
കളമശേരി പോളിടെക്നിക്കില്‍ രണ്ടു കിലോ കഞ്ചാവുമായി എസ്.എഫ്.ഐ നേതാവിനെയാണ് അറസ്റ്റു ചെയ്തത്. അറസ്റ്റിലായത് എസ്.എഫ്.ഐ നേതാവാണെന്ന് മന്ത്രിമാരായ രാജീവും മുഹമ്മദ് റിയാസും അംഗീകരിച്ചാല്‍ മതി. പ്രിന്‍സിപ്പല്‍ നല്കിയ പരാതിയിലാണ് പൊലീസ് നടപടിയുണ്ടായത്. ഈ വിഷയവുമായി ബന്ധപ്പെട്ട ഞങ്ങളുടെ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ എത്രയോ തവണ അവിടെ പോയി സംസാരിച്ചിട്ടുണ്ട്. എസ്.എഫ്.ഐ നേതൃത്വത്തിലാണ് കഞ്ചാവ് കച്ചവടം നത്തിയത്. കടയ്ക്കല്‍ ദേവീക്ഷേത്രത്തില്‍ തിരുവാതിര ഉത്സവത്തോട് അനുബന്ധിച്ച് നടന്ന സംഗീതപരിപാടിയില്‍ വിപ്ലവഗാനം പാടിയ നടപടിയെയും സതീശന് വിമര്‍ശിച്ചു.കടയ്ക്കല്‍ ക്ഷേത്രത്തില്‍ പുഷ്പനെ അറിയാമോ എന്ന ഗാനമേള നടത്തി. എന്നിട്ട് പിന്നിലുള്ള വീഡിയോ വാളില്‍ അരിവാള്‍ ചുറ്റിക നക്ഷത്രവും ഡിവൈഎഫ്ഐയും സിപിഎമ്മുമൊക്കെ തെളിയുന്നു. നാണംകെട്ട പാര്‍ട്ടിയാണിത്. അവിടെ ഒരു സംഘര്‍ഷമുണ്ടാക്കി ബിജെപിക്ക് ഇടം ഉണ്ടാക്കിക്കൊടുക്കുക എന്നതാണോ ഇവരുടെ ലക്ഷ്യം. ഇവനൊന്നും പാട്ട് പാടാന്‍ വേറെ സ്ഥലമില്ലേ? അമ്പലത്തിലെ ഗാനമേളയില്‍ ഭക്തജനങ്ങളോടാണോ പുഷ്പനെ അറിയാമോ എന്ന് ചോദിക്കുന്നത്? ഇവരോടൊക്കെ വേറെ പണി നോക്കാന്‍ പറയണം. ഇവര്‍ ഏത് ലോകത്താണ് ജീവിക്കുന്നത്. അധികാരത്തിന്റെ അഹങ്കാരം തലയ്ക്കു പിടിച്ചതാണ് പ്രശ്നമെന്നും വി.ഡി. സതീശന് ആരോപിച്ചു.
കേരളത്തില്‍ മുഴുവന്‍ ലഹരി മരുന്നാണെന്ന് സര്‍ക്കാരും രണ്ടു മന്ത്രിമാരും അറിയുന്നത് ഇപ്പോഴാണോയെന്നും സതീശൻ ആരാഞ്ഞു. ഞങ്ങള്‍ നിയമസഭയില്‍ കൊണ്ടു വന്നപ്പോഴും മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയപ്പോഴുമാണോ അവര്‍ അറിയുന്നത്? 2022-ല്‍ ഈ വിഷയം നിയമസഭയില്‍ അവതരിപ്പിച്ച പ്രതിപക്ഷം സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കിയതാണ്. എന്നിട്ട് രണ്ടു വര്‍ഷവും സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. അഞ്ചും ആറും ഗ്രാമുമായി വരുന്നവനെയും പിടിച്ച് നടക്കുകയായിരുന്നു. മാഫിയകളുടെ നെറ്റ്വര്‍ക്കിന്റെ ഭാഗമായാണ് എസ്എഫ്ഐ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് അവരെ കുറ്റപ്പെടുത്തുന്നത്. അതില്‍ മന്ത്രിമാര്‍ക്ക് എന്താണ് ഇത്ര വിഷമം? അവര്‍ കുറ്റവാളികളാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി തന്നെ പറഞ്ഞല്ലോയെന്നും അദ്ദേഹം ചോദിച്ചു.കൈരളി ടിവി പറഞ്ഞാല്‍ കെ.എസ്.യുക്കാരന് പ്രതിയാകില്ല. ലഹരി മാഫിയകള്‍ക്ക് രാഷ്ട്രീയ രക്ഷകര്‍തൃത്വം ഉണ്ടെന്ന് പ്രതിപക്ഷം നേരത്തെ തന്നെ ആരോപിച്ചതാണ്. അതുകൊണ്ടു തന്നെ പ്രതിപക്ഷം അതിനെ രാഷ്ട്രീയവത്ക്കരിക്കും. പ്രതിപക്ഷത്തിന് രാഷ്ട്രീയ രക്ഷകര്‍തൃത്വം നല്‍കാനാകില്ല. അത് നല്‍കുന്നത് അധികാരത്തില്‍ ഇരിക്കുന്നവരാണ്. എസ്എഫ്ഐ യൂണിയന് ജനറല്‍ സെക്രട്ടറി പിടിയിലാകുമ്പോള്‍ ഞങ്ങള്‍ മിണ്ടാതിരിക്കണോയെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.