മുൻ ഇന്ത്യൻ പ്രധാന മന്ത്രിമാരുടെ ഓർമ്മകളുമായി നിർമിച്ച പ്രധാനമന്ത്രി സന്‍ഗ്രാലയ മ്യൂസിയം പ്രധാന മന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. സ്വതന്ത്ര ഇന്ത്യയിൽ തെരെഞ്ഞെടുക്കപ്പെട്ട എല്ലാ പ്രധാന മന്ത്രിമാരും രാഷ്ട്രത്തിന്റെ വളർച്ചക്കായി സംഭാവന ചെയ്തിട്ടുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
അംബേദ്‌കർ ജയന്തിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ചൗധരി ചരണ്‍ സിംഗ് , പി വി നരസിംഹ റാവു, അടല്‍ ബിഹാരി വാജ്‌പേയ്, മൊറാര്‍ജി ദേശായി, ലാല്‍ ബഹദൂര്‍ ശാസ്ത്രി എന്നീ പ്രധാനമന്ത്രിമാരുടെ കുടുംബാംഗങ്ങള്‍ പങ്കെടുത്തു അതെ സമയം നെഹ്‌റു കുടുംബം ചടങ്ങിൽ നിന്ന് വിട്ട് നിന്നു .
‘പ്രധാനമന്ത്രി സന്‍ഗ്രാലയ 14 പ്രധാനമന്ത്രിമാര്‍ക്കായി സമര്‍പ്പിക്കന്നു, അവരുടെ മരിക്കാത്ത ഓര്‍മ്മയാണിത്. ഇന്ത്യന്‍ ഭരണഘടനയ്ക്ക് അനുസൃതമായ രാജ്യത്തിന്റെ യശ്ശസിനായി പ്രയത്‌നിച്ച അവര്‍ ഇന്ത്യയുടെ അഭിമാനമാണ്. സാധാരണക്കാരുടെ ഇടയില്‍ നിന്ന് വളര്‍ന്നു വന്നവരാണ് അവര്‍’ മോദി പറഞ്ഞു. ഇന്ത്യന്‍ പ്രധാമന്ത്രിമാരുടെ ചരിത്രം വളര്‍ന്നുവരുന്ന യുവതലമുറയ്ക്ക് പ്രചോദനമാകുമെന്നും രാഷ്ട്രീയമായ എതിര്‍പ്പുകളെ മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യയ്ക്ക് മഹത്തായ പാരമ്പര്യമുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. 1975 ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ ഇന്ത്യന്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തിയതില്‍ ബിജെപിക്ക് എതിര്‍പ്പുണ്ടായതായും മോദി പറഞ്ഞു.
. 15,600 ചതുരശ്ര മീറ്ററില്‍ ഒരുക്കിയ മ്യൂസിയത്തിന് 43 ഗാലറികളാണുള്ളത്. സ്വാതന്ത്ര്യ സമരചരിത്രത്തിന്റെ മുദ്രകളും ഇന്ത്യന്‍ ഭരണഘടനയുടെ രൂപകല്‍പ്പനയും പ്രധാന ആകര്‍ഷണങ്ങളാണ്. രണ്ട് ബ്ലോക്കുകളായാണ് മ്യൂസിയത്തിന്റെ രൂപകല്‍പ്പന. തീന്‍ മൂര്‍ത്തി ഭവന്‍ എന്നറിയപ്പെടുന്ന നെഹറു സ്മാരക മന്ദിരവും വായനശാലയും പുതിയ മ്യൂസിയത്തിന്റെ ഭാഗമായ് മാറി.
ഹോളോഗ്രാം, വെര്‍ച്ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, മള്‍ട്ടി മീഡിയ, ഇന്ററാക്ടീവ് കിയോക്ക്‌സീസ്, കമ്പ്യൂട്ടറയ്‌സ്ഡ് കൈനെറ്റിക്ക് സ്‌കള്‍പ്ച്ചര്‍, ഇന്ററാക്ടീവ് സ്‌ക്രീന്‍ എന്നിങ്ങനെ അത്യാധുനിക സൗകര്യങ്ങളോടെയാണ് മ്യൂസിയം നിര്‍മ്മിച്ചിരിക്കുന്നത്.100 രൂപയാണ് ഓണ്‍ലൈന്‍ ടിക്കറ്റ് നിരക്ക് .110 രൂപ നേരിട്ട് ടിക്കറ്റ് എടുക്കുമ്പോള്‍ നല്‍കണം. 5 വയസ്സ് മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് അമ്പത് ശതമാനം ഇളവും ഉണ്ട്. വിദേശ സഞ്ചാരികളില്‍ നിന്ന് 750 രൂപയാണ് ഈടാക്കുന്നത്.