കോഴിക്കോടിനെ വാട്ടര്‍ സെന്‍സിറ്റീവ് സിറ്റിയായി മാറ്റുന്നതിനുള്ള കാഴ്ചപ്പാടുകള്‍ വിഭാവനം ചെയ്യുന്നതിനായി കെ.എസ്.സി.എസ്.ടി.ഇ ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്‍ഡോ- നെതെര്‍ലാന്‍ഡ് ഇന്റര്‍നാഷണല്‍ ശില്പശാല നടത്തി. ഹോട്ടല്‍ താജ് ഗേറ്റ് വേയില്‍ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി നിര്‍വഹിച്ചു. 2060-ഓടെ കോഴിക്കോടിനെ വാട്ടര്‍ സെന്‍സിറ്റീവ് സിറ്റിയായി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് ശില്പശാല ചര്‍ച്ച ചെയ്തത്.
‘വാട്ടര്‍ ഫോര്‍ ചേഞ്ച്: ‘അതിവേഗം വളരുന്ന നഗരങ്ങള്‍ക്കായി സംയോജിതവും, അനുയോജ്യവുമായ ജല-സെന്‍സിറ്റീവ് നഗര രൂപകല്‍പ്പന ചട്ടക്കൂട്’ എന്ന ഗവേഷണ പദ്ധതിയുടെ കീഴിലെ രണ്ടാമത്തെ ശില്പശാലയാണിത്. കേന്ദ്ര സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും നെതെര്‍ലാന്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ സയന്റിഫിക് റിസെര്‍ച്ചിന്റെയും സഹകരണത്തോടെ, കോഴിക്കോട്, ഭുജ് (ഗുജറാത്ത്), ഭോപ്പാല്‍ (മധ്യപ്രദേശ്) എന്നിവിടങ്ങളില്‍ പദ്ധതി നടപ്പിലാക്കും. ശില്പശാലയില്‍ കോഴിക്കോടിനെ വാട്ടര്‍ സെന്‍സിറ്റീവ് സിറ്റിയായി ഉയര്‍ത്താന്‍ വേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് രുചിക ശിവ (ഐ.ആര്‍.സി) വിശദീകരിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങളും പുത്തന്‍ ആശയങ്ങളും സി.ഡബ്ല്യൂ.ആര്‍.ഡി.എമ്മിലെ പി.എച്ച്ഡി സ്‌കോളര്‍ എ. നവനീത് പങ്കുവെച്ചു. ഏകദിന ശില്പശാലയുടെ ഭാ?ഗമായി മൂന്നു ദിവസത്തെ നഗര സന്ദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.
ചടങ്ങില്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഇന്ത്യയിലെ നെതെര്‍ലാന്‍ഡ് എംബസി, നെതെര്‍ലാന്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ സയന്റിഫിക് റിസര്‍ച്ച്, ഇന്ത്യാ ഗവണ്‍മെന്റിന്റെ ശാസ്ത്ര സാങ്കേതിക മന്ത്രാലയം, നെതെര്‍ലാന്‍ഡിലെയും ഇന്ത്യയിലെയും വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു. ഡോ. തനേഹ കെ. ബച്ചിന്‍, (നെതര്‍ലാന്റസ്) ഡോ. എം.എല്‍. കന്‍സല്‍ (ഐ.ഐ.ടി റൂര്‍ക്കി)ഡോ. ബെറി ജെ. ബോണെന്‍കാംപ് (ഡച്ച് റിസര്‍ച്ച് കൗണ്‍സില്‍)ഡോ. സഞ്ജയ് കുമാര്‍ (കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം) നിഷി ചന്ദ്ര പന്ത്, ഡോ. പി. ശ്രീദ എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഡ് കൗണ്‍സിലര്‍മാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, അക്കാദമിക് സ്ഥാപനങ്ങള്‍, പൗര സംഘടനകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അധികാരികള്‍/ ഉദ്യോഗസ്ഥര്‍, ഗവേഷക സംഘം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വാട്ടര്‍ ഫോര്‍ ചേഞ്ചിന്റെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ. പി.എസ്. ഹരികുമാര്‍ സ്വാ?ഗതവും സി.ഡബ്ല്യൂ.ആര്‍.ഡി.എമ്മിലെ സയന്റിസ്റ്റ് ഡോ. യു. സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.