കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ തെരെഞ്ഞെടുപ്പ് ആൾമാറാട്ട കേസിൽ ക്രിസ്ത്യൻ കോളജ് പ്രിൻസിപ്പൽ ജി.ജെ.ഷൈജുവിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ഏഴാം അഡിഷനൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. സർവകലാശാല റജിസ്ട്രാർ സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.
കോളജ് പ്രിൻസിപ്പൽ എന്ന നിലയിൽ സർവകലാശാല ചട്ടങ്ങൾ അനുസരിച്ചാണ് നടപടി സ്വീകരിച്ചതെന്നും വ്യാജരേഖ ചമച്ചു എന്നു പറയുന്നതിന് അടിസ്ഥാനമില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ ശാസ്തമംഗലം അജിത് കുമാർ വാദിച്ചു. സംഭവത്തിൽ ഗുഢാലോചന നടന്നു എന്നു പറയുന്നത് പോലീസ് മാത്രമാണെന്നും പ്രിൻസിപ്പൽ നിരപരാധിയാണെന്നും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. പ്രിൻസിപ്പൽ നടത്തിയത് ഗൂഢാലോചനയാണെന്നും പോലീസ് അതെല്ലാം അക്കമിട്ട് വിവരിച്ചിട്ടുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടർ ഹരീഷ് മറുപടി നൽകി.
യൂണിവേഴ്സിറ്റി കൗൺസിലർ സ്ഥാനത്തേക്ക് നിലവിലെ സ്ഥാനാർത്ഥി മത്സരിക്കുന്നില്ല എന്ന് അപേക്ഷ സമർപ്പിച്ചപ്പോൾ മറ്റൊരു മത്സരാർഥിയെ മത്സരിപ്പിക്കാൻ അനുവദിക്കുക മാത്രമാണ് ചെയ്തതെന്നു പ്രതിഭാഗം വാദിച്ചു. വ്യാജരേഖ ചമച്ചു എന്നത് രാഷ്ട്രീയ ആരോപണം മാത്രമാണ്. അങ്ങനെ ഒരു കാര്യം നടന്നെങ്കിൽ തിരഞ്ഞെടുപ്പ് അധികാരി പരാതി നൽകുമായിരുന്നെന്നും പ്രതിഭാഗം വാദിച്ചു.