ശ്രുതി ശരണ്യം സംവിധാനം ചെയ്യുന്ന ‘ബി 32 മുതൽ 44 വരെ’ എന്ന ഫീച്ചർ സിനിമയുടെ സ്വിച്ച് ഓൺകാക്കനാട് നോവോട്ടെൽ ഹോട്ടലിൽ വച്ച് നടക്കുമെന്ന് സംവിധായിക ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ചിത്രത്തിന്റെ ടെെറ്റിൽ ലോഞ്ച് ഇന്നലെ നടന്നിരുന്നു. .
സിനിമയുടെ ചിത്രീകരണ വേളയിൽ അംഗങ്ങൾക്ക് പരാതികൾ രേഖപ്പെടുത്തുന്നതിനും പരിഹരിക്കുന്നതിനുമായി ഡയറക്ഷൻ സംഘത്തിന്റെ നേതൃത്വത്തിൽ ഇൻ്റേണൽ കംപ്ലെയ്ൻ്റ്സ് കമ്മിറ്റി (IC) രൂപപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ‘സസ്റ്റെയ്നെബിൾ സിനിമാ’ എന്ന ആശയം പ്രാവർത്തികമാക്കിക്കൊണ്ടാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചിത്രീകരണത്തിന്റെ ഭാഗമായി ആർട്ട്, കോസ്റ്റ്യൂം, ക്യാമറ, ഭക്ഷണം തുടങ്ങി എല്ലാ വിഭാഗങ്ങളിലെയും മാലിന്യങ്ങൾ പരിമിതപ്പെടുത്തുവാൻ ജൈവ – റീസൈക്കബിൾ ഉത്പന്നങ്ങൾ ചിത്രീകരണ വേളയിൽ ഉപയോഗപ്പെടുത്തുമെന്നാണ് സംവിധായിക പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.
ശ്രുതി ശരണ്യത്തിന്റെ പോസ്റ്റ്:
‘അങ്ങിനെ വലിയൊരു സ്വപ്നത്തിലേക്കുള്ള യാത്ര തുടങ്ങുകയാണ് നാളെ. “ബി”യുടെ ടൈറ്റിൽ ലോഞ്ചായിരുന്നു ഇന്ന്. നാളെ കാക്കനാട് നോവോട്ടെലിൽ വച്ച് നടക്കുന്ന സ്വിച്ച് ഓൺ ചടങ്ങോടെ ചിത്രീകരണം ആരംഭിക്കും. ഒപ്പം അഭിമാനത്തോടെ പറയട്ടെ, സസ്റ്റെയ്നെബിൾ സിനേമാ എന്ന ആശയം പ്രാവർത്തികമാക്കുന്ന വിധം സാധാരണ സിനെമ മൂലമുണ്ടാവുന്ന മാലിന്യങ്ങളെ പരിമിതപ്പെടുത്തിക്കൊണ്ടാണ് പ്രൊഡക്ഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആർട്ട്, കോസ്റ്റ്യൂം, ക്യാമറ, ഭക്ഷണം തുടങ്ങി എല്ലാ വിഭാഗങ്ങളിലെയും മാലിന്യങ്ങൾ പരിമിതപ്പെടുത്താനും കഴിവതും ജൈവ – റീസൈക്ലബിൾ ഉത്പന്നങ്ങൾ ചിത്രീകരണ വേളയിൽ ഉപയോഗപ്പെടുത്താനും “ബി”യുടെ പ്രൊഡക്ഷൻ പ്രത്യേകം ശ്രദ്ധിക്കുന്നതായിരിക്കും. പരാതികൾ രേഖപ്പെടുത്തുന്നതിനും പരിഹരിക്കുന്നതിനുമായി ഡയറക്ഷൻ ടീമിൻ്റെ നേതൃത്വത്തിൽ ഒരു ഇൻ്റേണൽ കംപ്ലെയ്ൻ്റ്സ് കമ്മിറ്റിയും രൂപപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇതിൽ ഭാഗമാകുന്നവർക്കെല്ലാം തുല്യതയും ബഹുമാനവും ഉറപ്പുവരുത്തുന്നതാണ്’.