നടി അർച്ചന കവി വിവാഹിതയായി. റിക്ക് വർഗീസ് ആണ് വരൻ. അവതാരകയായ ധന്യ വർമയാണ് അർച്ചന കവിയുടെ വിവാഹ വാർത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. അർച്ചനയുടെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും ധന്യ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. “എന്റെ പ്രിയപ്പെട്ടവൾ വിവാഹിതയായി,” എന്നും ധന്യ കുറിച്ചു. മിന്നുകെട്ടിന്റെ ദൃശ്യങ്ങളും ധന്യ ഷെയർ ചെയ്തിട്ടുണ്ട്.
തന്റെ പങ്കാളിയെ കണ്ടെത്തി എന്ന സൂചന അർച്ചന കവി നേരത്തെ തന്നെ നൽകിയിരുന്നു. ഏറ്റവും മോശം തലമുറയിലെ ഏറ്റവും ശരിയായ വ്യക്തിയെ തന്നെ താൻ തിരഞ്ഞെടുത്തു എന്നാണ് അർച്ചന സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. എല്ലാവർക്കും അതിന് സാധിക്കട്ടെ എന്നും നടി ആശംസിച്ചിരുന്നു. അതിന് പിന്നാലെയാണ് വിവാഹ വാർത്ത വരുന്നത്.
അർച്ചനയുടെ രണ്ടാം വിവാഹമാണിത്. കൊമേഡിയനായ അബീഷ് മാത്യുവായിരുന്നു അർച്ചനയുടെ മുൻഭർത്താവ്. 2016ൽ വിവാഹിതരായ അർച്ചനയും അബീഷും 2021ൽ വിവാഹബന്ധം വേർപെടുത്തി.
2009ൽ ലാൽ ജോസിന്റെ സംവിധാനത്തിൽ നീലത്താമര, മമ്മി ആൻഡ് മി, സ്പാനിഷ് മസാല, ബാക്ക്ബെഞ്ച് സ്റ്റുഡന്റ്, അഭിയും ഞാനും ഹണി ബീ, പട്ടം പോലെ, നടോടിമന്നൻ, മോനായി അങ്ങനെ ആനായി, ദൂരം എന്നീ സിനിമകളിൽ അഭിനയിച്ച ശേഷം ഒരിടവേള എടുത്ത താരം 2025ൽ ഐഡന്റിറ്റി എന്ന ടൊവിനോ സിനിമയിലൂടെയാണ് തിരികെ എത്തിയത്.

