പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ കഥ പറഞ്ഞ ദുൽഖർ സൽമാൻ നായകനായ കുറുപ്പ് എല്ലാ വിവാദങ്ങളെയും മറികടന്ന് പ്രദർശനം തുടർന്ന് കൊണ്ടിരിക്കുകയാണ്. ഇപ്പോൾ സിനിമയെക്കുറിച്ച് തങ്ങൾക്കുണ്ടായിരുന്ന പ്രതീക്ഷകളെല്ലാം എങ്ങനെ മാറി എന്നതിനെ ന്നതിനെ കുറിച്ച് തുറന്ന് പറയുകയാണ് ചിത്രത്തിൽ കുറുപ്പിന്റെ സുഹൃത്തായ ഭാസി പിള്ളയെ അവതരിപ്പിച്ച ഷൈൻ ടോം ചാക്കോ. തന്റെ പുതിയ ചിത്രത്തിന്റെ പൂജയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിലാണ് ഷൈൻ മനസ്സ് തുറന്നത്.
“കുറുപ്പിന് വലിയ തോതിൽ ടീം പ്രമോഷൻ നൽകിയിരുന്നു. കുറേ കാലത്തിന് ശേഷം സിനിമകൾ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുമ്പോൾ വീട്ടിൽ പോയി ആളുകളെ ക്ഷണിക്കുന്നതിന് സമാനമായ രീതിയിൽ തന്നെയായിരുന്നു പ്രമോഷൻ. അത് ആവശ്യമായിരുന്നു. പ്രമോഷൻ ചെയ്യുമ്പോഴും ആളുകൾ സ്വീകരിക്കും സിനിമകൾ കാണാൻ എത്തും എന്നൊരു പ്രതീക്ഷ മാത്രമാണ് ഞങ്ങൾക്കുണ്ടായിരുന്നത്. അല്ലാതെ ഇത്രത്തോളം ഒരു ഓളമോ ഹൗസ് ഫുൾ ഷോയോ ഒന്നും ഞങ്ങൾ ഒരിക്കൽ പോലും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ പിന്നീട് നടന്ന സംഭവങ്ങളെല്ലാം ഞങ്ങളെ എല്ലാവരേയും ഒരു പോലെ അത്ഭുതപ്പെടുത്തി എന്നതാണ് സത്യം” ഷൈൻ പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ കെടുതിക്കിടെ തീയേറ്ററുകൾ വീണ്ടും തുറന്നപ്പോൾ റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രങ്ങൾ പ്രേക്ഷകർ എന്ത്രത്തോളം ഏറ്റെടുക്കും എന്ന പേടി പല തിയേറ്റർ ഉടമകൾക്കുമുണ്ടായിരുന്നു. അതിനാൽ തന്നെ അവർ പ്രദർശനം നടത്താൻ ഒന്ന് മടിച്ചിരുന്നു. എന്നാൽ എല്ലാ പേടികളെയും കാറ്റിൽ പറത്തിക്കൊണ്ടായിരുന്നു കുറുപ്പ് സിനിമയെ പ്രേക്ഷകർ ഏറ്റെടുത്തത്.
മരക്കാർ പോലെ തന്നെ കൊവിഡിന് ശേഷം തിയേറ്ററുകളിലേക്ക് എത്തിയ ബിഗ് ബജറ്റ് സിനിമയായിരുന്നു ‘കുറുപ്പ്’. 1500 തിയറ്ററുകളിലായി നവംബർ 12നായിരുന്നു കുറുപ്പിന്റെ റിലീസ്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ പതിപ്പുകളിലാണ് ചിത്രം എത്തിയത്. കേരളത്തിൽ മാത്രം 450 തിയറ്ററുകൾക്ക് മുകളിൽ റിലീസുണ്ടായിരുന്നു.
. കുറുപ്പ് റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് അമ്പത് കോടി ക്ലബിലെത്തി. അമ്പത് ശതമാനം സീറ്റിംഗ് കപ്പാസിറ്റിയിൽ റിലീസ് ചെയ്ത സിനിമ ആദ്യ ദിനം കേരളത്തിൽ നിന്ന് ആറ് കോടി മുപ്പത് ലക്ഷം ഗ്രോസ് കളക്ഷൻ നേടിയതിന് പിന്നാലെയാണ് അമ്പത് കോടിയുടെ നേട്ടവും ചിത്രം സ്വന്തമാക്കുന്നത്.