നടന്‍ കമല്‍ ഹാസന്‍ നേതൃത്വം നല്‍കുന്ന മക്കള്‍ നീതി മയ്യം പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് ചിഹ്നമായി ടോര്‍ച്ച് അനുവദിച്ചു. ടോര്‍ച്ച് ചിഹ്നം അനുവദിക്കാതിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ചോദ്യം ചെയ്ത് കമല്‍ ഹാസന്‍ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് കമ്മീഷന്റെ നടപടി.
സംസ്ഥാനത്തെ 234 നിയോജക മണ്ഡലങ്ങളിലും ടോര്‍ച്ച് ചിഹ്നം തന്റെ പാര്‍ട്ടിക്ക് ലഭിച്ചതായി കമല്‍ ഹാസന്‍ ട്വീറ്റ് ചെയ്തു. അമേരിക്കന്‍ വിമോചന നായകന്‍ മാര്‍ട്ടിന് ലൂതര്‍ കിങിന്റെ ജന്മദിന ദിവസം തന്നെ ചിഹ്നം ലഭിച്ചതില്‍ താന്‍ സന്തോഷവാനാണെന്നും കമല്‍ ഹാസന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷനോടുള്ള നന്ദിയും കമല്‍ ഹാസന്‍ രേഖപ്പെടുത്തി. 2019ലെ തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം പാര്‍ട്ടിക്ക് ടോര്‍ച്ച് ചിഹ്നം അനുവദിച്ചിരുന്നു. ഈയടുത്ത് എംജിആര്‍ മക്കള്‍ കച്ചി എന്ന പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ടോര്‍ച്ച് ചിഹ്നം അനുവദിച്ചിരുന്നു. ഇതിനെതിരെ മക്കള്‍ നീതി മയ്യം കോടതിയെ സമീപിക്കുകയായിരുന്നു.