കർണാടകയിലെ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഡൽഹിയിലെ വസതിയിൽ തിരക്കിട്ട ചർച്ചകൾ നടക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും കെപിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാറും ഉന്നത നേതാക്കളെ കാണും. ഇതിന് മുന്നോടിയായി ഖാര്‍ഗെ രാഹുല്‍ ഗാന്ധി അടക്കമുള്ളവരുമായി ചര്‍ച്ച നടത്തിവരികയാണ്. കെ.സി.വേണുഗോപാലും കര്‍ണാടകയുടെ ചുമതലയുണ്ടായിരുന്ന രണ്‍ദീപ് സിങ് സുര്‍ജെവാലയും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്.
സിദ്ധരാമയ്യ ഇന്നലെ തന്നെ ഡൽഹിയിൽ എത്തിയെങ്കിലും ഡി കെ ശിവകുമാർ ഇന്ന് ഉച്ചയോടെയാണ് എത്തിയത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇന്നലെ ഡല്‍ഹിയിലേക്ക് തിരിക്കാതിരുന്നതെന്നും തന്റെ യാത്ര റദ്ദുചെയ്തതുമായി ബന്ധപ്പെട്ടുള്ള പ്രചാരണങ്ങള്‍ ഗോസിപ്പുകള്‍ മാത്രമാണെന്നും ശിവകുമാര്‍ പ്രതികരിച്ചു.
പാര്‍ട്ടി തീരുമാനം എന്തായിരുന്നാലും സ്വീകരിക്കും. അതിനെ ചൊല്ലി പിന്നില്‍നിന്ന് കുത്തുകയോ പാര്‍ട്ടിയെ ഭിന്നിപ്പിക്കുകയോ ഒരിക്കലും ചെയ്യില്ലെന്ന് ഡല്‍ഹിക്ക് തിരിക്കുംമുമ്പ് ബെംഗളൂരുവില്‍ അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു.
ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ന് വൈകിട്ടുതന്നെ മുഖ്യമന്ത്രി ആരാകുമെന്നത് സംബന്ധിച്ച തീരുമാനം പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കൈക്കൊള്ളുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. കര്‍ണാടകയില്‍ പാര്‍ട്ടി നിയോഗിച്ച നിരീക്ഷകര്‍ എംഎല്‍എമാരുടെ അഭിപ്രായങ്ങള്‍ സ്വരൂപിച്ച് തിങ്കളാഴ്ച രാത്രി തന്നെ ഖാര്‍ഗെയ്ക്ക് സമര്‍പ്പിച്ചിരുന്നു.
ഡി.കെ.ശിവകുമാറിനെ ഏതുരീതിയില്‍ സര്‍ക്കാരിന്റെ ഭാഗമാക്കുമെന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് വിവരം. ഡി.കെ.ശിവകുമാറിനേയും ലിംഗായത്ത് നേതാവ് എം.ബി.പാട്ടീലിനേയും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.