അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ ദിനത്തിൽ റാലി സംഘടിപ്പിക്കാനൊരുങ്ങി തൃണമൂൽ കോൺഗ്രസ്. എല്ലാ മതങ്ങളിലെയും ആളുകളെ ഉൾക്കൊള്ളിച്ചു കൊണ്ട് നടത്തുന്ന റാലി ഐക്യത്തിന് വേണ്ടിയാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.
അതെ സമയം, ജനുവരി 22ന് അയോധ്യയിൽ നടക്കുന്ന രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തീരുമാനിച്ചതായി വൃത്തങ്ങൾ അറിയിച്ചു. മമത ബാനർജിയുടെ പാർട്ടിയായ തൃണമൂൽ കോൺഗ്രസും ചടങ്ങിൽ നിന്ന് വിട്ടുനിൽക്കും.2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഏറ്റവും വലിയ പ്രചാരണ ആയുധമായാണ് രാമക്ഷേത്ര ഉദ്ഘാടനത്തെ കണക്കാക്കുന്നത്. ചടങ്ങിലേക്ക് രാമക്ഷേത്ര ട്രസ്റ്റ് എല്ലാ മുഖ്യമന്ത്രിമാരെയും പ്രതിപക്ഷത്തെ പ്രമുഖരെയും ക്ഷണിച്ചതിന്റെ പിന്നാലെയാണ് ഈ വിവരം പുറത്തുവരുന്നത്.
രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തിയിരുന്നു. മതവിശ്വാസത്തെ രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് ചൂണ്ടികാട്ടിയാണ് സീതാറാം യെച്ചൂരി ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ചതെന്ന് പറഞ്ഞിരുന്നു.
പുതുതായി നിർമ്മിച്ച രാമക്ഷേത്രം ജനുവരി 22ന് ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും 6,000-ത്തിലധികം ആളുകളും പങ്കെടുക്കും.