ലക്നൗ∙ അയോധ്യയിലെ ധന്നിപുർ ഗ്രാമത്തിൽ പള്ളിയും മറ്റ് പൊതു സ്ഥാപനങ്ങളും നവംബർ അവസാനത്തോടെ നിർമിക്കുമെന്ന് ഇന്തോ – ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ (ഐഐസിഎഫ്). നേരത്തെ ഐഐസിഎഫിന്റെ പേരിൽ ഭൂമി തിങ്കളാഴ്ച റജിസ്റ്റർ ചെയ്തു കിട്ടിയിരുന്നു.
രണ്ടു വർഷത്തിനുള്ളിൽ ആശുപത്രി പണിയുമെന്ന് ഐഐസിഎഫ് വക്താവും സെക്രട്ടറിയുമായ അത്തർ ഹുസൈൻ ദേശീയമാധ്യമത്തോടു പ്രതികരിച്ചു. ‘ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയുടെ ആർക്കിടെക്ചർ വിഭാഗം ഡീൻ പ്രഫ എസ്.എം. അക്തറിനോട് നിർമിക്കുന്നവയുടെ രൂപരേഖ എത്രയും പെട്ടെന്ന് അയച്ചുതരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രിക്കുവേണ്ട ക്ലിയറൻസുകൾ കിട്ടാൻ സമയമെടുക്കും. അതിന് കൺസൾട്ടന്റുമാരുമായും ചർച്ച നടത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പള്ളി പണിയാൻ സുന്നി വഖഫ് ബോർഡിന് അഞ്ച് ഏക്കർ അനുവദിക്കണമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. നിർമാണപ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കാൻ ജൂലൈയിലാണ് ഐഐസിഎഫ് രൂപീകരിച്ചത്. പള്ളിക്കൊപ്പം ആശുപത്രിയും ഇന്തോ – ഇസ്ലാമിക് ഗവേഷണ കേന്ദ്രവും സമൂഹ അടുക്കളയും ഈ അഞ്ച് ഏക്കറിൽ നിർമിക്കും. ഗവേഷണ കേന്ദ്രത്തിൽ ലൈബ്രറിയും മ്യൂസിയവും ഉണ്ടാകും.