കോവിഡ് വ്യാപനം ചൈനയില്‍ രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകള്‍. പുറത്തുവരുന്ന കണക്കുകൾ പ്രകാരം ചൈനയിലുടനീളം ഏകദേശം മൂന്നുകോടി ജനങ്ങള്‍ ലോക്ഡൗണിലാണ്.
ചൊവ്വാഴ്ച ചൈനയില്‍ 5,280 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ ഇരട്ടിയിയാണിത് .ഗ്രാമ, നഗര മേഖലകളിൽ ഒരു പോലെ വൈറസ് പടർന്നതോടെ നിയന്ത്രണങ്ങൾ വീണ്ടും ശക്തമാക്കും. ഷാങ്ഹായ് പ്രവിശ്യയിലെ സ്കൂളുകൾ അടച്ചു പൂട്ടി.
രാജ്യവ്യാപകമായി കുറഞ്ഞത് 13 നഗരങ്ങളെങ്കിലും ചൊവ്വാഴ്ച പൂര്‍ണ്ണമായും ലോക്ഡൗണിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മറ്റ് പല നഗരങ്ങളിലും ഭാഗിക ലോക്ക്ഡൗണ്‍ തുടരുകയാണ്. കടുത്ത നിയന്ത്രണമുള്ള നഗരങ്ങളില്‍ പൊതുഗതാഗതം പൂര്‍ണമായും തടഞ്ഞിട്ടുണ്ട്. ജനങ്ങളോട് മൂന്നുവട്ടം കോവിഡ് പരിശോധന നടത്താനും അധികൃതര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
ചൊവ്വാഴ്ച രാവിലെ ബീജിങ്ങിലെയും ഷാങ്ഹായിലെയും വിമാനത്താവളങ്ങളിലെ നിരവധി ആഭ്യന്തര വിമാനങ്ങള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. പരിശോധനയിലും ലോക്ഡൗണുകളിലും ഇളവ് നല്‍കുന്നത് തല്‍ക്കാലം അസാധ്യമാണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയ 2019 മുതല്‍ ലോക്ഡൗണ്‍, യാത്രാനിയന്ത്രണങ്ങള്‍, വ്യാപകമായ പരിശോധനകള്‍ തുടങ്ങി കര്‍ശനമായ നിയന്ത്രണങ്ങളാണ് ചൈന ഏര്‍പ്പെടുത്തിയിരുന്നത്.വൻ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും വർക്ക് ഫ്രം ഹോമിലേക്ക് മാറാൻ ചൈനീസ് ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങളാണ് രാജ്യത്ത് കൂടുതലായി പടരുന്നത്. ഒമിക്രോണിന്‍റെ അതി വ്യാപന ശേഷിയാണ് വലിയ ആശങ്ക. പരിശോധനയും നിയന്ത്രണവും ശക്തമാക്കി പുതിയ വ്യാപനത്തെ പ്രതിരോധിക്കാനാണ് ചൈനയുടെ നീക്കം
#BREAKING China reports record 5,280 new Covid cases pic.twitter.com/Y8ShP2TdTB
— AFP News Agency (@AFP) March 15, 2022

