എം.സിബ്ഗത്തുള്ള
എഡിറ്റർ ജനശബ്ദം
ആവാസ വ്യവസ്ഥ നഷ്ടപ്പെട്ടതോടെ പാമ്പുകൾ വീട്ടകങ്ങളിൽ വരെ അഭയം തേടുന്ന ഈ കാലത്ത് കോഴിക്കോട് ജില്ലയിലെ താമരശ്ശേരി, കൊടുവള്ളി, കുന്ദമംഗലം, മുക്കം ഭാഗങ്ങളിലുള്ള ജനങ്ങൾക്ക് ആശ്രയം കാളാംതോട് സ്വദേശിയായ പാലിയിൽ കബീറാണ്. രാവെന്നോ പകലെന്നോ മഴയെന്നോ വെയിലെന്നോ ഇല്ലാതെ എപ്പോൾ പാമ്പിനെ കണ്ട് ഭയന്ന് ആര് വിളിച്ചാലും കബീർ പറന്നെത്തും. എത്ര കഷ്ടപ്പെട്ടായാലും പാമ്പിനെ പിടിച്ച് സഞ്ചിയിലാക്കിയിട്ടെ പിന്നെ കബീറിന് മടക്കമുള്ളൂ.
താമരശ്ശേരി ഫോറസ്റ്റ് റെയിഞ്ചിലെ ലൈസൻസുള്ള പാമ്പുപിടിത്തക്കാരനായ കബീർ ഈ മേഖലയിൽ സജീവമായിട്ട് പത്ത് വർഷത്തിലധികമായി. കട്ടാങ്ങലിൽ ഓട്ടോ ഡ്രൈവർ ആയിരുന്നു ആ സമയം മുതൽ മനുഷ്യ ജീവന് ഭീഷണിയായി എത്തുന്ന പാമ്പുകളെ കബീർ പിടിക്കാറുണ്ടായിരുന്നു. പിന്നീട് പാമ്പ് പിടുത്തത്തിന് ലൈസൻസ് വേണം എന്ന് നിയമം വന്നതോടെ ഫോറസ്റ്റിന്റെ പരിശീലനം നേടി ലൈസൻസ് എടുത്ത് ഔദ്യോഗിക
സ്നേക് ക്യാച്ചറായി കബീർ മാറി. കുഞ്ഞായിരുന്ന കാലം മുതൽ ഒരു ജീവിയേയും ഭയമില്ലാതിരുന്നു കബീറിനെന്നാണ് കബീറിന്റെ ഉമ്മയുടെ ഓർമ്മ. എങ്കിലും കബീർ പാമ്പു പിടിത്തം തുടങ്ങിയപ്പോൾ വീട്ടുകാർക്കെല്ലാം പേടിയായിരുന്നു.
ഒരു വീട്ടിൽ പാമ്പിനെ കണ്ടാൽ പിന്നെ അതിനെ പിടികൂടും വരെ ആ വീട്ടുകാർക്ക് ആധിയായിരിക്കും. അതു കൊണ്ട് ആരെങ്കിലും വിളിച്ചാൽ നേരവും കാലവുമൊന്നും നോക്കാറില്ലെന്ന് കബീർ പറയുന്നു. ഏത് സമയം എന്നതിനേക്കാൾ ആളുകളുടെ സുരക്ഷയ്ക്കും മനസമാധാനത്തിനുമാണ് പ്രാധാന്യം എന്നും കബീർ. പാമ്പുകൾക്ക് മാളം ഉണ്ട് , പറവകൾക്ക് ആകാശം ഉണ്ട് , മനുഷ്യ പുത്രന് തല ചായ്ക്കാൻ മണ്ണിൽ ഇടമില്ല എന്നാണ് പണ്ട് കവി പാടിയത് എങ്കിൽ ഇന്ന് സാഹചര്യം മാറി. മനുഷ്യൻ വീട് പണിയാൻ കാടും മലയും എല്ലാം നശിപ്പിച്ചപ്പോൾ ആവാസ വ്യവസ്ഥ നഷ്ടപ്പെട്ടത് പാമ്പുകൾക്കാണ്.
വലിയ മൃഗങ്ങൾക്ക് താമസിക്കാൻകാടുകൾ വേണമെങ്കിൽ പാമ്പുകൾക്ക് മതിലിലെ വിടവോ, കൽക്കൾക്കിടയിലോ കൂട്ടിയിട്ട വിറകിലേയോ തണുപ്പോ ധാരാളം മതി. അതു കൊണ്ട്നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം എന്നും പറമ്പിലും മറ്റും പണിയെടുക്കുമ്പോൾ കൈയുറകളും ബൂട്ട്‌സുമൊക്കെ ധരിക്കണം എന്നും കബീർ പറയുന്നു. ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയുന്നത് കൂടിയപ്പോൾ എലികളുടെ എണ്ണവും എലികളെ ഭക്ഷിക്കാൻ എത്തുന്ന പാമ്പുകളുടെ എണ്ണവും കൂടി. അതിനാൽ ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയാതെ കൃത്യമായി സംസ്ക്കരിക്കണം എന്നും കൂട്ടിയിട്ട വിറകുകൾ എടുക്കുമ്പോൾ കരുതൽ വേണം എന്നും വീടും ചുറ്റുപാടും കരിയിലകൾ കുന്നുകൂടാതെ വൃത്തിയാക്കണം എന്നും കബീർ പറയുന്നു.
പാമ്പിനെ വേദനിപ്പിക്കാതെ പിടിക്കാൻ ശസ്ത്രീയമായ സംവിധാനങ്ങൾ ഉണ്ട്. പൈപ്പും ബാഗും വെച്ച് പാമ്പിനെ നോവിക്കാതെ പിടികൂടാനാവുമെങ്കിലും പാമ്പുണ്ടെന്ന് കേട്ട് ആളുകൾ കൂടുന്നത് പ്രയാസവും അതേ സമയം അപകടവും ആവുന്നുണ്ടെന്നതാണ് കബീറിന്റെ അനുഭവം. ഫോട്ടോയും വീഡിയോയും എടുക്കാൻ ആളുകൾ കൂടുന്നതോടെ പാമ്പ് ഭയക്കും. ഇത് പാമ്പ് പിടുത്തത്തിൽ പ്രയാസം ഉണ്ടാക്കുമെന്നും മറ്റുളളവർക്ക് പാമ്പ് കടി ഏൽക്കാൻ കാരണം ആവുമെന്നും കബീർ പറയുന്നു. പാമ്പ് പിടുത്തത്തിൽ സജീവം ആയതോടെ ഓട്ടോ റിക്ഷ ഒഴിവാക്കി തൊഴിൽ എടുക്കുന്ന ദിവസം വനം വകുപ്പിൽ നിന്നും ഡെയിലി വേജ് അടിസ്ഥാനത്തിൽ കിട്ടുന്ന പണമാണ് കബീറിന്റെ വരുമാനം.
സർക്കാർ കണക്കുപ്രകാരം 2400 ഓളം പേർക്കാണ് പാമ്പ് പിടുത്തത്തിന് പരിശീലനം നൽകിയിട്ടുള്ളത്. ഇതിൽ 70 പേർ ഈ മേഖലയിൽ സജീവമായിട്ടുണ്ട്. ഇതിൽ 6 പേരാണ് കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കുന്നത്.
കാടിറങ്ങുന്ന ആനയും പുലിയും കടുവയും കേരളത്തിൽ മലയോര മേഖലയിലെ മനുഷ്യർക്ക് ജീവൻ നഷ്ടപ്പെടാൻ കാരണമാകുന്നുണ്ടെങ്കിലും അതിൽ കൂടുതൽ മരണം സംഭവിക്കുന്നത് പാമ്പ് കടിയേറ്റെന്നാണ് കണക്ക്.
2023-24 വർഷത്തിൽ 1605 പേർക്ക് പാമ്പുകടി ഏൽക്കുകയും 51 പേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തെന്നാണ് കണക്ക്.
2022-23 വർഷത്തിൽ 98 പേർ വന്യ ജീവി ആക്രമണത്തിൽ മരിച്ചപ്പോൾ അതിൽ 48 പേരും മരിച്ചത് പാമ്പ് കടി ഏറ്റായിരുന്നു. 1275 പേർക്കാണ് പാമ്പ് കടി ഏറ്റത്. മറ്റ് വന്യജീവികളേക്കാൾ കൂടുതൽ നാട്ടിലെത്തിയതും വിവിധ തരം പാമ്പുകളാണ്
ജനവാസ മേഖലയിൽ എത്തിയ 4360 പാമ്പുകളെ എറണാകുളത്തും നിന്നും 3534 എണ്ണത്തിനെ തിരുവനന്തപുരത്തുനിന്നും 3523 പാമ്പുകളെ വയനാട്ടിൽ നിന്നും പിടികൂടി കാടുകയറ്റി വിടുകയും ചെയ്തിട്ടുണ്ട്. പാമ്പുകൾ പെരുകാതെ ഇരിക്കാൻ വീടിൻ്റെ ഉൾഭാഗം വൃത്തിയായി സൂക്ഷിക്കുക. അടച്ചിട്ട മുറികളിൽ സാധനങ്ങൾ ഏറെക്കാലം കൂട്ടിയിടാതെ ഇരിക്കുക. കൂട്ടിയിട്ട വിറകുകൾ സുരക്ഷിതമായി നീക്കം ചെയ്യുക. ചുറ്റുപാട് വൃത്തിയാക്കി സൂക്ഷിക്കുക, കാടു പിടിച്ച സ്ഥലങ്ങളിൽ പോവുമ്പോൾ മുൻകരുതൽ എടുക്കുക എന്നീ കാര്യങ്ങൾ ചെയ്യണം എന്നും അതല്ലാതെ പാമ്പിനെ കണ്ടെത്തി കൊല്ലുന്നത് പരിഹാരമല്ല, കുറ്റകരമാണെന്നും കബീർ പറയുന്നു