സമീപകാലത്തായി ലോകമെമ്പാടും സൈബർ കുറ്റകൃത്യങ്ങളിൽ ശ്രദ്ധേയമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ബോധവാന്മാരായിരിക്കണമെന്ന മുന്നറിയിപ്പ് വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ടെങ്കിലും ഓരോ ദിവസവും പറ്റിക്കപ്പെടുന്നത് നിരവധി ആളുകളാണ്. കഴിഞ്ഞ ദിവസം ബംഗളൂരുവിലെ ഹാർലൂർ സ്വദേശിയ്ക്ക് ബൈക്ക് ഓൺലൈനായി വാങ്ങാൻ ശ്രമിക്കുന്നതിനിടയിൽ നഷ്ടമായത് രണ്ട് ലക്ഷം രൂപ. ഇന്ത്യൻ സൈനീകന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാളാണ് യുവാവില്‍ നിന്നും രണ്ട് ലക്ഷം രൂപ തട്ടിയത്.സംഭവത്തെക്കുറിച്ച് പോലീസ് റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെ, ‘രാജശേഖർ എന്ന വ്യക്തിയാണ് തട്ടിപ്പിനിരയായത്. ഇയാൾ ജൂലൈ 26 ന് ഓൺലൈനിൽ കണ്ട ഒരു പരസ്യത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരു സെക്കൻഡ് ഹാൻഡ് ബൈക്ക് വാങ്ങാന്‍ തീരുമാനിച്ചു. ലക്ഷയ് ഖന്ന എന്ന പേരില്‍ സൈനിക ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തിയായിരുന്നു വിൽപ്പനക്കാരൻ. 32,000 രൂപയ്ക്ക് തന്‍റെ ഉടമസ്ഥതയിലുള്ള ബൈക്ക് വില്പനയ്ക്ക് വച്ച പരസ്യം നല്‍കിയതും ലക്ഷയ് ഖന്നയായിരുന്നു. പരസ്യത്തിൽ ആകൃഷ്ടനായ രാജശേഖർ ആ ബൈക്ക് വാങ്ങിക്കാൻ തീരുമാനിച്ചു. അതിനായി ഓൺലൈൻ സൈറ്റിൽ നിന്നും ലഭ്യമായ വാട്സ്ആപ്പ് നമ്പറിലൂടെ വിൽപ്പനക്കാരനായ ലക്ഷയ് ഖന്നയുമായി അദ്ദേഹം ബന്ധപ്പെട്ടു. പരസ്യം തട്ടിപ്പല്ല എന്ന് തന്നെ ബോധ്യപ്പെടുത്തുന്നതിനായി ലക്ഷയ് ഖന്ന അയാളുടെ ആധാർ കാർഡിന്‍റെ ചിത്രം വാട്സപ്പിലൂടെ രാജശേഖറിന് അയച്ചു കൊടുത്തു. ഇതോടെ വില്പന തട്ടിപ്പല്ലെന്ന് രാജശേഖർ വിശ്വസിച്ചു. അങ്ങനെ ആ ഇടപാടുമായി മുന്നോട്ടു പോകാൻ രാജശേഖര്‍ തീരുമാനിച്ചു. ലക്ഷയ് ഖന്ന, പിന്നീട് രാജശേഖറിന് മഞ്ജീത് സിംഗ് എന്ന വ്യക്തിയുടെ കോൺടാക്റ്റ് നമ്പർ നൽകി ഒപ്പം ജൂലൈ 28 ന് ബൈക്ക് കൈമാറുമെന്ന് ഉറപ്പും നല്‍കി. ഇതിനിടയിൽ രാജശേഖറില്‍ നിന്ന് തട്ടിപ്പുകാർ ബൈക്കിന്‍റെ വിലയായ 32000 രൂപയ്ക്ക് പുറമേ ഗതാഗത ചാർജ്ജായി ആദ്യം 1,000 രൂപ വേണമെന്ന് ആവശ്യപ്പെട്ടു. ദേവനഹള്ളി മുതൽ ഹെന്നൂർ വരെയുള്ള ഗതാഗത ചാർജ് എന്ന പേരിൽ ആയിരുന്നു ഈ തുക വാങ്ങിയതെന്ന് ബംഗളൂരു മിറർ റിപ്പോർട്ട് ചെയ്യുന്നു.ഈ പണം രാജശേഖര്‍ കൈമാറിയപ്പോള്‍ ജിഎസ്ടിക്കായി 7,200 രൂപ കൂടി കൈമാറാൻ ആവശ്യപ്പെട്ടു, തുടർന്ന് ഓരോ ആവശ്യങ്ങള്‍ പറഞ്ഞ് രാജശേഖറില്‍ നിന്ന് തട്ടിപ്പുകാര്‍ ₹ 7,000, ₹ 200, ₹ 15,000, ₹ 18,000, ₹ 10,000, ₹ 4,000, ₹ 5,000, ₹ 32,000, ₹ 13,000 എന്നിങ്ങനെയായി പല സമയങ്ങളിലായി തട്ടിയെടുത്തു. ഏതാണ്ട് രണ്ട് ലക്ഷത്തോളം രൂപ ഇത്തരത്തില്‍ പല സമയങ്ങളിലായി തട്ടിപ്പുകാര്‍ ഇയാളില്‍ നിന്നും തട്ടിയെടുത്തു. ലക്ഷയ് ഖന്ന നൽകിയ ക്യൂആർ കോഡ് ഉപയോഗിച്ചാണ് രാജശേഖർ തന്‍റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഇവര്‍ക്ക് പണം അയച്ചു നൽകിയത്. ഒടുവില്‍ കൈയില്‍ നിന്നും പണം നഷ്ടപ്പെടുന്നതല്ലാതെ ബൈക്ക് കിട്ടില്ലെന്ന് മനസിലാക്കിയ രാജശേഖര്‍, ഇരുവര്‍ക്കുമെതിരെ ബെല്ലന്തൂർ പോലീസില്‍ പരാതി നല്‍കി. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇന്ത്യന്‍ സൈനികനാണെന്ന് പരിചയപ്പെടുത്തി പണം തട്ടുന്ന കേസുകള്‍ വര്‍ദ്ധിച്ച് വരികയാണെന്നും പോലീസ് പറയുന്നു.