ചുവരുകൾ നിറയെ വർണ്ണശബളമായ ചിത്രങ്ങൾ, കൊച്ചു ലൈബ്രറി, കളിക്കോപ്പുകൾ, പനങ്ങാട് പഞ്ചായത്തിലെ കാട്ടാംവള്ളി അങ്കണവാടി എല്ലാനിലയിലും അതിമനോഹരമാണ്. അതുകൊണ്ടുതന്നെയാണ് ഈ അങ്കണവാടി ഐ. എസ്.ഒ അംഗീകാരം നേടിയതും. വലിയ ഫീസ് വാങ്ങുന്ന സ്വകാര്യ നഴ്സറികളോട് കിടപിടിക്കുന്ന സജ്ജീകരണങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ശിശുസൗഹൃദ ടോയ്ലറ്റ്, പഠനമുറി, വിശ്രമമുറി, ഭക്ഷണമുറി, അടുക്കള, സ്റ്റോർ റൂം, ഇൻഡോർ, ഔട്ട്ഡോർ കളിസ്ഥലം, ടിവി, ഹാൾ, പൂന്തോട്ടം, കുടിവെള്ളം തുടങ്ങിയ എല്ലാ സൗകര്യങ്ങളുമുണ്ട് ഇവിടെ.
ഈ വർഷം മെയ് മാസത്തിൽ ആണ് അങ്കണവാടിക്ക് ഐ എസ് ഒ അംഗീകാരം ലഭിച്ചത്. ശിശുവികസന വകുപ്പും പനങ്ങാട് ഗ്രാമപഞ്ചായത്തും നടത്തുന്ന മുന്നേറ്റങ്ങളുടെ മാതൃകയാണ് കാട്ടാംവള്ളി അങ്കണവാടി. അനൗപചാരിക പ്രീപ്രൈമറി വിദ്യാഭ്യാസം, അനുപൂരക പോഷകാഹാരം, വളർച്ചാ നിരീക്ഷണം, ആരോഗ്യപ്രതിരോധ കുത്തിവെപ്പും ചികിത്സയും, ആരോഗ്യ പോഷണ വിദ്യാഭ്യാസം, ആരോഗ്യ പരിശോധന റഫറൽ സർവീസ് തുടങ്ങിയ സേവനങ്ങൾ നൽകുന്നതിലെ കൃത്യത, വിവിധ രജിസ്റ്ററുകൾ, അപകടങ്ങൾ തടയാനുള്ള സജ്ജീകരണങ്ങൾ തുടങ്ങിയവ പരിശോധിച്ചാണ് ഐ എസ് ഒ അംഗീകാരം നൽകിയത്.
അങ്കണവാടിയിലെ പ്രേമടീച്ചറും 12 കുട്ടികളും രാവിലെ മുതൽ വൈകീട്ടുവരെ ഇവിടെയൊരുക്കുന്ന ലോകം അക്ഷരങ്ങളുടേത് മാത്രമല്ല. ആശയങ്ങളിൽ ഊന്നിയ പഠനം കുട്ടികളിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. വനിതാ ശിശുവികസന വകുപ്പിന്റെ മുഴുവൻ സമയ ഇടപെടലുകളും സഹായവും അങ്കണവാടിക്കുണ്ട്. ഗ്രാമപഞ്ചായത്ത് ഫണ്ടായ 58,448 രൂപ ചെലവിലാണ് അങ്കണവാടി നവീകരിച്ചത്.

