രാജ്യ തലസ്ഥാനത്തെ വെള്ളത്തിൽ മുക്കി യമുന നദി കരകവിഞ്ഞൊഴുകുന്നത് തുടരുന്നു. ജലനിരപ്പ് പതുക്കെ താഴുന്നുണ്ടെങ്കിലും താഴ്ന്നപ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിൽ തന്നെയാണ്. നീരൊഴുക്ക് കുറയുന്നതോടെ നഗരത്തിലെ വെള്ളപ്പൊക്ക ദുരിതം അടുത്ത ദിവസങ്ങളില്‍ നീങ്ങുമെന്ന് പ്രതീക്ഷയുണ്ടെങ്കിലും ഇന്ന് വീണ്ടും മഴ പെയ്യുമെന്ന മുന്നറിയിപ്പ് ആശങ്ക ഉയര്‍ത്തുന്നുണ്ട്.
207.53 മീറ്ററാണ് രാവിലെ ഒമ്പത് മണിക്ക് യമുനാ നദിയിലെ ജലനിരപ്പ്. 205.33 മീറ്ററില്‍ താഴേക്ക് താഴ്ന്നാൽ മാത്രമേ അപകടനില മറികടക്കാനാകൂ. ഓടകളിലേയും മറ്റും മലിനജലം കലര്‍ന്നൊഴുകിയത് ഡല്‍ഹി നിരത്തുകളില്‍ വലിയ ദുര്‍ഗന്ധത്തിനിടയാക്കിയിട്ടുണ്ട്.
യമുനാനദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനുപിന്നാലെ മൂന്ന് ജലശുദ്ധീകരണ പ്ലാന്റുകള്‍ അടച്ചതോടെ നഗരത്തില്‍ കുടിവെള്ളക്ഷാമവും ഉണ്ട്. ജലലഭ്യത കുറഞ്ഞതോടെ ജലവിതരണം 25 ശതമാനം വെട്ടിക്കുറയ്ക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് തലസ്ഥാനത്ത് കുടിവെള്ളക്ഷാമം രൂക്ഷമായത്.
അടുത്ത രണ്ട് ദിവസങ്ങളില്‍ മഴയുണ്ടാകുമെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തലസ്ഥാനത്തും വൃഷ്ടിപ്രദേശങ്ങളിലും കൂടുതല്‍ മഴ പെയ്യുമെന്ന കാലാവസ്ഥാ പ്രവചനം യാഥാര്‍ഥ്യമായാല്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

