ന്യൂഡൽഹി: ലൈംഗിക ബന്ധത്തിനായുള്ള പ്രായം പുനഃപരിശോധിക്കുന്നതിൽ വീണ്ടും ചർച്ചയ്ക്ക് സാധ്യത. ലൈംഗിക ബന്ധത്തിനായുള്ള അനുമതി പ്രായം കുറയ്ക്കുന്നതിൽ കേന്ദ്ര നിയമ കമ്മീഷൻ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തോട് അഭിപ്രായം തേടി. പ്രായപരിധി പതിനെട്ടിൽ നിന്ന് പതിനാറ് ആക്കി കുറയ്ക്കുന്നതാണ് പരിഗണനയിലുള്ളത്.
18 വയസിന് താഴെയുള്ളവരുമായുള്ള ലൈംഗിക ബന്ധം രാജ്യത്ത് ക്രിമിനൽ കുറ്റമാണ്. പ്രായപൂർത്തിയാകാത്തവരുമായുള്ള ലൈംഗിക ബന്ധം അനുമതിയോടെയാണെങ്കിലും കുറ്റകരമാണ്. പോക്സോ അടക്കമുള്ള വകുപ്പുകൾ ഇത്തരം സംഭവങ്ങളിൽ ചുമത്തി കേസെടുക്കുകയും ചെയ്യും.
എന്നാൽ, 16 വയസ് കഴിഞ്ഞവർ പ്രണയത്തിലാകുകയും ഒളിച്ചോടുകയും പരസ്പര സമ്മതത്തോടെ ലൈംഗികബന്ധത്തിലേർപ്പെടുകയും ചെയ്യുന്ന നിരവധി കേസുകൾ കോടതികളിൽ എത്തിയ സാഹചര്യത്തിലാണ് ലൈംഗിക ബന്ധത്തിനായുള്ള പ്രായപരിധിയിൽ ചർച്ചകൾ വീണ്ടും സജീവമായത്.
മെയ് 31ന് കേന്ദ്ര നിയമ കമ്മീഷൻ വനിത ശിശുക്ഷേമ മന്ത്രാലയത്തിന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് പുനഃപരിശോധന വേണമെന്നാണ് ആവശ്യം. ലൈംഗിക ബന്ധത്തിനായുള്ള പ്രായം പുനഃപരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടക, മധ്യപ്രദേശ് ഹൈക്കോടതികള്‍ കേന്ദ്ര നിയമ കമ്മീഷനോട് വിവരങ്ങൾ ആരാഞ്ഞിരുന്നു.

