ദേശീയ ഉപഭോക്തൃ ദിനാചരണം-
ജില്ലാതല ചിത്ര രചന, ഫോട്ടോഗ്രാഫി മത്സരങ്ങള്‍
ദേശീയ ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി, കോളേജ് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ചിത്രചന, ഫോട്ടോഗ്രാഫി മത്സരങ്ങള്‍ നടത്തും. വാട്ടര്‍ കളര്‍ മാധ്യമത്തില്‍ ഡിസംബര്‍ 19ന് രാവിലെ ഒന്‍പത് മുതല്‍ കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ഗവ.യു.പി. സ്‌കൂളില്‍ചിത്രരചനാ മത്സരം നടക്കും. ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. വിഷയം മത്സരത്തിന് 30 മിനുട്ട് മുമ്പ് നല്‍കും. വരയ്ക്കുന്നതിനുള്ള എ3 പേപ്പര്‍ ഒഴികെ മറ്റ് സാമഗ്രികള്‍ മത്സരാര്‍ത്ഥികള്‍ കൊണ്ടുവരണം. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 0495-2370655 നമ്പറില്‍ ഡിസംബര്‍ 18ന് വൈകീട്ട് അഞ്ചിനകം പേര് രജിസ്റ്റര്‍ ചെയ്യണം. പഠിക്കുന്ന സ്ഥാപന മേധാവി നല്‍കുന്ന സാക്ഷ്യപത്രം ഹാജരാക്കണം. ‘പ്ലാസ്റ്റിക് മലിനീകരണം; ഹരിത ഉപഭോഗം’ എന്ന വിഷയത്തിലുള്ള ഫോട്ടോഗ്രാഫി മത്സരത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. 18” x 12′ വലിപ്പത്തിലുള്ള കളര്‍ ഫോട്ടാകളാണ് അയയ്ക്കേണ്ടത്. മത്സര ചിത്രത്തോടൊപ്പം സോഫ്റ്റ് കോപ്പിയും സമര്‍പ്പിക്കണം. പേര്, വയസ്സ്, വിലാസം, മൊബൈല്‍ നമ്പര്‍, പഠിക്കുന്ന സ്ഥാപനത്തില്‍ നിന്ന് ലഭിച്ച ഐഡന്റിറ്റി കാര്‍ഡിന്റെ പകര്‍പ്പ് അല്ലെങ്കില്‍ സ്ഥാപന മേധാവി നല്‍കുന്ന സാക്ഷ്യപത്രം സഹിതമുള്ള എന്‍ട്രികള്‍ ഡിസംബര്‍ 18ന് വൈകീട്ട് നാലിനകം ജില്ലാ സപ്ലൈ ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് – 673020 എന്ന വിലാസത്തില്‍ നേരിട്ടോ രജിസ്ട്രേഡ് തപാലിലോ എത്തിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും യഥാക്രമം 5000, 2000, 1000 രൂപ ക്യാഷ് അവാര്‍ഡും നല്‍കും. ഒന്നാം സ്ഥാനത്തിനര്‍ഹമായ സൃഷ്ടി സംസ്ഥാനതല മത്സരത്തിലേക്ക് പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2370655
‘സര്‍ഗ്ഗസാക്ഷ്യം‘ യുവ സാഹിത്യ ക്യാമ്പ് വടകര ഇരിങ്ങല്‍ സര്‍ഗാലയില്‍
യുവ സാഹിത്യകാരന്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിനും വളര്‍ത്തുന്നതിനും സാഹിത്യസൃഷ്ടികള്‍ ചര്‍ച്ച ചെയ്യുന്നതിനും അവരുമായി സംവദിക്കുന്നതിനും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജനക്ഷേമബോര്‍ഡ് നടത്തുന്ന ‘സര്‍ഗസാക്ഷ്യം’ യുവ സാഹിത്യ ക്യാമ്പ് വടകര ഇരിങ്ങല്‍ സര്‍ഗാലയയില്‍ ഡിസംബര്‍ 17 മുതല്‍ 19 വരെ നടക്കും. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലെ 50 പ്രതിനിധികളാണ് മൂന്നു ദിവസത്തെ ക്യാമ്പില്‍ പങ്കെടുക്കുന്നത്.
ക്യാമ്പിന്റെ ഉദ്ഘാടനം ഡിസംബര്‍ 17ന് രാവിലെ 10 മണിക്ക് ടി.പദ്മനാഭന്‍ നിര്‍വഹിക്കും. സംസ്ഥാന യുവജനക്ഷേമബേര്‍ഡ് വൈസ് ചെയര്‍മാന്‍ എസ്.സതീഷ് അദ്ധ്യക്ഷനാകും.സി.വി ബാലകൃഷ്ണന്‍ വിശിഷ്ടാതിഥിയാകും. യു.എല്‍.സി.സി ചെയര്‍മാന്‍ രമേശന്‍ പാലേരി ആശംസ അര്‍പ്പിക്കും. ബോര്‍ഡ് അംഗങ്ങളായ ദിപു പ്രേംനാഥ്, ഷെരീഫ് പാലോളി, ഷെനിന്‍ എം.പി, ഷബീറലി.പി.എം, യുവജനക്ഷേമബേര്‍ഡ് മെമ്പര്‍ സെക്രട്ടറി വി.ഡി.പ്രസന്നകുമാര്‍, ജില്ലാ കോഡിനേറ്റര്‍ ടി.കെ.സുമേഷ് എന്നിവര്‍ സന്നിഹിതരായിരിക്കും. ക്യാമ്പ് ഡയറക്ടര്‍ ഇ.പി. രാജഗോപാലന്‍ ക്യാമ്പ് വിശദീകരണം നടത്തും.
‘കഥ -ജീവിതം- ചരിത്രം’ എന്ന സെഷനില്‍ അശോകന്‍ ചരുവില്‍ അവതരണം നടത്തും,’സാഹിത്യം-സമൂഹം-പ്രത്യയശാസ്ത്രം’ എന്ന വിഷയത്തില്‍ പ്രൊഫ. എം.എം.നാരായണന്‍ ക്ലാസെടുക്കും. ‘കാവ്യവിചാരം’ എന്ന സെഷനില്‍ വീരാന്‍കുട്ടി, മാധവന്‍ പുറച്ചേരി, ശിവദാസ് പുറമേരി, ഒ.പി.സുരേഷ്, സോമന്‍ കടലൂര്‍, ബിജു കാഞ്ഞങ്ങാട്, ശ്രീജിത്ത് അരിയല്ലൂര്‍, എം.ജീവേഷ്, വിമല്‍ പ്രസാദ്, ബിനീഷ് പുതുപ്പണം, അജിത രാജേഷ്, പി.ആര്‍.രതീഷ് എന്നിവര്‍ പങ്കെടുക്കും.
ഡിസംബര്‍ 18ന് ‘എഴുത്തനുഭവങ്ങള്‍’ എന്ന വിഷയത്തില്‍ വി.ആര്‍.സുധീഷ് അവതരണം നടത്തും . ‘സാഹിത്യം – സ്ത്രീ – സമൂഹം’ എന്ന സെഷന്‍ ഡോ. ഖദീജ മുംതാസ്,ഡോ. രാജശ്രീ ടീച്ചര്‍ എന്നിവര്‍ അവതിരിപ്പിക്കും. ‘നോവലിലെ ജ്ഞാനമണ്ഡലങ്ങള്‍’ എന്ന വിഷയത്തില്‍ കെ.പി.രാമനുണ്ണി സംസാരിക്കും. ‘അരങ്ങും സാഹിത്യവും’ എന്ന സെഷനില്‍ കരിവള്ളൂര്‍ മുരളി, ഇ.പി.രാജഗോപാലന്‍ എന്നിവര്‍ പങ്കെടുക്കും. ‘സാഹിത്യവിമര്‍ശനം സമകാലീന ദൗത്യങ്ങള്‍’ എന്ന വിഷയത്തില്‍ സജയ് കെ.വി, രാജേന്ദ്രന്‍ എടത്തുങ്കര എന്നിവര്‍ ക്ലാസെടുക്കും. മന്ത്രിയോടൊപ്പം എന്ന പരിപാടിയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്
സംസാരിക്കും. കാനത്തില്‍ ജമീല എം.എല്‍.എ , പയ്യോളി നഗരസഭ ചയര്‍മാന്‍ വടക്കയില്‍ ഷെഫീക്ക്, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ്.സതീഷ്, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗം ദിപു പ്രേംനാഥ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് ക്യാമ്പംഗങ്ങളുടെ സൃഷ്ടികളുടെ അവതരണവും വിലയിരുത്തലും നടക്കും. എ.വി.പവിത്രന്‍, വീരാന്‍കുട്ടി, ശിവദാസ് പുറമേരി എന്നിവര്‍ സംബന്ധിക്കും.
ഡിസംബര്‍ 19 ന് ‘വായനാവിസ്മയങ്ങള്‍’ എന്ന സെഷന്‍ കെ.ഇ.എന്‍ കുഞ്ഞഹമ്മദ് അവതിരിപ്പിക്കും. ‘കല-കാലം-ജനത’ എന്ന സെഷന്‍ എം.സ്വരാജ് അവതിരിപ്പിക്കും.’പുതുകാലം – പുതുകവിത’ എന്ന വിഷയത്തില്‍ മോഹനകൃഷ്ണന്‍ കാലടി, ഡി.അനില്‍കുമാര്‍, വിജില, അശോകന്‍ മറയൂര്‍, വിമീഷ് മണിയൂര്‍ എന്നിവര്‍ സംസാരിക്കും’സംഗീതവും സാഹിത്യവും’ എന്ന വിഷയത്തില്‍ വി.ടി.മുരളി ക്ലാസെടുക്കും.
സമാപനസമ്മേളനം സുഭാഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ്.സതീഷ് അദ്ധ്യക്ഷനാകും. യുവജനക്ഷേമ ബോര്‍ഡ് മെമ്പര്‍മാരായ വി.കെ.സനോജ്, ഷെരീഫ് പാലൊളി, ഷെനിന്‍ എം.പി, ഷബീറലി പി.എം എന്നിവര്‍ സന്നിഹിതരാകും
ഗതാഗതം നിരോധിച്ചു
ഈങ്ങാപ്പുഴ – കോടഞ്ചേരി റോഡില്‍ കൂപ്പായക്കോട് പാലം പുതുക്കിപ്പണിയുന്നതിനാല്‍ ഡിസംബര്‍ 20 മുതല്‍ പാലത്തിന്റെ പണി പൂര്‍ത്തിയാകുന്നത് വരെ ഇതു വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഈങ്ങാപ്പുഴയില്‍ നിന്നും കോടഞ്ചേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ചെമ്പരപ്പറ്റ കൈപ്പുറം വഴിയോ മലപുറത്ത് നിന്ന് തെയ്യപ്പാറ വഴിയോ പോകണം. കോടഞ്ചേരിയില്‍ നിന്നും ഈങ്ങാപ്പുഴയിലേക്ക് വരുന്ന വാഹനങ്ങള്‍ കണ്ണോത്ത് നിന്ന് കൈപ്പുറം വഴിയോ തെയ്യപ്പാറ വഴിയോ തിരിഞ്ഞ് പോകണം.
ബി.ടെക് ലാറ്ററൽ എൻട്രി സ്‌പോട്ട് അഡ്മിഷൻ
കേപ്പിന്റെ കീഴിലുള്ള മുട്ടത്തറ (9496814485), പെരുമൺ (9447013719), പത്തനാപുരം (9961474288), പുന്നപ്ര (9961466328), ആറൻമുള (9447290841), കിടങ്ങൂർ (9188255056), വടകര (9846700144), തലശ്ശേരി (9446654587), തൃക്കരിപ്പൂർ (9847690280) എൻജിനിയറിങ് കോളേജുകളിൽ ഒഴിവുള്ള ബി.ടെക് സീറ്റുകളിൽ ലാറ്ററൽ എൻട്രി സ്‌പോട്ട് അഡ്മിഷൻ 18 വരെ നടക്കും. അസൽ രേഖകൾ സഹിതം അതത് കോളേജിൽ നേരിട്ട് ഹാജരായി അഡ്മിഷൻ എടുക്കാം.
വിമുക്തി ഷോർട്ട് ഫിലിം മത്‌സരം നടത്തുന്നു
സംസ്ഥാന ലഹരി വർജ്ജനമിഷൻ വിമുക്തി സ്‌കൂൾ കോളേജ് വിദ്യാർത്ഥികളെ ലഹരിയുടെ ദൂഷ്യവശങ്ങൾ ബോധ്യപ്പെടുത്തുന്നതിനും സർഗ്ഗവാസനയെ പ്രോത്സാഹിപ്പിക്കുന്നതിനും ഷോർട്ട് ഫിലിം മത്‌സരം സംഘടിപ്പിക്കുന്നു. ഒന്നാം സമ്മാനം 25,000 രൂപയും ട്രോഫിയും പ്രശസ്തി പത്രവുമാണ്. രണ്ടാം സമ്മാനം 15,000 രൂപയും മൂന്നാം സമ്മാനം 10,000 രൂപയുമാണ്. മികച്ച സ്‌ക്രിപ്റ്റിന് 10,000 രൂപയും മികച്ച സംവിധായകന് 10,000 രൂപയും ലഭിക്കും.
സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾ 2022 ജനുവരി 31 നകം ഷോർട്ട് ഫിലിം vimukthiexcise@gmail.com ലേക്ക് അയയ്ക്കണം. മത്‌സര നിബന്ധനകളും മറ്റുവിശദാംശങ്ങളും vimukthi.kerala.gov.in ൽ ലഭിക്കും.
സ്‌കോൾ-കേരള: പ്ലസ് വൺ പ്രവേശന തീയതി നീട്ടി
സ്‌കോൾ-കേരള മുഖേന 2021-23 ബാച്ചിലേക്കുള്ള ഹയർ സെക്കൻഡറി കോഴ്‌സുകളുടെ ഒന്നാം വർഷ പ്രവേശന തീയതി നീട്ടി. പിഴയില്ലാതെ 24 വരെയും 60 രൂപ പിഴയോടെ 31 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്‌ട്രേഷൻ www.scolekerala.org യിൽ നടത്താം. ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയശേഷം അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം ജില്ലാ ഓഫീസുകളിൽ നേരിട്ടും സംസ്ഥാന ഓഫീസിൽ നേരിട്ടോ തപാൽ മാർഗ്ഗമോ എത്തിക്കണം.
അഡീഷണൽ മാത്തമാറ്റിക്‌സ് പ്രവേശനത്തിന് അപേക്ഷിക്കാം
വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാർഥികൾക്ക് സ്‌കോൾ-കേരള നടത്തുന്ന അഡീഷണൽ മാത്തമാറ്റിക്‌സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2021-23 ബാച്ചിൽ സംസ്ഥാനത്തെ ഏതെങ്കിലും ഒരു റെഗുലർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ ഒന്നാം വർഷം ‘ബി’ ഗ്രൂപ്പിൽ പ്രവേശനം നേടിയവരായിരിക്കണം.
www.scolekerala.org മുഖേനെ 16 മുതൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കോഴ്‌സ് ഫീസ് 500 രൂപ. കോഴ്‌സ് ഫീസ് ഓൺലൈനായും (ഇന്റർനെറ്റ് ബാങ്കിംഗ്/ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്) ഓഫ്‌ലൈനായും (പോസ്റ്റ് ഓഫീസ് മുഖേനെ) അടയ്ക്കാം. ഫീസ് വിവരങ്ങൾക്കും, രജിസ്‌ട്രേഷനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾക്കും സ്‌കോൾ-കേരളയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പ്രോസ്‌പെക്ടസ് പരിശോധിക്കുക.
പിഴ കൂടാതെ 2022 ജനുവരി 12 വരെയും, 60 രൂപ പിഴയോടെ ജനുവരി 19 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്‌ട്രേഷന് ശേഷം ഡൗൺലോഡ് ചെയ്ത അപേക്ഷയുടെ പ്രിന്റൗട്ടും, അനുബന്ധരേഖകളും രണ്ട് ദിവസത്തിനകം അതത് സ്‌കൂൾ പ്രിൻസിപ്പലിന്റെ സാക്ഷ്യപ്പെടുത്തലോടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര പി.ഒ., തിരുവനന്തപുരം-12 എന്ന വിലാസത്തിൽ ലഭ്യമാക്കണം.
ഭീകരവാദ ആരോപണം ബിജെപിയെ സഹായിക്കാന്‍: കെ.സുധാകരന്‍ എംപി
ആലുവയില്‍ ആത്മഹത്യ ചെയ്ത നിയമവിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണിന്റെ കുടുംബത്തിന് നീതിക്കായി പോരാടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിണറായി സര്‍ക്കാരിന്റെ പോലീസ് തീവ്രവാദികളായി ചിത്രീകരിച്ചത് ബിജെപിയെ സഹായിക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.
ആലുവായിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭീകരവാദ ബന്ധത്തെ കുറിച്ചുള്ള പോലീസ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം സംബന്ധിച്ച് കേന്ദ്ര രഹസ്യാനേഷണ ഏജന്‍സികള്‍ വിവരശേഖരണം തുടങ്ങിയെന്നാണ് കേരളത്തിലെ ഒരു പ്രധാനമാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. മുസ്ലീം പേരുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഭീകരപ്രവര്‍ത്തനത്തിന്റെ നിഴലില്‍ നിര്‍ത്തിയ പിണറായി വിജയന്റെ പോലീസിന്റെ നടപടി സംശയാസ്പദമാണ്. പോലീസിന്റെ നടപടി വിവാദമായപ്പോള്‍ രണ്ടു ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് തടിയൂരാന്‍ മുഖ്യമന്ത്രി ശ്രമിച്ചെങ്കിലും ഇത്തരം ഒരു നീക്കത്തിന് പിന്നില്‍ സിപിഎം,ബിജെപി അന്തര്‍ധാരയുണ്ട്.കേരളത്തില്‍ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുന്നതിനും ബിജെപിയെ വളര്‍ത്തുന്നതിനും ആവശ്യമായ സാഹചര്യമൊരുക്കുകയാണ് പിണറായി സര്‍ക്കാര്‍. ബിജെപിയുടെ വളര്‍ച്ചയ്ക്ക് ഇന്ധനം പകരുന്ന ഇത്തരം സംഘപരിവാര്‍ അജണ്ടകള്‍ മുഖ്യമന്ത്രി പോലീസിനെ ഉപയോഗിച്ച് നടപ്പാക്കുകയാണ്. പൗരത്വ നിയമത്തിനെതിരെ സമരം ചെയ്തവര്‍ക്കെതിരെ കേസെടുക്കുകയും അത് പിന്‍വലിക്കാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിയാണ് ഇപ്പോള്‍ ജനകീയ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ മുസ്ലീം പേരുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഭീകരവാദികളാക്കന്‍ ശ്രമിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.
മന്ത്രിയെ സംരക്ഷിക്കാനുള്ള ശ്രമം വിലപ്പോകില്ല:കെ.സുധാകരന്‍ എംപി
കണ്ണൂര്‍ വി സി നിയമനവുമായി ബന്ധപ്പെട്ട കോടതിവിധി ചൂണ്ടിക്കാട്ടി അധികാരദുര്‍വിനിയോഗം നടത്തിയ ഉന്നതവിദ്യാഭ്യാസ മന്ത്രിയെ സംരക്ഷിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെങ്കില്‍ അത് വിലപ്പോകില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.
വിസി നിയമനവുമായി ബന്ധപ്പെട്ട് ഈ മാസം രണ്ടാം തിയതി നടന്ന വാദത്തിന് ശേഷമാണ് കേസ് വിധിപറയാന്‍ മാറ്റിയത്. അതിന് ശേഷമാണ് വിസി നിയമനം ചട്ടവിരുദ്ധമാണെന്ന് ഗവര്‍ണ്ണര്‍ തുറന്ന് സമ്മതിക്കുകയും പ്രോ ചാന്‍സലറായ ഉന്നത വിദ്യാഭ്യാസ മന്ത്രി ഗവര്‍ണ്ണര്‍ക്കെഴുതിയ രണ്ടു കത്തുകള്‍ പുറത്തുവരുകയും ചെയ്തത്.ഗവര്‍ണ്ണറുടെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ വാദത്തിന് അവസരം നല്‍കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം നിര്‍ഭാഗ്യവശാല്‍ കോടതി പരിഗണിച്ചതുമില്ല. കൂടാതെ കണ്ണൂര്‍ വിസി നിയമനവുമായി ബന്ധപ്പെട്ട നിയമപോരാട്ടം തുടരുകയാണ്.ഇത്തരം ഒരു സാഹചര്യത്തിലുണ്ടായ വിധിയുടെ പശ്ചാത്തലത്തില്‍ ചട്ടവിരുദ്ധമായി നടത്തിയ നിയമനത്തെ വെള്ളപൂശാനാണ് സര്‍ക്കാരിന്റെ ശ്രമമെങ്കില്‍ അത് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നതിന് തുല്യമാണെന്നും സുധാകരന്‍ പറഞ്ഞു.
കണ്ണൂര്‍ വിസിയുടെ അടക്കം നിയമനങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെന്നാണ് മുഖ്യമന്ത്രി വാദിച്ചത്. എന്നാല്‍ ഈ അവകാശവാദം പൊളിക്കുന്നതാണ് മന്ത്രിയുടെ കത്തുകള്‍. സര്‍വകലാശാലയുടെ നിയമനങ്ങളില്‍ സര്‍ക്കാരിനോ പ്രോ ചാന്‍സലര്‍ കൂടിയായ വിദ്യാഭ്യാസ മന്ത്രിക്കും ഇടപെടാന്‍ അധികാരമില്ല. ഇതുമറികടന്ന് എന്തിനാണ് മന്ത്രി ഇടപെട്ടത്. ഇല്ലാത്ത അധികാരമാണ് മന്ത്രി പ്രയോഗിച്ചതെന്ന് അക്കാദമിക് രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. മന്ത്രിയുടെ നടപടി സ്വജനപക്ഷപാതവും ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനവുമാണ്.
പുറത്തുവന്ന രേഖകകളുടെ വെളിച്ചത്തില്‍ വിശദീകരണം നല്‍കാന്‍ മുഖ്യമന്ത്രിയോ ഉന്നതവിദ്യാഭ്യാസ മന്ത്രിയോ ഇതുവരെ തയ്യാറായിട്ടില്ല. ക്രമവിരുദ്ധമായി ഇടപെട്ടില്ലെങ്കില്‍ ഇരുവരും എന്തിനെയാണ് ഭയക്കുന്നത്. സര്‍വകലാശാലകളിലെ അധ്യാപക നിയമനം മുഴുവന്‍ പാര്‍ട്ടിക്ക് പിടിച്ചെടുക്കാനാണ് നാലാംകിട ആളുകളെ ഇടതുപക്ഷം വിസിയാക്കുന്നത്. പാര്‍ട്ടി നേതാക്കളുടെ ബന്ധുമിത്രാദികളാണ് ഇതിന്റെ ഗുണഭോക്താക്കാള്‍. സര്‍വകലാശാലകളിലെ അധ്യാപക നിയമനം അടിയന്തരമായി പിഎസ്സിക്കു വിടുക എന്നതാണ് ഇതിനുള്ള പ്രതിവിധിയെന്നും സുധാകരന്‍ പറഞ്ഞു

