അന്തരിച്ച നടൻ പ്രതാപ് പോത്തന്റെ മൃതദേഹം സംസ്കരിച്ചു. ചെന്നൈ ന്യൂ ആവടി റോഡിലെ വേലങ്കാട് പൊതുശ്മശാനത്തിൽ മതപരമായ ചടങ്ങുകൾ ഇല്ലാതെയായിരുന്നു സംസ്കാരം.കമലഹാസൻ, മണിരത്നം, സത്യരാജ്, വെട്രിമാരൻ, റഹ്മാൻ തുടങ്ങി നിരവധി പ്രമുഖർ പ്രതാപ് പോത്തന് ആദരാഞ്ജലികൾ അർപ്പിക്കാനെത്തി. കേരള മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും വേണ്ടി ചെന്നൈയിലെ നോർക്കാ പ്രതിനിധി റീത്ത് സമർപ്പിച്ചു.തന്റെ ഭൗതികശരീരം ദഹിപ്പിക്കണമെന്ന് പ്രതാപ് പോത്തൻ ആവശ്യപ്പെട്ടിരുന്നെന്ന് ബന്ധു അനിൽ തോമസ് നേരത്തേ പറഞ്ഞിരുന്നു.വെള്ളിയാഴ്ചയാണ് പ്രതാപ് പോത്തനെ ചെന്നൈയിലെ വസതിയിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
1978 ൽ ഭരതനാണ് ആരവമെന്ന സിനിമയിലൂടെ പ്രതാപ് പോത്തനെ വെള്ളിത്തിരയ്ക്ക് പരിചയപ്പെടുത്തിയത്. 1979 ൽ പുറത്തുവന്ന തകര പ്രതാപ് പോത്തന്റെ ജീവിതത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായി. 1980 ൽ പുറത്തുവന്ന ലോറി, ചാമരം എന്നീ സിനിമകളിലൂടെയാണ് പ്രതാപ് പോത്തൻ സിനിമാ രംഗത്ത് ചുവടുറപ്പിച്ചത്.