തമിഴ്നാട് ആറണിയിൽ മന്ത്രവാദവും നരബലിയും നടക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയിൽ വീട് തകര്‍ത്ത് പോലീസ് ആറുപേരെ അറസ്റ്റ് ചെയ്തു.വീട്ടിൽ മൂന്ന് ദിവസമായി വാതിലടച്ച് മന്ത്രവാദം നടക്കുന്നു എന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് പൊലീസും റവന്യൂ അധികൃതരും സ്ഥലത്തെത്തിയത്. പൂജ തടസപ്പെടുത്തിയാല്‍ സ്വയം ബലി നല്‍കുമെന്നുന്ന് ഭീഷണിപ്പെടുത്തിയ ഇവര്‍ വീടിന്റെ വാതില്‍ തുറക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ജെസിബി കൊണ്ട് വന്നു വാതില്‍ തകര്‍ത്താണ് റവന്യൂ വകുപ്പ് അധികൃതരും പൊലീസും വീടിനുള്ളില്‍ കയറിയത്.തിരുവണ്ണാമല ആറണി എസ്വി ടൗണിനടുത്ത് ദസറാപേട്ടിലുള്ള ധനപാലന്റെ വീട്ടിൽ പൂജ നടന്നു വരികയായിരുന്നു. രണ്ടാം ദിവസം രാത്രി വീട്ടിനുള്ളില്‍ നിന്ന് നിലവിളി ശബ്ദവും മറ്റും കേട്ടു. ഇതോടെ പൂജയെക്കുറിച്ച് നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മൂന്നാം ദിവസം രാവിലെ സ്ഥലത്ത് എത്തിയ തസില്‍ദാരും പോലീസും മുട്ടി വിളിച്ചിട്ടും ആരും വാതില്‍ തുറന്നില്ല. വീടിന്റെ അകത്തു നിന്നു പൂജയും അലര്‍ച്ചയും തുടരുകയും ചെയ്തു.വാതിൽ തുറക്കാൻ ശ്രമിച്ചാൽ കഴുത്തറുത്ത് ആത്മഹത്യ ചെയ്യുമെന്നും പൂജ തടസ്സപ്പെടുത്തരുതെന്നും ഉള്ളിലുണ്ടായിരുന്നവർ വിളിച്ചുപറഞ്ഞു. തുടര്‍ന്നു നാട്ടുകാരുടെ സഹായത്തോടെ മണ്ണുമാന്തി യന്ത്രം കൊണ്ടുവന്നു വാതില്‍ തകര്‍ത്ത് പോലീസ് സംഘം വീടിന്റെ അകത്തു കയറുകയായിരുന്നു. മുറിവേറ്റ് ചോര ഒലിച്ച നിലയിലായിരുന്നു കുടുംബാംഗങ്ങള്‍. മുറിയിലാകെ പാവകള്‍ നിരത്തിയിട്ടിരുന്നു.ധനപാലൻ, കാമാക്ഷി ദമ്പതികളുടെ ചെറുമകളായ ഗോമതി അടുത്ത കാലത്ത് ആനപ്പടി സ്വദേശിയായ പ്രകാശ് എന്ന പൂജാരിയുമായി വിവാഹിതയായിരുന്നു. ഗോമതിക്ക് പ്രേതബാധയുണ്ടെന്ന അന്ധവിശ്വാസത്തിൽ ഇയാളുടെ നേതൃത്വത്തിലാണ് മന്ത്രവാദം നടന്നതെന്നാണ് വിവരം, ബലപ്രയോഗത്തിലൂടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടയില്‍ മന്ത്രവാദി പ്രകാശ് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു.
മൂന്ന് ദിവസമായി വീട് അടച്ചിട്ട് പൂജ;അലറിക്കരച്ചിലും നിലവിളിയും, നരബലി സംശയം പരാതിയിൽ വീട് തകർത്ത് ആറുപേരെ അറസ്റ്റ് ചെയ്ത് പോലീസ്

