information News

അറിയിപ്പുകൾ

കേരള ട്രഷറി വകുപ്പിൽ ഡാറ്റാ ബേസ് അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്നു
കേരള ട്രഷറി വകുപ്പിൽ കരാറടിസ്ഥാനത്തിൽ ഡാറ്റാ ബേസ് അഡ്മിനിസ്‌ട്രേറ്ററെ (DBA) നിയമിക്കുന്നു. തിരുവനന്തപുരത്തെ ഡയറക്ടറേറ്റ് ഓഫ് ട്രഷറീസിലായിരിക്കും നിയമനം.
അംഗീകൃത സർവകലാശാലകളിൽ നിന്ന് B.Tech (CS/IT)/ M.Tech (CS/IT)/ MCA or MSc (CS/IT), IBM DB2 സർട്ടിഫൈഡ് ഡാറ്റാ ബേസ് അഡ്മിനിസ്‌ട്രേറ്റർ സർട്ടിഫിക്കേഷൻ ലഭിച്ചവരായിരിക്കണം ഉദ്യോഗാർത്ഥികൾ. കേന്ദ്ര/സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലോ, പൊതുമേഖലാ സ്ഥാപനങ്ങളിലോ, പ്രമുഖ സ്വകാര്യ കമ്പനികളിലോ IBM DB2 സർട്ടിഫൈഡ് ഡാറ്റാ ബേസ് അഡ്മിനിസ്‌ട്രേറ്റർ എന്ന നിലയിൽ ഡാറ്റാ സെൻററുമായി ബന്ധപ്പെട്ടുള്ള അഞ്ച് വർഷത്തിന് മുകളിലുള്ള പ്രവർത്തിപരിചയം ഉണ്ടാവണം. സർക്കാർ പദ്ധതികളിൽ പ്രവർത്തിച്ച പരിചയം അഭിലഷണീയം. മാസം 85,000 രൂപയാണ് വേതനം. അപേക്ഷകർക്ക് 22 വയസ്സ് പൂർത്തിയായിരിക്കണം. ഉയർന്ന പ്രായപരിധി 50 വയസ്സ്. www.treasury.kerala.gov.in ലെ ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പകർപ്പ് career.treasury@kerala.gov.in ലും സമർപ്പിക്കാമെന്ന് ജോയിന്റ് ഡയറക്ടർ ഓഫ് ട്രഷറീസ് അറിയിച്ചു.

നെയ്യാറ്റിൻകര പോളിടെക്‌നിക്കിൽ സ്‌പോട്ട് അഡ്മിഷൻ
നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിലെ വിവിധ ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിൽ മൂന്നാം ഘട്ട സ്‌പോട്ട് അഡ്മിഷൻ 18ന് നടക്കും. 2021-22 അധ്യയന വർഷത്തെ ഡിപ്ലോമ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ അസൽ രേഖകളും മതിയായ ഫീസും സഹിതം എത്തണം.
രാവിലെ 9 മുതൽ 10 വരെ ഒന്നു മുതൽ അവസാന റാങ്ക് വരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ സംവരണ വിഭാഗക്കാരും (സ്ട്രീം 1), 11 മുതൽ 12 വരെ ഒന്നു മുതൽ അവസാന റാങ്ക് വരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ ജനറൽ വിഭാഗക്കാരും, ഉച്ചയ്ക്ക് 1 മുതൽ 2 വരെ ഒന്നു മുതൽ അവസാന റാങ്ക് വരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള സംവരണം ഉൾപ്പെടെ എല്ലാ വിഭാഗക്കാരും (സ്ട്രീം 2) എത്തണം.
വിദ്യാർഥികൾ സമയപരിധിക്കകത്ത് സ്ഥാപനത്തിലെത്തി രജിസ്‌ട്രേഷൻ നടത്തണം. എല്ലാ സർട്ടിഫിക്കറ്റുകളുടെയും ടി.സിയുടെയും അസൽ ഹാജരാക്കണം. പ്രവേശനം ലഭിക്കുന്ന, ഫീസ് ആനുകൂല്യമുള്ള വിദ്യാർഥികൾ 1,000 രൂപയും മറ്റുള്ളവർ 3,780 രൂപയും അടയ്ക്കണം. പി.ടി.എ ഫണ്ട് ഒഴികെയുള്ള എല്ലാ ഫീസും ഡെബിറ്റ്/ ക്രഡിറ്റ് കാർഡ് വഴി അടയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: polyadmission.org, gptcnta.ac.in, 9446075515, 9446903873.

‘ഫുഡി വീൽസ്’ 20 ഇടങ്ങളിൽക്കൂടി ഉടൻ തുടങ്ങും : മന്ത്രി പി.എ. മുഹമ്മദ് റിയാസ്
വിനോദ സഞ്ചാര, ഗതാഗത വകുപ്പുകൾ കൈകോർത്ത് സംസ്ഥാനത്തെ 20 പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ‘ഫുഡി വീൽസ്’ റസ്റ്ററന്റുകൾ തുറക്കുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഗതാഗതം നിർത്തിയ പഴയ പാലങ്ങളിൽ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഭക്ഷണശാലകൾ തുറക്കുന്ന പദ്ധതിയും ഉടൻ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ടൂറിസം മേഖലയിലെ ഹോട്ടലുകളുടേയും റിസോട്ടുകളുടേയും ഉത്തരവാദിത്ത ടൂറിസം ക്ലാസിഫിക്കേഷൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കെ.എസ്.ആർ.ടി.സി. ഡബിൾ ഡെക്കർ ബസിന്റെ മാതൃകയിൽ വൈക്കം കായലോരത്ത് ആരംഭിച്ച ‘ഫുഡി വീൽസ്’ റസ്റ്ററന്റിന്റെ മാതൃകയിലാണ് 20 ടൂറിസം കേന്ദ്രങ്ങളിൽക്കൂടി ഉടൻ പദ്ധതി ആരംഭിക്കുകയെന്നു മന്ത്രി പറഞ്ഞു. പ്രാദേശിക ഭക്ഷണമാകും ഇവിടെ വിളമ്പുന്നത്. ചെലവു ചുരുക്കി റസ്റ്ററന്റുകൾ തുറക്കാൻ കഴിയുമെന്നതും കൂടുതൽ ആളുകൾക്കു തൊഴിൽ നൽകാൻ കഴിയുമെന്നതും പദ്ധതിയുടെ പ്രത്യേകതയാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ‘ഫുഡി വീൽസ്’ ആരംഭിക്കാനാണു ടൂറിസം വകുപ്പിന്റെ പദ്ധതി.
പുതിയ പാലം നിർമിച്ചതിനെത്തുടർന്നു ഗതാഗതം നിർത്തിയ പഴയ പാലങ്ങളിലാണു പൊതുമരാമത്ത് വകുപ്പുമായി ചേർന്നു ഹോട്ടൽ സംവിധാനം ആരംഭിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ ഈ രീതി നിലവിലുണ്ട്. വിവിധ സർക്കാർ വകുപ്പുകളുടെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി നൂതന പദ്ധതികൾ ടൂറിസം വകുപ്പ് ആലോചിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
പരിസ്ഥിതി സംരക്ഷണം, പ്രാദേശിക സാമ്പത്തിക വികസനം, അനുഭവവേദ്യ ടൂറിസം, കലാ-സാംസ്‌കാരിക സംരക്ഷണം, ടൂറിസം മേഖലയുടെ സുസ്ഥിര വികസനം എന്നിവയ്ക്ക് ഊന്നൽ നൽകിയാണ് ടൂറിസം വകുപ്പ് ഉത്തരവാദിത്ത ടൂറിസം ക്ലാസിഫിക്കേഷൻ നടത്തുന്നത്. സംസ്ഥാനത്ത് എത്തുന്ന വിനോദ സഞ്ചാരികൾക്ക് ഇഷ്ടപ്പെട്ട മേഖലയിലെ ഹോട്ടലോ റസ്റ്ററന്റോ തെരഞ്ഞെടുക്കാൻ ഇതിലൂടെ കഴിയും. ഹോട്ടലുകളുടേയും റസ്റ്ററന്റുകളുടേയും പ്രവർത്തനത്തിലെ പ്രാദേശിക പങ്കാളിത്തം, നാടൻ വിഭവങ്ങളുടെ പ്രോത്സാഹനം, സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും നൽകുന്ന പരിഗണന തുടങ്ങി നിരവധി വിഷയങ്ങൾ പരിഗണിച്ചാണു ക്ലാസിഫൈ ചെയ്യുന്നത്. ആർ.ടി. സിൽവർ, ആർ.ടി. ഗോൾഡ്, ആർ.ടി. ഡയമണ്ട് എന്നിങ്ങനെയാകും തരംതിരിക്കുകയെന്നു മന്ത്രി പറഞ്ഞു. പരിസ്ഥിതി മേഖലയിൽ 80 ശതമാനത്തിനു മേൽ മാർക്ക് ലഭിക്കുന്നവർക്കു ഗ്രീൻ ക്ലാസിഫിക്കഷൻ സർട്ടിഫിക്കറ്റ് നൽകുമെന്നും മന്ത്രി പറഞ്ഞു. ടൂറിസം വകുപ്പിന്റെ വിവിധ സ്‌കീമുകളുമായി ബന്ധപ്പെട്ട അപേക്ഷകൾക്കുള്ള ഓൺലൈൻ പോർട്ടലും മന്ത്രി ഉദ്ഘാടനം ചെയ്തു.
മാസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷത വഹിച്ചു. ടൂറിസം ഡയറക്ടർ വി.ആർ. കൃഷ്ണ തേജ മൈലവരപ്പ്, ഉത്തരവാദിത്ത ടൂറിസം മിഷൻ കോ-ഓർഡിനേറ്റർ കെ. രൂപേഷ് കുമാർ, കേരള ട്രാവൽ മാർട്ട് പ്രസിഡന്റ് ബേബി മാത്യു സോമതീരം, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ജി.എൽ. രാജീവ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഐ.എച്ച്.ആർ.ഡി എൻജിനിയറിങ് കോളേജിൽ ബി.ടെക് സ്‌പോട്ട് അഡ്മിഷൻ
സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള എൻജിനിയറിങ് കോളേജുകളിൽ മൂന്നാം ഘട്ട അലോട്ട്‌മെന്റിനു ശേഷം ഒഴിവു വരുന്ന ബി.ടെക് സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും. വിദ്യാർത്ഥികൾ കോളേജുകളിൽ ബന്ധപ്പെടണം. ഇലക്‌ട്രോണിക്‌സ് ആൻഡ് ബയോമെഡിക്കൽ എൻജിനിയറിങ്, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ് എന്നീ വിഷയങ്ങളിലാണ് ഒഴിവ്. വിശദവിവരങ്ങൾക്ക്: ആറ്റിങ്ങൽ(8547005037), ചെങ്ങന്നൂർ(8547005032), കരുനാഗപ്പള്ളി(8547005036), കല്ലുപ്പാറ (8547005034), കൊട്ടാരക്കര(8547005039), ചേർത്തല(8547005038), അടൂർ(8547005100), പൂഞ്ഞാർ(8547005035), തൃക്കാക്കര(8547005097).

ഡിഗ്രി സീറ്റൊഴിവ്

താനൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഒന്നാം സെമസ്റ്റര്‍ (2021-22) ബി.എസ്‌സി ഇലക്ട്രോണിക്‌സ്, ബി.എ ഇംഗ്ലീഷ്, ബിബിഎ, ബി കോം കംപ്യൂട്ടര്‍ ആപ്ലികേഷന്‍, ബി.സിഎ വിഭാഗങ്ങളില്‍ എസ് ടി കാറ്റഗറിയിലും ബി കോം കംപ്യൂട്ടര്‍ ആപ്ലികേഷന്‍, ബി.ബി.എ വിഭാഗങ്ങളില്‍ എസ്‌സി കാറ്റഗറിയിലും ഒഴിവുകള്‍ ഉണ്ട്. എസ് സി/എസ് ടി കാറ്റഗറിക്കാരുടെ അഭാവത്തില്‍ അര്‍ഹരായ ഒ.ഇ.സി വിഭാഗക്കാരെയും പരിഗണിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. താല്പര്യമുള്ളവര്‍ നവംബര്‍ 18ന് രാവിലെ 10 മണിക്ക് അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളുമായി കോളേജില്‍ നേരിട്ട് ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് കോളേജ് വെബ്‌സൈറ്റ് gctanur.ac.in സന്ദര്‍ശിക്കുക.

നന്മണ്ട ഉപതെരഞ്ഞെടുപ്പ്;
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലാ പഞ്ചായത്ത് നന്മണ്ട ഡിവിഷനിലെ രാഷ്ട്രീയ പാര്‍
ട്ടി പ്രതിനിധികളുടെ യോഗം എഡിഎം സി. മുഹമ്മദ് റഫീഖിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റിൽ ചേര്‍ന്നു. ഡിസംബര്‍ ഏഴിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ അവധി ദിവസമൊഴികെ നവംബര്‍ 19 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയം. കോവിഡ് മാനദണ്ഡം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ സ്ഥാനാര്‍ഥിക്കൊപ്പം പരമാവധി അഞ്ചു പേര്‍ മാത്രം പങ്കെടുത്താല്‍ മതിയെന്ന് യോഗത്തില്‍ തീരുമാനിച്ചു. ഡിസംബര്‍ ഏഴിന് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് മണി വരെയായിരിക്കും വോട്ടെടുപ്പ്. നാല് ഗ്രാമപഞ്ചായത്തുകളിലായി 77 പോളിംഗ് സ്‌റ്റേഷനുകളാണുള്ളത്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഈ മാസം 10 മുതല്‍ മാതൃകാ പെരുമാറ്റം ചട്ടം നിലവില്‍ വന്നിട്ടുണ്ടെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ പെരുമാറ്റചട്ടം പാലിക്കണമെന്നും എഡിഎം നിര്‍ദ്ദേശിച്ചു.

സൂക്ഷ്മ പരിശോധന 20ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി നവംബര്‍ 22 ആണ്. ഡിസംബര്‍ എട്ടിന് രാവിലെ 10ന് വോട്ടെണ്ണല്‍ ആരംഭിക്കും. തെരഞ്ഞെടുപ്പ് ഉപകരണങ്ങളുടെ വിതരണവും വോട്ടെണ്ണലും ചേളന്നൂര്‍ എസ്എന്‍ജി കോളജില്‍ നടക്കും. യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കോവിഡ് നിയമലംഘനം: 59 കേസുകൾ രജിസ്റ്റർ ചെയ്തു

ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 59 കേസുകൾ രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടം കൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിനും റൂറലിൽ നാല് കേസുകൾ രജിസ്റ്റർ ചെയ്തു. നഗര പരിധിയിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ല. മാസ്ക് ധരിക്കാത്തതിന് റൂറലിൽ 27 കേസുകളും നഗര പരിധിയിൽ 28 കേസുകളും രജിസ്റ്റർ ചെയ്തു.
ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ ജന്മദിനം:
പ്രൊബേഷന്‍ വാരാചരണത്തിന് ജില്ലയിൽ തുടക്കം

ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ജന്മദിനത്തോടനുബന്ധിച്ച് നടത്തുന്ന പ്രൊബേഷന്‍ വാരാചരണത്തിന് ജില്ലയിൽ തുടക്കം. ജില്ലാതല ഉദ്ഘാടനം ജില്ലാ ജഡ്ജും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍പേഴ്‌സണുമായ പി. രാഗിണി ജില്ലാ കോടതി കോണ്‍ഫറന്‍സ് ഹാളില്‍ നിർവഹിച്ചു.

കേരളത്തിലെ പ്രൊബേഷൻ സംവിധാനം മെച്ചപ്പെടുത്തുന്നതിനും ഇതുമായി ബന്ധപ്പെട്ട വകുപ്പുകളായ ജയിൽ, പോലീസ്, പ്രോസിക്യൂഷൻ തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനുമായാണ് ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യരുടെ ജന്മദിനം പ്രൊബേഷൻ ദിനമായി ആചരിച്ചുവരുന്നത്. ജനങ്ങളിൽ നല്ലനടപ്പു സംവിധാനത്തെക്കുറിച്ചും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരുടെ പരിവർത്തനോന്മുഖ ജീവിതസമ്പ്രദായത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുക, ജയിൽ ഇതരമായ ശിക്ഷാ സമ്പ്രദായം വ്യാപിപ്പിക്കുക തുടങ്ങിയവയാണ് ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റ നേതൃത്വത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

ചടങ്ങിൽ കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ.ഫാത്തിമാ ബീവി അധ്യക്ഷത വഹിച്ചു. സബ് ജഡ്ജും ഡിഎല്‍എസ്എ കോഴിക്കോട് സെക്രട്ടറിയുമായ എം.പി.ഷൈജല്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സാമൂഹ്യനീതി ഓഫീസർ അഷ്റഫ് കാവിൽ, റിട്ട. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.എം. തോമസ് എന്നിവർ സെമിനാർ അവതരിപ്പിച്ചു. ജില്ലാ പ്രൊബേഷൻ ഓഫീസർ പി.ഇ.വിനീത കുമാരി, കാലിക്കറ്റ് ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. പി.കെ.നിർമ്മല, ഡിഎൽഎസ്എ പാനൽ അഡ്വക്കേറ്റ് വി.പി.രാധാകൃഷ്ണൻ, ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. കെ.എൻ.ജയകുമാർ, സിറ്റി പ്രൊബേഷൻ ഓഫീസർ കെ.മുഹമ്മദ് ജാബിർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഡിഗ്രി സീറ്റൊഴിവ്

മലപ്പുറം സര്‍ക്കാര്‍ കോളേജില്‍ ഒന്നാം വര്‍ഷ ബി.എ ഉറുദു (പി.എച്ച്-2, ലക്ഷദ്വീപ് 1, എസ്.സി- 7), ബി.എസ്.സി ഫിസിക്‌സ് (എസ്.സി-3, പി.എച്ച്-2, ലക്ഷദ്വീപ്- 1), ബി.എസ്.സി കെമിസ്ട്രി (പി.എച്ച്- 2, ലക്ഷദ്വീപ്-1, എസ്.സി -3), ബി.എ എക്കണോമിക്‌സ് (ലക്ഷദ്വീപ്-1), ബി.എ അറബിക് (എസ്.സി 12, ലക്ഷദ്വീപ്- 1) വിഷയങ്ങളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ നവംബര്‍ 18ന് രാവിലെ 10 മണിക്ക് രേഖകള്‍ സഹിതം ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

ലഹരി വസ്തുക്കളിൽ നിന്ന് മോചനം തേടുന്നവർക്കായി പുകയില നിയന്ത്രണ ക്ലിനിക്

പുകയില ഉൾപ്പടെയുള്ള ലഹരി വസ്തുക്കളിൽ നിന്ന് മോചനം തേടുന്നവർക്കായി കോഴിക്കോട് സർക്കാർ ജനറൽ ആശുപത്രി ( ബീച്ച് ആശുപത്രി) യിൽ പ്രത്യേക പുകയില നിയന്ത്രണ ക്ലിനിക് പ്രവർത്തിക്കുന്നതായി ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെ നോഡൽ ഓഫീസർ ഡോ. വിപിൻ വർക്കി അറിയിച്ചു. ജീവിത ശൈലീ രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ആരംഭിച്ച ക്ലിനിക്കിൽ പുകവലി, ഗുഡ്ക ഉപയോഗം,മദ്യപാനം, മയക്കുമരുന്നുകളുടെ ഉപയോഗം തുടങ്ങിയവ പൂർണ്ണമായി ഉപേക്ഷിക്കാനും ആരോഗ്യകരമായ ജീവിതത്തിലേക്ക് മടങ്ങിവരാനും സഹായകമാകുന്ന രീതിയിൽ ബഹുമുഖ രീതിയിലുള്ള ചികിത്സയാണ് സജ്ജീകരിച്ചിട്ടുള്ളത്. വ്യക്തിഗത കൗൺസലിങ്, കുടുംബാംഗങ്ങൾക്കുള്ള കൗൺസലിംഗ്, സാമൂഹ്യ മന:ശാസ്ത്ര പിന്തുണ, സാമൂഹ്യശീല മാറ്റങ്ങൾക്കുവേണ്ടിയുള്ള ബോധവൽക്കരണങ്ങൾ , കൗമാരക്കാർക്കും രക്ഷിതാക്കൾക്കുമുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ തുടങ്ങിയവയാണ് ക്ലിനിക്കിന്റെ പ്രധാന പ്രവർത്തനങ്ങൾ . ഇതിനായി വിദഗ്ധരായ കൗൺസിലർമാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ആശുപത്രിയിലെ റൂം നമ്പർ 62 ലാണ് ക്ലിനിക് പ്രവർത്തിക്കുന്നത്. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരം നാല് മണി വരെ ക്ലിനിക് പ്രവർത്തിക്കും. മുൻകൂട്ടി ബുക് ചെയ്യുകയോ ഒപി ടിക്കറ്റെടുക്കുകയോ ചെയ്യാതെ നേരിട്ട് ക്ലിനികിൽ വരാവുന്നതാണ്. ക്ലിനികിലെ ചികിത്സയും മറ്റു സേവനങ്ങളും പൂർണ്ണമായും സൗജന്യമാണ്

സ്വയം തൊഴില്‍ വായ്പക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന സ്വയംതൊഴില്‍ വായ്പാ പദ്ധതികള്‍ക്ക് കീഴില്‍ വായ്പ അനുവദിക്കുന്നതിനായി കോഴിക്കോട് ജില്ലയില്‍ നിന്നുള്ള പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളിൽപെട്ട തൊഴില്‍രഹിതരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 60,000 രൂപ മുതല്‍ നാലു ലക്ഷം രൂപ വരെയാണ് വായ്പാ തുക. അപേക്ഷകര്‍ 18 നും 55 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. 3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ തിരിച്ചടവ് കാലാവധിയുള്ള വായ്പകള്‍ക്ക് 4% മുതല്‍ 7% വരെയാണ് പലിശ നിരക്ക്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണമെന്ന് ജില്ലാ മാനേജര്‍ അറിയിച്ചു. ഫോണ്‍ : 0495 2767606,
9400068511.

പോലീസ് കംപ്ലയിൻ്റ്സ് അതോറിറ്റി സിറ്റിംഗ്

ജില്ലാ പോലീസ് കംപ്ലയിൻ്റ്സ് അതോറിറ്റിയുടെ ഈ മാസത്തെ സിറ്റിംഗ് നവംബര്‍ 18, 19 തീയതികളില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും 20 ന് കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളിലും രാവിലെ 11 മണിക്ക് നടത്തുമെന്ന് ശിരസ്തദാര്‍ അറിയിച്ചു.

അക്കൗണ്ടിങ്ങ്,ഹാര്‍ഡ് വെയര്‍,ഡാറ്റാ എന്‍ട്രി കോഴ്‌സുകള്‍

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ എല്‍. ബി. എസ്. സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തില്‍, പ്ലസ് ടു കൊമേഴ്‌സ് / ബി. കോം / എച്ച്. ഡി. സി. / ജെ ഡി. സി യോഗ്യതയുള്ളവര്‍ക്ക് ആറു മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്ങ്, എസ്.എസ്.എല്‍.സി. യോഗ്യതയുള്ളവര്‍ക്ക് ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്, ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ ഇംഗ്ലീഷ്-മലയാളം കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
വിശദ വിവരങ്ങള്‍ക്ക് : 0495 2720250
ലിങ്ക്:http://lbscentre.kerala.gov.in/services/coursse

മാനന്തവാടി ഗവ. കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍

കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കീഴിലെ മാനന്തവാടി ഗവണ്മെന്റ് കോളേജില്‍ വിവിധ കോഴ്‌സുകളിലെ ഒഴിവിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ബി.എ ഇംഗ്ലീഷ് കോഴ്‌സില്‍ എസ് ടി വിഭാഗത്തിലും ബി.എസ്.സി ഫിസിക്‌സ്, ബി.എസ്.സി ഇലക്ട്രോണിക്‌സ് കോഴ്‌സുകളില്‍ എല്ലാ വിഭാഗത്തിലും ഒഴിവുകള്‍ ഉണ്ട്. അപേക്ഷകള്‍ നവംബര്‍ 18 ന് വൈകീട്ട് അഞ്ച് വരെ കോളേജില്‍ സ്വീകരിക്കും. ഇതുവരെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും അപേക്ഷിക്കാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

ദര്‍ഘാസ് ക്ഷണിച്ചു

കോഴിക്കോട് ഐസിഡിഎസ് അര്‍ബന്‍ 2 ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിന് കീഴിലെ 140 അങ്കണവാടികളിലേക്ക്, മിക്‌സി, മ്യൂസിക് സിസ്റ്റം എന്നിവ വാങ്ങുന്നതിനും അമൃതം ന്യൂട്രിമിക്‌സ്, ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്യുന്നതിനും വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 29 ന് വൈകീട്ട് മൂന്ന് മണി. ഫോണ്‍ : 0495 2373566.

വടകര മോഡല്‍ പോളിയിൽ ഇന്റര്‍വ്യൂ 19ന്

ഐ.എച്ച്.ആര്‍.ഡി യുടെ കീഴിലെ വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ വിവിധ തസ്തികകളിലേക്ക് നവംബർ 19 ന് ഇന്റര്‍വ്യൂ കോളേജില്‍ നടത്തും.
തസ്തിക, സമയം, യോഗ്യത എന്ന ക്രമത്തില്‍ : കമ്പ്യൂട്ടര്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ രാവിലെ 10 മണിക്ക്, ഫസ്റ്റ്ക്ലാസ്സ് ത്രീവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമ / പ്രസ്തുത വിഷയങ്ങളില്‍ ഫസ്റ്റ്ക്ലാസ്സ് ബി.എസ്.സി ബിരുദം,
കമ്പ്യൂട്ടര്‍ ട്രേഡ്സ്മാന്‍ രാവിലെ 11 ന് – എസ്.എസ്.എല്‍.സി നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് (കമ്പ്യൂട്ടര്‍), ട്രേഡ്സ്മാന്‍ (മെക്കാനിക്കല്‍)
ഉച്ചക്ക് 12 മണിക്ക് – എസ്.എസ്.എല്‍.സി നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് (മെക്കാനിക്കല്‍). നിശ്ചിത യോഗ്യത പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റുകള്‍ കൈവശമുള്ളവരെ മാത്രമേ ഇന്റര്‍വ്യൂവിനു പരിഗണിക്കുകയുള്ളു. താല്പര്യമുള്ളവര്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും അസ്സലും പകർപ്പുകളും സഹിതം ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 0496 2524920
ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ്: കോഴിക്കോടൻ ഭക്ഷണങ്ങൾ വിളമ്പാൻ അവസരം

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിൽ കോഴിക്കോടൻ രുചിപ്പെരുമ വിളിച്ചോതുന്ന ഭക്ഷണങ്ങൾ വിളമ്പാൻ അവസരം. ഡിസംബർ 26 മുതൽ 31 വരെ നടത്തുന്ന ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്ന ഫുഡ് ഫെസ്റ്റിവൽ സ്റ്റാളുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

നവംബർ 30 വരെ അപേക്ഷകൾ സമർപ്പിക്കാം. foodfestbiwf@gmail.com എന്ന മെയിൽ വിലാസത്തിലാണ് അപേക്ഷകൾ അയക്കേണ്ടത്. അപേക്ഷ നൽകുന്നയാളുടെ പേര്, വയസ്സ് പൂർണമായ മേൽവിലാസം, മൊബൈൽ ഫോൺ നമ്പർ എന്നിവ ഉൾകൊള്ളിച്ച് അപേക്ഷകൾ അയക്കണം.

ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് നവംബർ 30 വരെയുള്ള ദിവസങ്ങളിൽ ഹാർബർ എഞ്ചിനീയറിംഗ് ഓഫീസിൽ പ്രവർത്തിക്കുന്ന ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിവൽ ക്യാമ്പ് ഓഫീസിൽ നേരിട്ടത്തി അപേക്ഷിക്കാം.
തെരഞ്ഞെടുത്തവർക്കായി ഡിസംബർ ആദ്യ വാരം ഭക്ഷ്യ സുരക്ഷ രജിസ്ട്രേഷൻ മേള നടത്തും.

മറീനയിൽ സംഘടക സമിതി ഒരുക്കുന്ന സ്റ്റാളുകളിൽ വൈദ്യുതി, കുടിവെള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കും. സ്റ്റാളുകൾക്ക് പുറമെ സംഘാടക സമിതി ഒരുക്കുന്ന കോമൺ ഡൈനിങ് ഏരിയയും ഉപയോഗിക്കാം.


Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!