ഉത്തർപ്രദേശിലെ ലഖിംപൂര്‍ ഖേരി കൊലക്കേസില്‍ മന്ത്രിപുത്രന്‍ ആശിഷ് മിശ്രയെ കുരുക്കിലാക്കി അന്വേഷണസമിതി റിപ്പോര്‍ട്ട്. ആക്രമണം ആസൂത്രിതവും മനപൂര്‍വവുമെന്ന് അന്വേഷണ സംഘം. ആശിഷ് മിശ്ര ടേനിയടക്കം 13 പേര്‍ക്കെതിരെ നിര്‍ണായ കണ്ടെത്തലുകളാണ് അന്വേഷണ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടിലുള്ളത്.
ലഖിംപൂര്‍ സിജെഎം കോടതിയില്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേന്ദ്രമന്ത്രി അജയ് മിശ്ര
ടേനിയുടെ മകനാണ് ആശിഷ് മിശ്ര.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍, നടന്നത് അപകടമാണെന്ന രീതിയില്‍ അന്വേഷണം മുന്നോട്ട് പോയപ്പോള്‍ സുപ്രീം കോടതി ഇടപെടുകയും ശക്തമായ അന്വേഷണം വേണമെന്നാവശ്യപ്പെടുകയുമായിരുന്നു.തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സമിതി സൂക്ഷ്മവും വിശദവുമായ അന്വേഷണത്തിനൊടുവില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
ഉത്തര്‍പ്രദേശിലെ ലഖിംപ്പൂര്‍ഖേരിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റി നാലുകര്‍ഷകരുള്‍പ്പടെ എട്ടുപേര്‍ കൊലചെയ്യപ്പെട്ടിരുന്നു.
ലഖിംപൂര്‍ ഖേരി സംഭവം നടക്കുമ്പോള്‍ താന്‍ അവിടെയില്ലെന്നും തൊട്ടടുത്ത ഗ്രാമത്തില്‍ ആയിരുന്നു തുടങ്ങിയ ആശിഷ് മിശ്രയുടെ വാദങ്ങളെ പാടെ നിഷേധിച്ചാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.റിപ്പോര്‍ട്ടിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്ത് വരാനുണ്ട്.