രാജ്യതലസ്ഥാനത്തു കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന. ഇന്ത്യയിലെ ഏറ്റവും വലിയ കോവിഡ് ആശുപത്രികളിലൊന്നായ ലോക് നായക് ജയ്പ്രകാശ് നാരായണ ആശുപത്രിയിൽ രണ്ടു കോവിഡ് രോഗികൾക്ക് ഒരു കിടക്കയാണ് നൽകിയിട്ടുള്ളത്.
ആശുപത്രി കിടക്കയിൽ ഓക്‌സിജൻ മാസ്ക് ധരിച്ച രണ്ടുപേർ കിടക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. രോഗികളുടെ കാര്യത്തിൽ മാത്രമല്ല, മൃതദേഹങ്ങളും ആശുപത്രിയിൽ അശ്രദ്ധമായിട്ടാണ് കൈകാര്യം ചെയുന്നത്.ദിവസങ്ങളുടെ ഇടവേളയിൽ കൊവിഡ് കേസുകൾ വർധിച്ചതും രോഗികൾ ആശുപത്രിയിലേക്ക് എത്തിയതുമാണ് ഈ അവസ്ഥയ്‌ക്ക് കാരണം.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ പോലും ആളുകൾ മടിക്കുകയാണ്. മോർച്ചറികൾ നിറഞ്ഞ അവസ്ഥയിലാണുള്ളതെന്നാണ് റിപ്പോർട്ട്. പല മൃതദേഹങ്ങളും വാർഡുകൾക്ക് പുറത്ത് സൂക്ഷിച്ചിരിക്കുകയാണ്.
ആശുപത്രിയിലേക്ക് കൊവിഡ് രോഗികൾ കൂട്ടമായി എത്തുന്ന സാഹചര്യം തുടരുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആംബുലൻസുകളിലും ബസുകളിലും ഓട്ടോറിക്ഷകളിലുമായി രോഗികള്‍ വന്നു കൊണ്ടിരിക്കുകയാണ്. ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികൾക്കായി 300ൽ അധികം കിടക്കകളുണ്ടെന്നും എന്നാൽ അതും മതിയാകില്ലെന്നും ആശുപത്രി മെഡിക്കൽ ഡയറക്‌ടർ സുരേഷ് കുമാർ പറഞ്ഞു. രോഗികളുടെ എണ്ണം വർധിച്ചതോടെ ആശുപത്രിയിലെ ഒരു നവജാത ശിശുവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 1,500 ലധികം കിടക്കകളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ കൊവിഡ് ആശുപത്രിയിലാണ് ഈ സാഹചര്യങ്ങൾ എന്നതാണ് ശ്രദ്ധേയം.