ഗാസയിൽ ഭക്ഷ്യ സഹായത്തിനായി കാത്തുനിൽക്കുന്നതിനിടെ ഉണ്ടായ ഷെല്ലാക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു. ഇന്നലെ നടന്ന ആക്രമണത്തിൽ 155 പേർക്ക് പരിക്കേറ്റതായും പലസ്‌തീൻ എൻക്ലേവിലെ ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് സിഎൻഎൻ അറിയിച്ചു. പരിക്കേറ്റവരെ ഇപ്പോഴും ആശുപത്രിയിലേക്ക് മാറ്റുന്നതിനാൽ മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് അൽ ഷിഫ ആശുപത്രി ജീവനക്കാർ നൽകുന്ന വിവരം.ഷെൽ ആക്രമണത്തിൽ ധാരാളം പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സംഭവസ്ഥലത്തെ ദൃക്‌സാക്ഷികൾ പറയുന്നത്. കൂടാതെ സംഭവസ്ഥലത്ത് 10000 ൽ അധികം പേരുടെ മൃതദേഹങ്ങൾ കിടക്കുന്നതായി തോന്നിപ്പിക്കുന്ന വീഡിയോകൾ ലഭിച്ചതായും സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.’ഗാസയിലെ കുവൈറ്റ് റൗണ്ട് എബൗട്ടിൽ മനുഷ്യത്വപരമായ സഹായത്തിനായി കാത്തിരിക്കുന്ന ഒരു കൂട്ടം ജനങ്ങളെ ഇസ്രയേൽ അധിനിവേശ സേന ലക്ഷ്യമിടുന്നതിൻ്റെ ഫലമാണ് ഈ ആക്രമണം’ -എന്നാണ് സംഭവത്തിൽ പലസ്‌തീൻ ആരോഗ്യ മന്ത്രാലയം പ്രതികരിച്ചത്. ദൃക്‌സാക്ഷികൾ പറയുന്നത് പീരങ്കിയുടേത് പോലുള്ള ശബ്‌ദം പ്രദേശത്തു പ്രഹരിച്ചിരുന്നു എന്നാണ്.വടക്കൻ ഗാസയിൽ പട്ടിണി കാരണം ദുരിതാശ്വാസ സഹായങ്ങളും പ്രതീക്ഷിച്ചിരുന്ന നിസഹായരായ ജങ്ങളെ കൊള്ളുന്ന നയമാണ് ഇസ്രയേൽ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നതെന്ന് ഗാസ സിവിൽ ഡിഫൻസ് വക്താവ് മഹമൂദ് ബാസൽ കുറ്റപ്പെടുത്തി. അതിനിടെ ഗാസയിലേക്ക് ആദ്യമായി മാനുഷിക സഹായം കടൽ വഴി എത്തുമെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. സൈപ്രസിലെ ലാർനാക്ക തുറമുഖത്ത് നിന്ന് യുഎഇയുടെ ധനസഹായത്തോടെ @WCKitchen-ൽ നിന്ന് സഹായവുമായി ഒരു കപ്പൽ ചൊവ്വാഴ്‌ച പുറപ്പെട്ടിട്ടുണ്ടെന്ന് ഇസ്രയേൽ പ്രതിരോധ സേന എക്‌സിൽ കുറിച്ചു.