ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് കൊണ്ടുവരുന്ന ഗോതമ്പ് വീണ്ടും കയറ്റുമതി ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തി യുഎഇ ധനകാര്യ മന്ത്രാലയം. നാല് മാസത്തെക്ക് ആണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.ഫ്രീസോണുകളില്‍ നിന്ന് നടത്തുന്ന എല്ലാ കയറ്റുമതികള്‍ക്കും ഈ നടപടി ബാധകമാകും.ഇന്ത്യയില്‍ നിന്നുള്ള എല്ലാത്തരം ഗോതമ്പ് ഉത്പന്നങ്ങള്‍ക്കും വിലക്ക് ബാധകമാണെന്ന് അറിയിച്ചിട്ടുണ്ട്. ഗോതമ്പ് ലഭ്യതയില്‍ കുറവുണ്ടാവാന്‍ കാരണമായ അന്താരാഷ്ട്ര സാഹചര്യങ്ങള്‍ പരിഗണിച്ചും ഇന്ത്യയുമായി യുഎഇക്ക് ഉള്ള ശക്തവും തന്ത്രപ്രധാനവുമായി വാണിജ്യ ബന്ധത്തെ വിലമതിച്ചുകൊണ്ടുമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് യുഎഇ ധനകാര്യ മന്ത്രാലയം അറിയിച്ചു.മെയ് 13-ന് മുമ്പ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്ത ഇന്ത്യന്‍ ഗോതമ്പ്, ഗോതമ്പ് മാവ് ഇനങ്ങള്‍ കയറ്റുമതി/പുനര്‍ കയറ്റുമതി ചെയ്യാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍, കയറ്റുമതി ചെയ്യാനുള്ള അനുമതി ലഭിക്കുന്നതിന് മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിക്കണമെന്നും അധികൃതര്‍ അറിയിച്ചു.അതേസമയം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഗോതമ്പ് പ്രത്യേക അനുമതി വാങ്ങി കയറ്റുമതി ചെയ്യാം.