
ഉത്തർപ്രദേശിലെ മഹോബയിൽ ലിവിങ് ടുഗദർ റിലേഷൻഷിപ്പിനിടെ നൽകിയ സ്വർണവും പണവും തിരികെ ചോദിച്ചതിന് യുവാവിനെ യുവതിയും കൂട്ടാളികളും ചേർന്ന് മർദിച്ച് ബലംപ്രയോഗിച്ച് വിഷം കുടിപ്പിച്ചെന്ന് പരാതി. ഉത്തർപ്രദേശിലെ മഹോബയിലെ ഒരു സ്വകാര്യ കമ്പനിയിൽ മെഡിക്കൽ റെപ്രസന്റേറ്റീവായി ജോലി ചെയ്യുന്ന ഹാമിർപൂർ സ്വദേശിയായ ശൈലേന്ദ്ര ഗുപ്തയാണ് കഴിഞ്ഞദിവസം ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ യുവതിയും കൂട്ടാളികളും ഒളിവിലും യുവാവ് ആശുപത്രിയിൽ ചികിത്സയിലുമാണ്.നാല് വർഷം മുമ്പാണ് കാലിപഹാരി സ്വദേശിനിയായ യുവതിയുമായി യുവാവ് പരിചയത്തിലാവുന്നത്. പിന്നീട് ഇരുവരും തമ്മിൽ പ്രണയത്തിലാവുകയും ഒരുമിച്ച് താമസിക്കാൻ തീരുമാനിക്കുകയുമായിരുന്നു. ലിവിങ് ടുഗദർ ബന്ധത്തിനിടെ ശൈലേന്ദ്ര പെൺസുഹൃത്തിന് വിലയേറിയ ആഭരണങ്ങളും നാല് ലക്ഷം രൂപയും നൽകിയിരുന്നു. കാലക്രമേണ, യുവതി ശൈലേന്ദ്രയുമായി അകലുകയും മറ്റൊരാളുമായി സൗഹൃദത്തിലാവുകയും ഇതോടെ ഇരുവരും പിരിയുകയും ചെയ്തു.താൻ നൽകിയ പണവും ആഭരണങ്ങളും യുവാവ് തിരികെ ചോദിച്ചതോടെ ഇരുവരും തമ്മിൽ തർക്കമാരംഭിച്ചു. സംഭവദിവസം ശൈലേന്ദ്ര യുവതി താമസിക്കുന്ന അപ്പാർട്ട്മെന്റിലെത്തുകയും സാധനങ്ങൾ തിരികെ നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമായി. പിന്നാലെ, യുവതിയും കൂട്ടാളികളായ ശദാബ് ബേഗ്, ദീപക്, ഹാപ്പി എന്നിവരും ചേർന്ന് യുവാവിനെ മർദിക്കുകയായിരുന്നു.മർദിച്ച് അവശനാക്കിയ ശേഷം യുവാവിനെ ഇവർ നിർബന്ധിച്ച് വിഷം കുടിപ്പിക്കുകയും ചെയ്തു. വിഷം ഉള്ളിൽചെന്ന് ഗുരുതരാവസ്ഥയിലായ യുവാവിനെ കെട്ടിടത്തിന് പുറത്ത് ഉപേക്ഷിച്ച് പ്രതികൾ സ്ഥലംവിട്ടു. വഴിയരികിൽ കിടന്ന യുവാവിനെ നാട്ടുകാരിൽ ചിലർ ജില്ലാ ആശുപത്രിയിലെത്തിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.