ഏതു വെല്ലുവിളികളേയും കേരളം അതിജീവിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ. കോവിഡ് പശ്ചാത്തലത്തിൽ നടക്കുന്ന ഓൺലൈൻ ക്ലാസ്സുകളുടെ ചേളന്നൂർ ബി.ആർ.സി തല പ്രഖ്യാപനം അണ്ടിക്കോട് ടി.എം.രവീന്ദ്രൻ മെമ്മോറിയൽ വായനശാലയിൽ നടത്തുകയായിരുന്നു മന്ത്രി. മാതൃകാപരമായാണ് എസ്. എസ്. എൽ. സി, പ്ലസ്ടു പരീക്ഷകൾ കേരളത്തിൽ നടത്തിയത്. ഒരു വിദ്യാർത്ഥിക്ക് പോലും ഓൺലൈനിലൂടെ ലഭിക്കുന്ന ക്ലാസുകൾ നഷ്ട്ടമാവരുതെന്നും മന്ത്രി പറഞ്ഞു. 33 ഓൺലൈൻ പഠന കേന്ദ്രങ്ങൾ ആണ് ചേളന്നൂർ ബിആർസിക്ക് കീഴിലുള്ളത്.
തലക്കളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.പ്രകാശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഗ്രന്ഥാലയത്തിനു നൽകിയ ടിവി ചേളന്നൂർ ബി.പി.സി പി.ടി.ഷാജി മാസ്റ്ററിൽ നിന്നും വായനശാല ഭാരവാഹികൾ ഏറ്റുവാങ്ങി. വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൻ പ്രജാത, അനു ജോർജ്ജ് മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു. വാർഡ് മെമ്പർ ഷറീന കരീം സ്വാഗതവും പുരുഷു മാസ്റ്റർ നന്ദിയും പറഞ്ഞു.