ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വൻ വർധന. കഴിഞ്ഞ വർഷത്തേക്കാൾ നാലര ലക്ഷത്തിലധികം ഭക്തർ ഇക്കുറി ദർശനത്തിനെത്തി. 22. 7 കോടി രൂപയാണ് ഇത്തവണ അധിക വരുമാനമായി ലഭിച്ചത്. നവംബർ 15 ന് നട തുറന്നതിന് ശേഷമുള്ള 29 ദിവസത്തെ കണക്കാണ് ദേവസ്വം ബോർഡ് പുറത്തുവിട്ടത്. ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ് പ്രശാന്ത് കണക്ക് അവതരിപ്പിച്ചു.
തിരക്ക് നിയന്ത്രിക്കുന്നതിൽ പൊലീസ് സംവിധാനം വിജയകരമാണെന്നും 25ന് തയങ്കയങ്കി എത്തുമെന്നും അന്ന് തയങ്കയക്കി ചാര്‍ത്തിയുള്ള ദീപാരാധന നടക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ് പ്രശാന്ത് പറഞ്ഞു. 22,67,956 തീർഥാടകരാണ് ഈ സീസണിൽ ഇതുവരെ ദർശനത്തിന് എത്തിയത്. കഴിഞ്ഞ വർഷത്തേക്കാൾ നാലര ലക്ഷത്തിലധികം തീർഥാടകരുടെ വർധന.163, 89,20,204 രൂപയാണ് ഈ സീസണിലെ നടവരവ്.കഴിഞ്ഞ തവണത്തെക്കാൾ 22 കോടി 76 ലക്ഷത്തിൽ കവിയുന്ന അധിക വരുമാനം. അരവണ വിറ്റുവരവിലാണ് വൻ കുതിപ്പ്. കഴിഞ്ഞ വർഷം 65 കോടി രൂപയിലധികം രൂപയുടെ സ്ഥാനത്ത് ഇക്കുറി 82.5 കോടിയിലധികം രൂപയുടെ വിറ്റുവരവ്.അരവണ വിറ്റുവരവിലൂടെ ലഭിച്ചത് കഴിഞ്ഞ വർഷത്തെക്കാൾ 17 കോടിയിലധികം രൂപ.