റാപ്പ് ഗായകന്‍ വേടന്റെ മീടൂ ആരോപണ കേസില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. മൂന്നാം ലോകത്തെ ലൈംഗിക ദാരിദ്ര്യം ഇനിയും വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലാത്ത ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
മൂന്നാം ലോക രാജ്യങ്ങളിലെ ലൈംഗീക ദാരിദ്ര്യം ഇനിയും വേണ്ടത്ര രീതിയിൽ ചർച്ച ചെയ്യപ്പെട്ടിട്ടില്ല..അതുകൊണ്ടാണ് ലൈഗിക സ്വാതന്ത്ര്യമുള്ള തണുപ്പുള്ള ഒരു രാഷ്ട്രത്തിലെ മീ..ടൂ…സ്വാതന്ത്ര്യത്തിൻ്റെ ഉറക്കെയുള്ള പ്രഖ്യാപനമായി മാറുമ്പോൾ Sexൻ്റെ പട്ടിണിയുള്ള ഒരു ഉഷ്ണ രാജ്യത്തെ മീ..ടൂ..ഇര വേട്ടക്കാരനെ ഉണ്ടാക്കുന്ന സ്വാതന്ത്ര്യ ലംഘനവും ,കള്ളനെ ആൾ കൂട്ടം തല്ലി കൊല്ലുന്ന സദാചാരവും ആയി മാറുന്നത്.. ഭക്ഷണം മോഷ്ടിച്ചതിൻ്റെ പേരിൽ നമ്മൾ തല്ലി കൊന്ന മധുവും കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന വേടനും പട്ടിണിയുടെ ഇരകളാണ്…വേട്ടക്കാരൻ സവർണ്ണനാണെങ്കിൽ ഇവിടെ ഇപ്പോഴും ധാരാളം ഇളവുകൾ ഉണ്ട് എന്നത് മറ്റൊരു സത്യം…വേടൻ്റെയും വൈരമുത്തുവിൻ്റെയും വ്യക്തി സ്വഭാവം നിങ്ങൾ നിയമപരമായി നേരിടുക..പക്ഷെ അവരുടെ പാട്ടുകൾ ഞങ്ങൾ കേട്ടുകൊണ്ടേയിരിക്കും…കുട്ടികൾ ഇല്ലാത്തതിൻ്റെ പേരിൽ ആദ്യ ഭാര്യയെ നിലനിർത്തി രണ്ടാം കല്യാണം കഴിച്ച പുരോഗമനവാദിയായ വയലാറിൻ്റെ പാട്ട് കേൾക്കുന്നതുപോലെ
സംവിധായകന്‍ മുഹ്‌സിന്‍ പരാരിയുടെ ഫ്രം എ നേറ്റീവ് ഡോട്ടര്‍ ആല്‍ബവുമായി പ്രവര്‍ത്തിച്ചുവരവെയായിരുന്നു വേടനെതിരെ മീടൂ ആരോപണമുയര്‍ന്നത്. സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞുകൊണ്ട് വേടന്‍ തന്നെ രംഗത്തെത്തുകയും ചെയ്തു.
‘എന്റെ നേര്‍ക്കുള്ള നിങ്ങളുടെ എല്ലാ വിമര്‍ശനങ്ങളും ഞാന്‍ താഴ്മയോടെ ഉള്‍ക്കൊള്ളുകയും നിലവില്‍ ഉന്നയിക്കപ്പെട്ട എല്ലാ വിഷയങ്ങളിലും നിര്‍വ്യാജമായി മാപ്പ് പറയുകയും ചെയ്യുന്നു,’ എന്നായിരുന്നു വേടന്‍ ഇന്‍സ്റ്റഗ്രാമിലെഴുതിയിരുന്നത്.

