഭിക്കുകയും ചെയ്യും,” പ്രസ്താവനയിൽ പറയുന്നു.
ബാലിയിൽ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി ചൊവ്വാഴ്ച അനൗപചാരികമായി കൂടിക്കാഴ്ച നടത്തുകയും വിവിധ വിഷയങ്ങളിൽ വീക്ഷണങ്ങൾ കൈമാറുകയും ചെയ്തിരുന്നു.