ഇൻസ്റാഗ്രാമിലെ മതപരമായ പോസ്റ്റിനെച്ചൊല്ലി മഹാരാഷ്ട്രയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. അഹമ്മദ്‌നഗർ ജില്ലയിലെ അകോല നഗരത്തിലും ഷെവ്ഗാവ് ഗ്രാമത്തിലുമാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പൊലീസുകാർ ഉൾപ്പെടെ 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.വർഗീയ കലാപം മറ്റ് പ്രദേശങ്ങളിലേക്ക് പടരാതിരിക്കാൻ ഇത് വരെ 132 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിയിട്ടുണ്ട്. ശനിയാഴ്ച രാത്രിയാണ് പ്രശ്നങ്ങളുടെ തുടക്കം.
അകോലയിലെ ഓൾഡ് സിറ്റി ഏരിയയിലാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന് ചില ഭാഗങ്ങളിൽ പോലീസ് കർഫ്യൂ ഏർപ്പെടുത്തി. അക്രമത്തിനിടെ ഇരുവിഭാഗങ്ങളിൽപ്പെട്ട ആളുകൾ പരസ്പരം കല്ലെറിയുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്തു.
ഷെവ്ഗാവ് ഗ്രാമത്തിൽ ഞായറാഴ്ച രാത്രി ഘോഷയാത്രയെച്ചൊല്ലിയുണ്ടായ സംഘർഷത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. കല്ലേറിൽ നിരവധി വ്യാപാര സ്ഥാപനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. വ്യാജ വിവരൾ പ്രചരിക്കുന്നത് തടയാൻ അകോലയിലും ഷെവ്ഗാവിലും ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. അകോലയിൽ ചിലയിടങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തി. അകോലയിലെയും ഷെവ്‌ഗാവിലെയും അക്രമത്തിന് പിന്നിലുള്ളവർക്കെതിരെ കർശന നടപടിയെടുക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പോലീസിന് നിർദ്ദേശം നൽകി. സമാധാനവും ഐക്യവും നിലനിർത്താൻ ജനങ്ങളോട് അഭ്യർത്ഥിച്ചതായും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണ വിധേയമാണെന്നും പോലീസിനെ വിന്യസിച്ചെന്നും ആഭ്യന്തര മന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു. ഗ്രാമവികസന മന്ത്രി ഗിരീഷ് മഹാജൻ നേരിട്ട് അകോല സന്ദർശിച്ചു. റവന്യൂ മന്ത്രി രാധാകൃഷ്ണ വിഖെ പാട്ടീൽ ഷെഗാവിലെ സ്ഥിതിഗതികൾ അവലോകനം ചെയ്തു.

