കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പശ്ചിമ ബംഗാളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍. നാളെ മുതല്‍ ഈ മാസം 30 വരെയാണ് അടച്ചിടല്‍. വെള്ളിയാഴ്ച ബംഗാളില്‍ 20,846 പുതിയ കോവിഡ് -19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 10,94,802 ആയി. 136 മരണങ്ങളാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഇതുള്‍പ്പെടെ ബംഗാളില്‍ മരിച്ചവരുടെ എണ്ണം 12,993 ആയി ഉയര്‍ന്നു.
പാന്‍ഡെമിക് സാഹചര്യം കാരണം എല്ലാ സ്വകാര്യ, സര്‍ക്കാര്‍ ഓഫീസുകളും അടച്ചിട്ടിരിക്കുമെന്നും അവ അടിയന്തിര സാഹചര്യങ്ങളില്‍ മാത്രമേ പ്രവര്‍ത്തിക്കൂ എന്നും പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായ പറഞ്ഞു.
സ്‌കൂളുകള്‍, കോളേജുകള്‍, ഫെറി സര്‍വീസുകള്‍, ജിമ്മുകള്‍, സിനിമാ ഹാളുകള്‍, സലൂണുകള്‍, നീന്തല്‍ക്കുളങ്ങള്‍, ലോക്കല്‍ ട്രെയിനുകള്‍, മെട്രോ, അന്തര്‍ സംസ്ഥാന ബസ്, ട്രെയിന്‍ സര്‍വീസുകളും അടച്ചിടുമെന്ന് ബന്ദോപാധ്യായ പറഞ്ഞു.
അവശ്യവസ്തുക്കള്‍, പച്ചക്കറികള്‍, പഴങ്ങള്‍, പാല്‍, റൊട്ടി തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതല്‍ രാവിലെ 10 വരെ മാത്രം തുറന്നിരിക്കും. എല്ലാ രാഷ്ട്രീയ, സാംസ്‌കാരിക, സമ്മേളനങ്ങളും മെയ് 30 വരെ അനുവദിക്കില്ല.
അവശ്യകാര്യങ്ങള്‍ക്കായി പൊതുജനങ്ങളുടെ യാത്രകള്‍ ഒഴികെ രാത്രി 9 മുതല്‍ പുലര്‍ച്ചെ 5 വരെ എല്ലാ പ്രവര്‍ത്തനങ്ങളും നിരോധിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പശ്ചിമ ബംഗാളിലെ ബാങ്കുകള്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 2 വരെ പരിമിതമായ ഉദ്യോഗസ്ഥരുമായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കും.
വിവാഹത്തില്‍ പങ്കെടുക്കാന്‍ 50 പേര്‍ക്കും ശവസംസ്‌കാര ചടങ്ങുകളില്‍ 20 പേര്‍ക്കും മാത്രമേ അനുമതിയുള്ളൂവെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു
സ്വകാര്യ വാഹനങ്ങള്‍, ടാക്‌സികള്‍, ബസുകള്‍, മെട്രോ റെയില്‍, സബര്‍ബന്‍ തീവണ്ടികള്‍എന്നിവയ്ക്കും നിയന്ത്രണമുണ്ട്. പെട്രോള്‍ പമ്പുകള്‍ തുറക്കും. അവശ്യ സര്‍വീസുകളായ വെള്ളം, മരുന്ന്, ഇലക്ട്രിസിറ്റി, അഗ്നിശമന സേന, ക്രമസമാധാന പാലനം, പാല്‍, മാധ്യമങ്ങള്‍ എന്നിവയ്ക്കു പ്രവര്‍ത്തനാനുമതി നല്‍കി.
ഇ കൊമേഴ്‌സ്, ഹോം ഡെലിവറി എന്നിവയ്ക്ക് അനുമതിയുണ്ടെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.