എന്‍ജിനീയറിങ്/ ഫാര്‍മസി കോഴ്സ് പ്രവേശനത്തിനായി നാളെ നടക്കുന്ന കീം പരീക്ഷയില്‍ കോഴിക്കോട് ജില്ലയില്‍ 14,390 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും. 37 സ്‌കൂളുകളില്‍ ഒരുക്കിയിട്ടുള്ള സെന്ററുകളിലാണ് പരീക്ഷ നടക്കുക. കോവിഡ് പ്രതിരോധ ചട്ടപ്രകാരമാണ് ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചത്. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12.30 വരേയും ശേഷം 2.30 മുതല്‍ വൈകീട്ട് അഞ്ച് മണി വരേയുമാണ് പരീക്ഷാ സമയം.
പരീക്ഷാ കേന്ദ്രങ്ങള്‍ അഗ്‌നിരക്ഷാ സേന അണുവിമുക്തമാക്കിയിട്ടുണ്ട്. അഞ്ച് വീതം സന്നദ്ധപ്രവര്‍ത്തകര്‍ ഓരോ സ്‌കൂളിലും ഉണ്ടായിരിക്കും. പരീക്ഷയ്ക്ക് എത്തുന്ന വിദ്യാര്‍ഥികളുടെ സാമൂഹിക അകലം, തെര്‍മല്‍ സ്‌ക്രീനിങ്, സാനിറ്ററൈസിങ് എന്നിവയുടെ ചുമതല ഇവര്‍ക്കാണ്. ഹോട്ട്സ്പോട്ട്, കണ്ടെയ്ന്‍മെന്റ് സോണ്‍ എന്നിവിടങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ കോവിഡ് വ്യാപനം തടയാനുള്ള മുന്‍കരുതലുകളാണ് സ്വീകരിച്ചിട്ടുള്ളത്. ക്വാറന്റൈനിലുള്ള വിദ്യാര്‍ഥികള്‍ക്കും തെര്‍മല്‍ സ്‌ക്രീനിങ്ങില്‍ ഉയര്‍ന്ന താപനിലയുള്ള വിദ്യാര്‍ഥികള്‍ക്കുമായി ഓരോ സെന്ററുകളിലും പ്രത്യേകമായി രണ്ട് മുറികള്‍ സജ്ജീകരിച്ചിട്ടുണ്ട്. പ്രത്യേക മുറികളില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ മറ്റു വിദ്യാര്‍ഥികളുമായി സമ്പര്‍ക്കത്തില്‍ വരാതെ നോക്കും. ഒരു ക്ലാസ് മുറിയില്‍ 20 പേരാണ് പരീക്ഷ എഴുതുന്നത്.
പരീക്ഷാ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ പൊലിസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫയര്‍ഫോഴ്സ്, ആരോഗ്യം, തദ്ദേശ സ്ഥാപനം എന്നീ വകുപ്പുകളുടെ സേവനം ലഭ്യമാണ്. പരീക്ഷാ കേന്ദ്രങ്ങളുടെ ചുമതല അതത് സ്‌കൂള്‍ ഹെഡ്മാസ്റ്ററായ ചീഫ് സൂപ്രണ്ടിനാണ്.