കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കോവിഡ് വ്യാപനം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. തീരുമാനത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണച്ചതായും പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. ഇതോടെ, ജനുവരിയില്‍ ബജറ്റ് സമ്മേളനത്തോടെയായിരിക്കും പാര്‍ലമെന്റ് വീണ്ടും സജീവമാകുകയെന്നും അദ്ദേഹം അറിയിച്ചു.
പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ച് കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യണം എന്നതുള്‍പ്പെടെ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷക സമരം ഡല്‍ഹിയില്‍ തുടരുന്നതിനിടെയാണ് കേന്ദ്ര തീരുമാനം. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരി കത്ത് നല്‍കിയിരുന്നു. അതിനുള്ള മറുപടിയായിട്ടാണ് ശീതകാലം സമ്മേളനം ഉപേക്ഷിച്ച കാര്യം പ്രഹ്ലാദ് ജോഷി അറിയിച്ചിരിക്കുന്നത്. ഇക്കാര്യം എല്ലാ പാര്‍ട്ടി നേതാക്കളുമായും അനൗദ്യോഗികമായി ചര്‍ച്ച ചെയ്തിരുന്നു. കോവിഡ് സാഹചര്യങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച എല്ലാവരും തീരുമാനത്തെ അനുകൂലിച്ചു. പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനം എത്രയും വേഗം നടത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇത്തരമൊരു കാര്യം തങ്ങളുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നും മന്ത്രി കള്ളം പറയുകാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.
ആറു മാസത്തിലൊരിക്കല്‍ പാര്‍ലമെന്റ് സമ്മേളിക്കണമെന്നാണ് ഭരണഘടന പറയുന്നത്. ഫെബ്രുവരി ഒന്നിന് ബജറ്റ് പ്രഖ്യാപനത്തിന് മുന്നോടിയായി ജനുവരി അവസാന വാരത്തിലാണ് ബജറ്റ് സമ്മേളനം ആരംഭിക്കുക. കോവിഡ് വ്യാപനത്തിനിടെയും സെപ്റ്റംബറില്‍ മണ്‍സൂണ്‍ സമ്മേളനം ചേര്‍ന്നിരുന്നു. വിവാദമായ കാര്‍ഷിക ബില്ലുകള്‍ ഉള്‍പ്പെടെ 27 സുപ്രധാന ബില്ലുകള്‍ മണ്‍സൂണ്‍ സമ്മേളനത്തിലാണ് പാസാക്കിയത്.