കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദിഷ്ട ‘അഗ്നിപഥ്’ പദ്ധതിക്കെതിരേ ബിഹാറില്‍ ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം രണ്ടാം ദിവസവും തുടരുന്നു. വിവിധ ജില്ലകളില്‍ റെയില്‍, റോഡ് ഗതാഗതം ആര്‍മി ഉദ്യോഗാര്‍ത്ഥികള്‍ തടസ്സപ്പെടുത്തി. ജെഹാനാബാദ്, ബക്സര്‍, നവാഡ എന്നിവിടങ്ങളില്‍ ട്രെയിനുകള്‍ തടഞ്ഞു.
ജഹാനാബാദില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുത്താന്‍ ശ്രമിച്ചത് ചോദ്യംചെയ്ത മറ്റ് യാത്രക്കാര്‍ക്ക് നേരെയും പോലീസിന് നേരെയും പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. പ്രതിഷേധക്കാരെ വിരട്ടിയോടിക്കാനായി പോലീസ് ഇവര്‍ക്ക് നേരെ തോക്കു ചൂണ്ടി. നവാഡയില്‍ ടയറുകള്‍ കത്തിച്ചായിരുന്നു പ്രതിഷേധം. മുസഫര്‍പുരിലെ ഹൈവേയും ബക്സറിലെ റെയില്‍പ്പാളവും പ്രതിഷേധക്കാര്‍ ഉപരോധിച്ചു.
യുവാക്കള്‍ കിയുല്‍-ഗയ റെയില്‍വേ ലൈന്‍ സ്തംഭിപ്പിച്ചു. പ്രകോപിതരായ ചില വിദ്യാര്‍ത്ഥികള്‍ നവാഡ സ്റ്റേഷന് സമീപമുള്ള ട്രാക്കില്‍ കേടുപാടുകള്‍ വരുത്തി. സഹര്‍സയിലും അറാഹിലും കല്ലേറ് നടന്നു. അറായില്‍ അക്രമാസക്തരായ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു.
നാല് വര്‍ഷത്തേക്ക് മാത്രം നിയമനം നല്‍കിയ ശേഷം നിര്‍ബന്ധിത വിരമിക്കലാണ് അഗ്‌നിപഥ് സ്‌കീമില്‍ പറയുന്നത്. ഇവര്‍ക് പെന്‍ഷ്ന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കില്ല. അഗ്നിപഥ് പദ്ധതിപ്രകാരം നാലുവര്‍ഷം ‘അഗ്നിവീര്‍’ ആകുന്നവരില്‍ 25 ശതമാനം പേര്‍ക്കേ സ്ഥിരനിയമനം ലഭിക്കൂ. ഇത് തങ്ങളുടെ തൊഴില്‍സാധ്യതയെ ബാധിക്കുമെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.