തിരുവനന്തപുരം: 2019ലെ പ്രളയം മുതൽ വയനാട് ദുരന്തം വരെയുള്ള ദുരന്തമുഖത്തെ എയര്‍ലിഫ്റ്റിങ് രക്ഷാദൗത്യത്തിന് ചെലവായ തുക ഒഴിവാക്കി തരണമെന്ന് കേരളം കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടും. തുക അടിയന്തരമായി തിരിച്ചടയ്ക്കണമെന്ന് കാണിച്ച് കേന്ദ്രം കത്ത് നൽകിയ നടപടി കേരളത്തോടുള്ള കടുത്ത വിവേചനമാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. കേന്ദ്ര നടപടിയെ രാഷ്ട്രീയമായി നേരിടാനാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം, കേന്ദ്രം കനിഞ്ഞില്ലെങ്കിൽ തുക അടക്കാതെ വെറെ വഴിയില്ല. എസ്ഡിആര്എഫിൽ നിന്ന് പണം അടച്ചാൽ പ്രതിസന്ധി രൂക്ഷമാകും. കേന്ദ്രത്തിന്റേത് മര്യാദകേടാണെന്നും തുക ഒഴിവാക്കി നൽകാൻ ആവശ്യപ്പെടുമെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു.തിരിച്ചടയ്ക്കണമെന്ന് വീണ്ടും വീണ്ടും സമ്മര്‍ദം ചെലുത്തിയാൽ എസ്ഡിആര്എഫിൽ നിന്ന് തുക നൽകേണ്ടതിനെക്കുറിച്ച് ആലോചിക്കും. ദുരന്തമുഖത്തെ എയര്‍ ലിഫ്റ്റിന് 132.62 കോടി കേരളത്തോട് ചോദിച്ചത് കടുത്ത വിവേചനമാണ്. തുക ഒഴിവാക്കി നൽകാൻ കേന്ദ്രത്തോട് ആവശ്യപ്പെടും. ദുരന്ത മുഖത്ത് കേന്ദ്രം നൽകുന്ന സേവനങ്ങള്‍ക്കും കേന്ദ്ര ഏജന്‍സികളുടെ സേവനങ്ങള്‍ക്കും കേന്ദ്രം തന്നെ തുക എടുക്കുന്നതാണ് നല്ലത്.അതല്ലാതെ സംസ്ഥാന എസ്ഡിആര്എഫിൽ നിന്ന് എടുത്ത് കേന്ദ്രത്തിന് നൽകാൻ പറയുന്നത് പ്രയോഗികമായി ശരിയായ നടപടിയല്ല. അതാത് സംസ്ഥാനങ്ങളാണ് തുക വഹിക്കേണ്ടതെങ്കിലും അതിന് തുല്യമായ തുക കേന്ദ്രം നൽകേണ്ടതുമാണ്. എന്നാൽ ഈ ഘട്ടത്തിൽ കേരളത്തിന്റെ എസ്ഡിആര്‍എഫ് ഫണ്ട് തന്നെ പല രീതിയിൽ ഉപയോഗിക്കേണ്ടതുള്ളതിനാൽ അതിൽ നിന്ന് ഇത്രയും ഭീമമായ തുക കേന്ദ്രത്തിന് നൽകേണ്ടത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.പ്രളയം മുതൽ വയനാട് ദുരന്തം വരെയുള്ള എയര്‍ലിഫ്റ്റ് സേവനത്തിന് 132.62 കോടി കേരളം തിരിച്ചടക്കണമെന്ന് വ്യക്തമാക്കി സംസ്ഥാന ചീഫ് സെക്രട്ടറിയ്യാണ് കേന്ദ്ര സര്‍ക്കാര്‍ കത്ത് നൽകിയത്. എത്രയും പെട്ടെന്ന് തുക അടക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് എയര്‍ വൈസ് മാര്‍ഷൽ നൽകിയ കത്ത് പുറത്തു വന്നു.