കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നവംബർ 13 കൽപ്പാത്തി രഥോത്സവം നടക്കുന്ന ദിവസമാണെന്നും ഇക്കാര്യം പ്രതിപക്ഷ നേതാവുമായി സംസാരിക്കുമെന്നും തെരെഞ്ഞെടുപ്പ് മാറ്റി വെക്കാൻ ശുപാർശ നൽകുമെന്നും ഷാഫി പറമ്പിൽ.നേതൃത്വവുമായി ആലോചിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനെ ഇക്കാര്യം അറിയിക്കും. പാലക്കാടിന്റെ ഏറ്റവും വലിയ ആഘോഷമാണ് രഥോത്സവം. 13,14,15 തീയതികളിലാണ് ഉത്സവം നടക്കുന്നതെന്നാണ് അറിയുന്നത്. കൽപാത്തി രഥോത്സവം നടക്കുന്ന ദിവസം വോട്ടെടുപ്പ് നടക്കുന്നത് ബാധിക്കും. രണ്ടോ മൂന്നോ ദിവസം വോട്ടെടുപ്പ് മാറിയാലും യുഡിഎഫ് വിജയിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. നിലവിലെ രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള മറുപടിയും തെരഞ്ഞെടുപ്പിൽ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നാണ് പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. മൂന്ന് മണ്ഡലങ്ങളിലും നവംബർ 13ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ നവംബർ 23ന് നടക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് എം.എല്‍.എ ഷാഫി പറമ്പിലും ചേലക്കര എം.എല്‍.എയും മന്ത്രിയുമായിരുന്ന കെ.രാധാകൃഷ്ണനും ജയിച്ച് ലോക്‌സഭാംഗങ്ങളായതോടെയാണ് ഈ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്.
രണ്ടിടങ്ങളില്‍ ജയിച്ച രാഹുല്‍ ഗാന്ധി വയനാട് ഒഴിഞ്ഞതോടെയാണ് അവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഉപതെരഞ്ഞെടുപ്പിന് ഇനി 28 നാൾകൂടിയുണ്ട്. പത്രിക സമർപ്പണം ഈ മാസം 29 മുതൽ ആരംഭിക്കും. തികഞ്ഞ് ആത്മവിശ്വാസത്തിലാണ് മുന്നണികൾ. ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടാകും.