നാളെ ആചരിക്കാനിരുന്ന ദേശീയ സിനിമാ ദിനം സെപ്തംബർ 23 ലേക്ക് മാറ്റിവച്ചു. രാജ്യത്തെ മൾട്ടിപ്ലക്സുകളിൽ 75 രൂപ നിരക്കിൽ സിനിമ ടിക്കറ്റുകൾ ലഭ്യമാക്കികൊണ്ടാണ് ദേശീയ സിനിമാ ദിനം ആഘോഷിക്കാൻ തീരുമാനിച്ചിരുന്നത്. ഒട്ടനവധി മൾട്ടി പ്ലക്‌സുകൾ ഇതിൽ പങ്കെടുക്കുന്നുണ്ടെന്നും അറിയിപ്പുണ്ടായിരുന്നു. ബോളിവുഡ് ചിത്രം ‘ബ്രഹ്മാസ്ത്ര’യ്ക്ക് ലഭിച്ച സ്വീകാര്യതയും തിയേറ്റർ വിജയവുമാണ് സിനിമാ ദിനം മാറ്റിവയ്ക്കുന്നതിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ.
രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അയാൻ മുഖർജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്ര 225 കോടിയാണ് ആദ്യ വാരത്തിൽ ആഗോള തലത്തിൽ നേടിയത്. ഇന്ത്യയിൽ മാത്രം 5100 സ്ക്രീനുകളും ലോകമോമ്പാടുമായി 8900 സ്ക്രീനുകളിലുമായി പ്രദർശനം തുടരുകയാണ്. ഒരു സിനിമ റിലീസ് ചെയ്താൽ ആദ്യത്തെ രണ്ടാഴ്ചകളിലെ വരുമാനം നിർണായകമാണ്. നാളുകൾക്ക് ശേഷമുള്ള ബോളിവുഡിന്റെ വിജയത്തിനിടയിൽ, വാരാന്ത്യ കളക്ഷൻ കൂടി മുൻനിർത്തി നാളെ 75 രൂപ നിരക്കിൽ ടിക്കറ്റ് ലഭ്യമാക്കുക സാധ്യമാകില്ല എന്ന കാർണത്താലാണ് തിയ്യതി മാറ്റുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.