നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ അപ്രതീക്ഷിത വിയോഗത്തിന്റെഞെട്ടലിലാണ് ആരാധകരും സിനിമ പ്രേമികളും.ജീവിതത്തെ കുറിച്ചും മരണത്തെ കുറിച്ചും നിരവധി പോസ്റ്റുകളാണ് അദ്ദേഹം ഫേസ്ബക്കിൽ കുറിച്ചത്. ജിം മോറിസണ്‍, ജോര്‍ജ് കാര്ലിന് തുടങ്ങിയവരുടെ വാചകങ്ങളാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.
‘കുറേശ്ശെ ഉമിനീര് ദീര്‍ഘകാലഘട്ടത്തില്‍ വിഴുങ്ങുന്നതിലൂടെയാണ് മരണം സംഭവിക്കുന്നത്.’
‘ചിലയാളുകള്‍ നല്ലവണ്ണം കരുതല്‍ കാണിക്കും. അതിനെയാണ് സ്നേഹം എന്ന് പറയുന്നത്. ‘
‘ജീവിതം എന്ന് പറയുന്നത് ബില്ലുകള്‍ അടക്കുക എന്നതാണ്. ‘
‘ഞാന്‍ വിചാരിക്കുന്നത് കലയില്‍ പ്രത്യേകിച്ച് സിനിമയില്‍, ആളുകള്‍ അവര്‍ നിലനില്‍ക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ശ്രമിക്കുന്നുവെന്നാണ്.’ഈ പോസ്റ്റുകളുടെ താഴെ നിരവധി ആരാധകരാണ് ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്.രാവിലെ കാപ്പിയുമായി സഹായി ചെല്ലുമ്പോള്‍ മരിച്ച് കിടക്കുകയായിരുന്നുവെന്ന് ബന്ധു പറഞ്ഞു.ജോലിക്കാരൻ വീട്ടിലെത്തിയപ്പോഴാണ് ഇദ്ദേഹത്തെ കിടപ്പുമുറിയിൽ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി അദ്ദേഹം നൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1978 ൽ ഭരതനാണ് ഇദ്ദേഹത്തെ ആരവമെന്ന സിനിമയിലൂടെ വെള്ളിത്തിരയ്ക്ക് പരിചയപ്പെടുത്തിയത്. 1979 ൽ പുറത്തുവന്ന തകര പ്രതാപ് പോത്തന്റെ ജീവിതത്തിലെ എക്കാലത്തെയും മികച്ച സിനിമയാണ്. 1980 ൽ പുറത്തുവന്ന ലോറി, ചാമരം എന്നീ സിനിമകളിലൂടെയാണ് പ്രതാപ് പോത്തൻ സിനിമാ രംഗത്ത് ചുവടുറപ്പിച്ചത്.
മലയാളം, തമിഴ്,കന്നട, തെലുങ്കു, ഹിന്ദി എന്നീ ഭാഷകളിലുള്ള 95 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മുപ്പതോളം ചിത്രങ്ങൾ സംവിധാനം ചെയ്തു. തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും പ്രശസ്തനാണ്. മലയാളത്തിൽ ‘ഋതുഭേദം,’ ‘ഡെയ്സി,’ ‘ഒരു യാത്രാമൊഴി’ എന്നീ ചിത്രങ്ങളും തെലുഗിൽ ‘ചൈതന്യ’ എന്ന ചിത്രവും തമിഴിൽ ‘ജീവ,’ ‘വെറ്റ്രിവിഴ,’ ‘ലക്കിമാൻ’ തുടങ്ങിയ ചിത്രങ്ങളും ശ്രദ്ധ നേടിയവയാണ്.
സിബിഐ 5 ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം. കലണ്ടര്‍, അയാളും ഞാനും തമ്മില്‍, 3 ഡോട്സ്, ആറു സുന്ദരിമാരുടെ കഥ, അരികില്‍ ഒരാള്‍, ഇടുക്കി ഗോള്‍ഡ്, ലണ്ടന്‍ ബ്രിഡ്ജ്, ബാംഗ്ലൂര്‍ ഡെയ്സ്, മുന്നറിയിപ്പ്, വേഗം, മറിയം മുക്ക്, അപ്പവും വീഞ്ഞും, കനല്, എസ്ര, ഉയരെ, പച്ചമാങ്ങ, ഫോറന്‍സിക് തുടങ്ങിയവയാണ് പോത്തൻ അഭിനയിച്ച മറ്റു മലയാള ചിത്രങ്ങൾ.
പ്രതാപ് പോത്തന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു
നടനും സിനിമാ സംവിധായകനുമായ പ്രതാപ് പോത്തന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു.
അയത്നലളിതവും വ്യത്യസ്തവുമായ അഭിനയത്തിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ പ്രതിഭയെയാണ് നഷ്ടമായത്. സംവിധായകൻ എന്ന നിലയിലും നിർമാണ രംഗത്തെ സംഭാവന കൊണ്ടും തെന്നിന്ത്യൻ സിനിമയിൽ തന്റേതായ മുദ്രപതിപ്പിച്ച കലാകാരനായിരുന്നു അദ്ദേഹം. ഇടക്കാലത്ത് ചലച്ചിത്ര രംഗത്തുനിന്ന് വിട്ടുനിന്നപ്പോഴും ആസ്വാദക മനസ്സുകളിൽ പ്രതാപിന്റെ സ്ഥാനം മങ്ങിയില്ല. മലയാള ചലച്ചിത്രത്തിലെ മാറുന്ന ഭാവുകത്വത്തിനൊപ്പം അഭിനയത്തിലൂടെ പ്രതാപ് സഞ്ചരിച്ചു.
തകര അടക്കമുള്ള ചിത്രങ്ങളിലെ തനിമയാര്‍ന്ന വേഷങ്ങൾ തലമുറയിൽ നിന്ന് തലമുറകളിലേക്ക് പകരുന്ന അനുഭവം തന്നെയാണ്.
വ്യത്യസ്ത ഘട്ടങ്ങളിൽ രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളിൽ ശരിയായ അഭിപ്രായപ്രകടനങ്ങൾ നടത്തിയും അദ്ദേഹം ശ്രദ്ധേയനായിട്ടുണ്ട്.
തന്റെ അവസാനകാലത്തും ഊർജസ്വലതയോടെ സിനിമാരംഗത്ത് സജീവമായി തുടരാൻ അദ്ദേഹത്തിന് കഴിഞ്ഞു. പ്രതാപ് പോത്തന്റെ വിയോഗത്തിൽ ദുഃഖിക്കുന്നവർക്കൊപ്പം പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
പ്രതാപ് പോത്തൻ്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എം ബി രാജേഷ് അനുശോചിച്ചു
മലയാളികളുടെ പ്രിയ തകരയ്ക്ക് നിയമസഭാ സ്പീക്കർ എം ബി രാജേഷ് ആദരാഞ്ജലികൾ അർപ്പിച്ചു.പല ഭാഷകളിലായി, അനേകം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടും പ്രതാപ് പോത്തൻ എന്ന നടൻ മലയാളിക്കെന്നും തകരയാണ്.ഇംഗ്ലീഷ് ചുവയുള്ള മലയാളവുമായി വന്ന ആ നടൻ പുതിയ കാല സിനിമകളിലും സജീവമായി.കാലവും സിനിമയുടെ സ്വഭാവവും മാറിയതിനൊപ്പം സഞ്ചരിക്കാനാവുക എന്നത് ഒരു നടനെ സംബന്ധിച്ച് പ്രധാനമാണ്.ചെയ്ത കഥാപാത്രങ്ങളുടെ പേരിൽ ഓർക്കപ്പെടുന്നു എന്നത് ഒരു നടനെ അനശ്വരനാക്കുന്നു.അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ സ്പീക്കറും പങ്കു ചേരുന്നു.
പ്രതാപ് പോത്തന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് അനുശോചിച്ചു
നടനും സംവിധായകനും തിരക്കഥാകൃത്തുമായ പ്രതാപ് പോത്തന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് അനുശോചിച്ചു.
പ്രേക്ഷക സങ്കല്പങ്ങളില് നിന്നും വ്യത്യസ്തമായ അസാധാരണ കഥാപാത്രങ്ങളായാണ് പ്രതാപ് പോത്തന് നമുക്ക് മുന്നില്‍ എക്കാലവും നിറഞ്ഞ് നില്‍ക്കുന്നത്. ആരവം, ചാമരം, തകര എന്നീ സിനിമകളാണ് പ്രതാപ് പോത്തന്റെ ഈ വ്യത്യസ്തത നമുക്കുള്ളില്‍ പ്രതിഷ്ഠിച്ചത്. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം 2012-ല്‍ പുറത്തിറങ്ങിയ ’22 ഫീമെയില്‍ കോട്ടയം’ എന്ന ചിത്രത്തിലെ നെഗറ്റീവ് റോളിലും ഈ വ്യത്യസ്തത പ്രകടമാണ്. മലയാളം, തമിഴ്, കന്നട, തെലുഗു, ഹിന്ദി ഭാഷകളിലായി നൂറോളം ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.പ്രതാപ് പോത്തനെ സ്നേഹിക്കുന്നവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.