പ്രമുഖ ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു.അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാർ മേഖലയിൽ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനായി കഴിഞ്ഞ കുറച്ചു ദിവസമായി സിദ്ദിഖി ഇവിടെയായിരുന്നു. സംഘർഷത്തിനിടെ കൊല്ലപ്പെട്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ ഫൊട്ടോ ജേണലിസ്റ്റായ ഡാനിഷ് പുലിസ്റ്റർ പുരസ്കാര ജേതാവാണ്.
അഫ്ഗാനിസ്ഥാന്‍ സൈന്യത്തിനൊപ്പമാണ് അദ്ദേഹം യുദ്ധമേഖലയില്‍ എത്തിയത്.
കാണ്ഡഹാർ പ്രവിശ്യയിലെ സ്പിൻ ബോൽദാക് ജില്ലയിലാണ് സിദ്ദിഖിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് അഫ്ഗാൻ മാധ്യമം റിപ്പോർട്ട് ചെയ്തു. താലിബാനെതിരെ ഒറ്റയ്ക്ക് പോരാട്ടം നയിച്ച അഫ്ഗാൻ പൊലീസ് ഓഫിസറെ രക്ഷിക്കാൻ ശ്രമിക്കുന്ന അഫ്ഗാൻ പ്രത്യേക സേനയുടെ ദൗത്യത്തെ കുറിച്ച് സിദ്ദിഖ് റിപ്പോർട്ട് ചെയ്തിരുന്നു.
ഡൽഹി ജാമിഅ മില്ലിയ്യ സർവകലാശാലയിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ഡാനിഷ് ജാമിഅയിൽ തന്നെ മാധ്യമപഠനത്തിന് ചേർന്നു. ടെലിവിഷൻ ന്യൂസ് കറസ്‌പോണ്ടന്റ് ആയാണ് മാധ്യമപ്രവർത്തനം ആരംഭിച്ചത്. 2010ൽ റോയിട്ടേഴ്‌സിലെ ചീഫ് ഫോട്ടോഗ്രാഫറുടെ ഇന്റേൺ ആയി ഫോട്ടോഗ്രാഫി മേഖലയിലേക്ക് കടന്നു. 2016-17 മൊസൂൾ യുദ്ധം, 2015ലെ നേപ്പാൾ ഭൂകമ്പം, രോഹിൻഗ്യ പ്രതിസന്ധി, ഹോങ്കോങ് പ്രതിഷേധം, ഡൽഹി കലാപം, കോവിഡ് മഹാമാരി എന്നിവയുടെ നേർച്ചിത്രങ്ങൾ ഡാനിഷ് പുറംലോകത്തെത്തിച്ചു.
2018ലാണ് അദ്‌നാൻ ആബിദിക്കൊപ്പം പുലിസ്റ്റർ പുരസ്‌കാരത്തിന് അർഹനായത്. രോഹിൻഗ്യൻ അഭയാർത്ഥികളുടെ ജീവിതം പകർത്തിയതിനായിരുന്നു പുരസ്‌കാരം. ഡൽഹി കലാപത്തിനിടെ ഇദ്ദേഹം പകർത്തിയ ഒരു ചിത്രം 2020ലെ ഏറ്റവും മികച്ച ചിത്രമായി റോയിട്ടേഴ്‌സ് തെരഞ്ഞെടുത്തിട്ടുണ്ട്. റോയിട്ടേഴ്‌സ് പിക്‌ചേഴ്‌സ് ടീം ഇന്ത്യയുടെ മേധാവിയാണ്.
38കാരനായ ഡാനിഷ് മുംബൈ സ്വദേശിയാണ്. ജാമിഅ വിദ്യാഭ്യാസ വിഭാഗം പ്രൊഫസറായിരുന്ന പ്രൊഫസർ അഖ്തർ സിദ്ദീഖിയാണ് പിതാവ്.