
കോവിഡ് പ്രതിരോധ വാക്സിൻ വിതരണത്തിന്റെ മുൻഗണന പട്ടികയിൽ 50 വയസിൽ താഴെ പ്രായമുള്ള മറ്റ് അസുഖബാധിതരെ കൂടി മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി മാറ്റം വരുത്തി കേന്ദ്ര സർക്കാർ പുതിയ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി. പുതിയ മാനദണ്ഡം അനുസരിച്ച് പട്ടിക തയ്യാറാക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു.
ആരോഗ്യ പ്രവ൪ത്തക൪, കോവിഡ് പ്രതിരോധത്തിൽ മുൻനിരയിലുള്ള പൊലീസുദ്യോഗസ്ഥ൪, സൈനിക-അ൪ധ സൈനിക വിഭാഗങ്ങൾ അമ്പത് വയസിന് മുകളിൽ പ്രായമുള്ളവ൪ എന്നിവരെയാണ് വാക്സിൻ വിതരണത്തിന്റെ മുൻഗണന പട്ടികയിൽ കേന്ദ്രം ആദ്യം ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഇതിൽ മറ്റ് അസുഖങ്ങളുള്ള 50 വയസിൽ താഴയുള്ളവരെ കൂടി ഉൾപ്പെടുത്തുകയാണ് കേന്ദ്രം ചെയ്തിരിക്കുന്നത്. ഇതനുസരിച്ച് പുതിയ ഗുണഭോക്താക്കളെ കണ്ടത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു. ഉയ൪ന്ന രക്തസമ്മ൪ദം, അപസ്മാരം, പ്രമേഹം, ശ്വാസകോശ സംബന്ധമോ ഹൃദയ സംബന്ധമോ ആയ അസുഖം, വിവിധ തരം ക്യാൻസറുകൾ എന്നിങ്ങനെ മറ്റ് രോഗങ്ങളുള്ളവ൪ക്കാണ് വാക്സിൻ വിതരണം ചെയ്യുക.

