കാലിഫോര്‍ണിയ: ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി ശുഭാംശു ശുക്ലയും ആക്‌സിയം 4 ദൗത്യസംഘവും ഇന്ന് ഭൂമിയിലെത്തും. ഇന്നലെ വൈകുന്നേരം 4:45-ഓടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് യാത്ര പുറപ്പെട്ട ക്രൂ ഡ്രാഗണ്‍ ഗ്രേസ് പേടകം ഇപ്പോള്‍ ബഹിരാകാശത്ത് കൂടി സഞ്ചരിക്കുകയാണ്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെ പേടകത്തിലെ ത്രസ്റ്ററുകള്‍ പ്രവര്‍ത്തിപ്പിച്ച് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കാനുള്ള നടപടികള്‍ തുടങ്ങും. കാലിഫോര്‍ണിയ തീരത്ത് 3:01-ഓടെ ഡ്രാഗണ്‍ ഗ്രേസ് പേടകം ഇറങ്ങും.
ശുഭാംശു ശുക്ല അടങ്ങുന്ന ആക്സിയം 4 സംഘത്തെ വഹിച്ചുകൊണ്ട് ക്രൂ ഡ്രാഗണ്‍ ഗ്രേഡ് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഹാര്‍മണി മൊഡ്യൂളില്‍ നിന്ന് വേര്‍പ്പെട്ട് ഇന്നലെ ഇന്ത്യന്‍ സമയം വൈകിട്ട് 4:45-നാണ് ഭൂമി ലക്ഷ്യമാക്കി പുറപ്പെട്ടത്. ശുഭാംശു ശുക്ലയ്ക്ക് പുറമെ മുതിര്‍ന്ന അമേരിക്കന്‍ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്‌നാന്‍സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപു എന്നിവരാണ് പേടകത്തിലുള്ളത്.

